മാതൃഭൂമി പ്രസിദ്ധീകരിച്ച എം. സുകുമാരന്റെ ‘പാറ’ നോവൽ സി.വി. ബാലകൃഷ്ണൻ കെ.വി. സജയിന് നൽകി പ്രകാശനം ചെയ്യുന്നു. സുഭാഷ് ചന്ദ്രൻ, ഷീജ പൂന്താനത്ത് എന്നിവർ സമീപം.
കോഴിക്കോട്: അഴിമതിയാരോപണം ഉയർന്നതിന്റെപേരിൽ ഒരു പിൻവാങ്ങലോ, ജാള്യമോ, കുറ്റബോധമോ ഒന്നും ഇപ്പോഴത്തെ കമ്യൂണിസ്റ്റ് നേതാക്കൾക്കില്ലെന്ന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ. ഇതാണ് 79-ൽതന്നെ ‘ശേഷക്രിയ’ എന്ന കൃതിയിലൂടെ എം. സുകുമാരൻ പറഞ്ഞുവെക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്‌സ് ക്രിസ്‌മസ്-പുതുവർഷ പുസ്തകോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന എം. സുകുമാരന്റെ നോവൽ ‘പാറ’യുടെ പുതിയപതിപ്പ് കെ.വി. സജയിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ് എം. സുകുമാരൻ ‘ശേഷക്രിയ’ എന്ന നോവലിൽ ചിത്രീകരിച്ചത്. സാധാരണക്കാർ വിശ്വാസമർപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തെ ഹൈജാക്കുചെയ്ത പുതിയ ഒരു നേതൃവൃന്ദം എങ്ങനെ തടിച്ചുചീർക്കുന്നു, അവർ എന്തുമാത്രം അകമേ ജീർണിച്ചവരാണ് എന്നാണ് ‘ശേഷക്രിയ’യിലൂടെ സുകുമാരൻ പറയാൻ ശ്രമിച്ചിട്ടുള്ളത്. അതിന്റെ പേരിലാണ് അദ്ദേഹത്തെ 79-ൽ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റേത് വളരെ കൃത്യമായ വായനയായിരുന്നു.
കേരളത്തിലെ ഒടുവിലത്തെ സംഭവവികാസങ്ങൾ നോക്കിക്കഴിഞ്ഞാൽ സുകുമാരന്റെ വിശകലനം എത്രമാത്രം ശരിയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഉന്നതനിരയിലുള്ള നേതാക്കൾ പരസ്പരം അഴിമതിയാരോപണം നടത്തുകയാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനറുടെ പേരിലാണ് അഴിമതിയാരോപണം ഉയർന്നിരിക്കുന്നത്. അതുപോലെ ഒരു എം.എൽ.എ.യ്ക്കുനേരെ കോടികളുടെ അഴിമതിയാരോപണമുയർത്തിയ ഏരിയാ സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എന്നാൽ, എം.എൽ.എ. ഇപ്പോഴും നേതൃനിരയിൽ തുടരുന്നുണ്ട്, ചടങ്ങുകളിലും സാഹിത്യോത്സവങ്ങളിലും പ്രസംഗിക്കുന്നുമുണ്ട് -സി.വി. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കെ.പി. കേശവമേനോൻ ഹാളിൽനടന്ന ചടങ്ങിൽ സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. കെ.വി. സജയ്, ഷീജ പൂന്താനത്ത് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: c v balakrishnan, writer, book release, m sukumaran, mathrubhumi books, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..