പ്രൊഫ. വർഗീസ് മാത്യു ഭഗവദ്ഗീത കൈയെഴുത്തുപ്രതിയുമായി.
കോഴിക്കോട്: ഭഗവദ്ഗീത പൂര്‍ണമായി പകര്‍ത്തിയെഴുതി കോളേജ് പ്രിന്‍സിപ്പല്‍. എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യുവാണ് അര്‍ജുനവിഷാദയോഗംമുതല്‍ മോക്ഷ സന്ന്യാസയോഗംവരെ 18 അധ്യായങ്ങള്‍ 350 പേജുകളിലായി സ്വന്തംകൈയക്ഷരത്തില്‍ എഴുതിത്തയ്യാറാക്കിയത്. ദേശീയ കൈയെഴുത്ത് ദിനത്തോടനുബന്ധിച്ച് ഇതു പ്രകാശനം ചെയ്യും.
700 സംസ്കൃത ശ്ലോകങ്ങളും അതിന്റെ മലയാളപരിഭാഷയും 25 ദിവസങ്ങള്‍കൊണ്ടാണ് പകര്‍ത്തിയത്. ചെറുപ്പംമുതല്‍ ഭഗവദ്ഗീത പഠിക്കണമെന്ന ആഗ്രഹം പ്രൊഫ. വര്‍ഗീസിനുണ്ടായിരുന്നു. പ്രധാന ക്ഷേത്രങ്ങളുള്ള ആലപ്പുഴ ആറന്മുള കിടങ്ങന്നൂര്‍ ഗ്രാമത്തിലാണ് ജനനം. കീര്‍ത്തനങ്ങള്‍ കേട്ടുവളര്‍ന്ന ബാല്യം. ചിദംബരത്ത് യോഗ പഠിക്കാന്‍പോയപ്പോഴാണ് ഗീതയിലേക്ക് മനസ്സുതുറന്നത്. അങ്ങനെ ഗീത പഠിച്ചു. പല വ്യാഖ്യാനങ്ങളും സ്വന്തമാക്കി.
സകലമേഖലയിലും വര്‍ഗീയത വിളമ്പുന്ന സമകാലീന കേരളത്തില്‍ ഗീതാതത്ത്വങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്ന് പ്രൊഫസര്‍ കരുതുന്നു. എല്ലാ മതത്തില്‍പ്പെട്ടവരും ഇതരമതങ്ങളെ തികഞ്ഞ ആദരവോടെ കാണണം. രാഷ്ട്രപിതാവ് തന്റെ അമ്മയെന്ന് വിശേഷിപ്പിച്ച ഗീത അധര്‍മത്തെ ധര്‍മംകൊണ്ട് ജയിക്കാന്‍ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും വിദ്യകൊണ്ടും വിനയംകൊണ്ടും ആ സമത്വദര്‍ശനത്തിലെത്തണമെന്നും അഞ്ചാം അധ്യയത്തിലെ 18-ാം ശ്ലോകം ഉദ്ധരിച്ച് വര്‍ഗീസ് മാത്യു പറയുന്നു.
പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് എഴുത്തുതുടങ്ങും. തന്റെ പരിശ്രമംമൂലം കോളേജിലെ കാര്യങ്ങള്‍ക്ക് മുടക്കമൊന്നും വരരുതെന്ന് പ്രൊഫസര്‍ക്ക് നിര്‍ബന്ധമുണ്ട്. ഗീത പകര്‍ത്തുന്ന ദിവസങ്ങളില്‍ സസ്യഭക്ഷണമേ കഴിക്കൂ. രണ്ടുദിവസം തിരുവില്വാമല ക്ഷേത്രത്തിലെ പാറപ്പുറത്തിരുന്നായിരുന്നു എഴുത്ത്. ഒരുതെറ്റുപോലും വരരുതെന്ന് നിര്‍ബന്ധം. എഴുതിയത് പലവട്ടം വായിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തും.
1987-ല്‍ കോഴിക്കോട്ടെത്തിയ പ്രൊഫസര്‍ ചാത്തമംഗലം കട്ടാങ്ങലിലാണ് താമസം. മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍നിന്ന് വിരമിച്ച ഫിസിക്സ് അധ്യാപകനാണ്. ഭാര്യ ഡോ. മേരി വര്‍ഗീസ് പ്രൊഫസര്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നു. ജസ്റ്റിസ് പഞ്ചാപകേശനും എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും മറ്റും അനുമോദിച്ചതിന്റെ ത്രില്ലിലാണ് പ്രൊഫസര്‍.
Content Highlights: Handwritten Bhagavad Gita, College Principal, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..