മാധവൻ താൻ രചിച്ച ‘ഇനി ഞാൻ പറയട്ടെ’ എന്ന പുസ്തകവുമായി.
വള്ളിക്കോട്(പത്തനംതിട്ട): കുഞ്ഞുമനസ്സിലെ വലിയ കാര്യങ്ങള്‍. അതില്‍ ഭാവനയും കൗതുകവുമൊക്കെ ചേര്‍ത്ത് അമ്മയോടു പങ്കുവെയ്ക്കുമ്പോള്‍ അറിയാതെ അവനൊരു കവിയായി. പൂവും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ കണ്ടുവളര്‍ന്ന അഞ്ചുവയസ്സുകാരന്റെ ചിന്തകളുടെ അക്ഷരരൂപം ഒടുവില്‍ പുസ്തകരൂപത്തില്‍ പ്രകാശിതമായി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും കേരളത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടികവികളിലൊരാളാണ് ബി. മാധവന്.
പ്രമാടം ഗവ. എല്‍.പി.സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയും, വള്ളിക്കോട് ദേവനന്ദനത്തില്‍ ആര്. ബിജുവിന്റെയും, ബിന്ദു ഗോപിനാഥിന്റെയും മകനാണ് ഈ പ്രതിഭ. കുട്ടിക്കാലം മുതല്‍ അമ്മൂമ്മയും അമ്മയും പറയുന്ന കഥകളും കവിതകളും കേട്ടാണ് മാധവന് വളര്‍ന്നത്. അതുകൊണ്ടുതന്നെ, അതൊക്കെ സ്വന്തമായി മെനഞ്ഞുപറയുന്നതിലും അവന് കൗതുകം കണ്ടെത്തി. ഇപ്പോഴും കഥകള്‍ കേള്‍ക്കാതെ മാധവന് ഉറങ്ങാറില്ലെന്ന് അമ്മ ബിന്ദു പറയുന്നു.
അത്തരത്തില്‍ പലപ്പോഴായി കേട്ട കഥകളില്‍ നിന്നാണ് വാക്കുകളുടെ ശേഖരം മാധവന് കണ്ടെത്തിയത്. ആ കുഞ്ഞുമനസ്സില്‍ തോന്നിയ ഭാവനകളാണ് 'ഇനി ഞാന്‍ പറയട്ടെ' എന്ന പേരില്‍ ഇപ്പോള്‍ കവിതകളാക്കി പ്രസിദ്ധീകരിച്ചത്.
കവിത പകര്‍ത്തിയെഴുതിയത് അമ്മ
കുഞ്ഞുമനസ്സില്‍ രൂപപ്പെട്ട വാക്കുകളുടെ ശേഖരം എഴുതിയെടുത്തത് അമ്മ ബിന്ദുവാണ്. 'നിന്റെ ദുഃഖത്തില്‍ പൊടിയായ് ഞാന്‍ മാഞ്ഞുപോകും' എന്ന വരിയാണ് മാധവന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി ആ കുഞ്ഞുമനസ്സില്‍ തോന്നുന്ന വരികള്‍ അമ്മയോടു പങ്കുവെയ്ക്കും. അങ്ങനെ അമ്മ ആ വരികളോരോന്നും പകര്‍ത്തിയെഴുതി. മാധവന്റെ കവിതകളൊക്കെയും രൂപപ്പെട്ടത് അങ്ങനെയാണ്. എഴുതിയ കവിതകളൊക്കെയും അമ്മ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. ഇതിന് വലിയ പിന്തുണ കിട്ടി. ഇതാണ് പുസ്തകരചനയിലേക്ക് എത്തിച്ചത്.
ഇഷ്ടവിഷയം മഴ
പത്ത് കവിതകളാണ് പുസ്തകത്തിലുള്ളത്. ചുറ്റുപാടുകളില്‍ മാധവന് കണ്ടതും കേട്ടതുമായ കാര്യങ്ങളും അതിലുള്ള നിരീക്ഷണവുമാണ് മാധവന്റെ കവിതകളുടെ വിഷയം. മഴയാണ് മാധവന്റെ ഇഷ്ട വിഷയം. അതുകൊണ്ടാണ് പുസ്തകത്തിലെ രണ്ട് കവിതകളുടെ വിഷയം മഴ ആയത്. നക്ഷത്രങ്ങള്‍, അഗ്നി, മഴയും മിന്നലും തുടങ്ങിയവയെല്ലാം മാധവന്റെ കവിതയിലെ വിഷയങ്ങളാണ്.
എഴുത്തിനൊപ്പം യൂട്യൂബ് ചാനലും ബ്ലോഗിങ്ങുമൊക്കെയായി സജീവമാണ് മാധവന്. കവിതകളുടെ പ്രകാശനം കഴിഞ്ഞദിവസം കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വള്ളിക്കോട്ടെ തപസ്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബാണ് പുസ്തകപ്രകാശനത്തിന് മുന്‍കൈയ്യെടുത്തത്.
Content Highlights: Child poet B Madhavan, Ini njan parayatte book, vallicode, pathanamthitta, kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..