സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകൾക്ക് കുമിളകളുടെ ആയുസ്സുമാത്രമാണെന്നും യഥാർഥ എഴുത്തുകൾ കാലാതിവർത്തിയായി വ്യാപിക്കുമെന്നും ഇന്ത്യൻ ഇംഗ്ളീഷ് എഴുത്തുകാരൻ ചേതൻഭഗത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബാൾറൂമിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നല്ല എഴുത്തുകൾക്ക് സമൂഹത്തെയാകെ മാറ്റാൻ സാധിക്കും. എഴുതാനുപയോഗിക്കുന്ന വാക്കുകൾ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കണം. താൻ ലളിതമായ വാക്കുകളുപയോഗിച്ചാണ് എഴുതി ശീലിച്ചതെന്നും യുവജനങ്ങളുടെ ഇഷ്ട എഴുത്തുകാരൻ വ്യക്തമാക്കി.

ഒരാൾക്ക് എങ്ങിനെയുമെഴുതാം, അതവരുടെ സ്വാതന്ത്ര്യം. നേരെചൊവ്വേ എഴുതി ഫലിപ്പിക്കാം, അവ്യക്തത നിലനിർത്തി എഴുത്തിൽ വളഞ്ഞ വഴിയും സ്വീകരിക്കുന്നവരുമുണ്ട്. തന്റെ രചനകളെല്ലാം വായനക്കാർ സന്തോഷത്തോടെ സ്വീകരിക്കുന്നതിൽ അഭിമാനമുണ്ട്. രാത്രി ഉറക്കമൊഴിച്ചിരുന്ന് എഴുതുന്നതിനോട് യോജിപ്പില്ല. രാത്രി ശരിയായ ഉറക്കവും അതിലൂടെ വിശ്രമവും ആവശ്യമാണ്. എഴുതി തെളിയുന്ന വിദ്യാർഥികളടക്കം ഈ കാര്യം ശ്രദ്ധിക്കണമെന്നും ചേതൻഭഗത് ഓർമിപ്പിച്ചു.

തനിക്ക് ചുറ്റുമുള്ള സാധാരണക്കാരും സമ്പന്നരും പ്രത്യേകതയുള്ള മനുഷ്യരുമെല്ലാം എഴുത്തിന് കാരണമായിട്ടുണ്ട്. അത്തരക്കാരെ നിരന്തരം നിരീക്ഷിക്കുകയും അതിലൂടെ ഒരു കഥ കണ്ടെത്തുകയുമാണ് ചെയ്യാറുള്ളതെന്നും ചേതൻഭഗത് വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. അദ്ദേഹത്തിന്റെ 400 ഡെയ്സ് എന്ന പുതിയ കൃതി വായനക്കാർക്ക് ഒപ്പിട്ടുനൽകിയാണ് മടങ്ങിയത്.

 

Content Highlights: Chetan Bhagat at Sharjah International Book Fair 2021 SIBF, Chetan Bhagat latest book 400 Days