ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത സാഹിത്യ പുരസ്‌കാരമായ നാഷണല്‍ ബുക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫിക്ഷന്‍ വിഭാഗത്തില്‍ യുവ എഴുത്തുകാരനായ ചാള്‍സ് യുവിന്റെ 'ഇന്റീരിയര്‍ ചൈന ടൗണ്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഹോളിവുഡ്, ഏഷ്യന്‍ അമേരിക്കന്‍ വാര്‍പ്പ് മാതൃകകളെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ നോവലാണ് ചാള്‍സ് യുവിന്റെ ഇന്റീരിയര്‍ ചൈനടൗണ്‍. 

മാല്‍കം എക്‌സിന്റെ ജീവചരിത്രമായ 'ദ ഡെഡ് ആര്‍ എറൈസിങ്, ദ ലൈഫ് ഓഫ് മാല്‍കം എക്‌സ്' എന്ന പുസ്തകം രചിച്ച ലെസ് പയ്ന്‍, ടമാര പയ്ന്‍ എന്നിവര്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലും പുരസ്‌കാരത്തിന് അര്‍ഹരായി. ക്രൈം നോവലിസ്റ്റായ വാള്‍ട്ടര്‍ മോസ്‌ലിക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

കവിതയ്ക്കുള്ള പുരസ്‌കാരം ഡോണ്‍ മീചോയ് യുടെ 'ഡിഎംസി കോളനി' എന്ന പുസ്തകത്തിന് ലഭിച്ചു. യു മിറിയുടെ 'ടോക്യോ ഉവേനോ സ്‌റ്റേഷന്‍' എന്ന പുസ്തകം ജപ്പാനീസില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മോര്‍ഗന്‍ ഗില്‍സിനാണ് മികച്ച പരിഭാഷയ്ക്കുള്ള പുരസ്‌കാരം.

കോവിഡ് വ്യാപനം കാരണം ഇത്തവണ ഓണ്‍ലൈനിലൂടെ ആയിരുന്നു നാഷണല്‍ ബുക്ക് അവാര്‍ഡ് പ്രഖ്യാപനം.  10000 അമേരിക്കന്‍ ഡോളറാണ് പുരസ്‌കാരത്തുക. ഒരോ വിഭാഗത്തിലും അന്തിമ പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് 1000 ഡോളര്‍ വീതവും ലഭിക്കും.

Content Highlights: Charles Yu novel, Malcolm X biography win National Book Awards