ഒഞ്ചിയം :എല്ലാ കുട്ടികളെയുംപോലെ എഴുതാനോ സ്‌കൂളില്‍പ്പോയി പഠിക്കാനോ കഴിയില്ല ദേവതീര്‍ഥയ്ക്ക്... അവള്‍ സെറിബ്രല്‍ പാള്‍സി എന്ന രോഗത്തിന്റെ തടവറയിലാണ്. ഒപ്പം അപസ്മാരവും. പക്ഷേ, ഉള്ളിലെ കവിതകള്‍ പുറത്തേക്ക് തികട്ടുമ്പോള്‍ എങ്ങനെ പിടിച്ചുനിര്‍ത്താനാകും! അങ്ങനെ അവള്‍ ഹൃദയംകൊണ്ട് മന്ത്രിച്ച വരികള്‍ അമ്മ സജിന നോട്ട്ബുക്കിലും പത്രത്താളുകളിലും കിട്ടുന്ന തുണ്ടുകടലാസിലുംവരെ കുറിച്ചുവെച്ചു.

അത് 19 കുട്ടിക്കവിതകളുടെ സമാഹാരമായി 'പൂമ്പാറ്റയോട്' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങി. വേദനകള്‍ക്കിടയിലെ പ്രത്യാശയുടെ തെളിച്ചമാണ് ദേവതീര്‍ഥയ്ക്കും മാതാപിതാക്കള്‍ക്കും ഈ കവിതാസമാഹാരം. വടകര ബി.ആര്‍.സി.യുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

തട്ടോളിക്കരയിലെ കളരിക്കുന്നുമ്മല്‍ ഷൈജുവിന്റെയും സജിനയുടെയും മകളാണ് പതിമ്മൂന്നുകാരിയായ ദേവതീര്‍ഥ. സെറിബ്രല്‍ പാള്‍സി ബാധിച്ചതിനാല്‍ കൈകള്‍ എല്ലാവരെയുംപോലെ ചലിപ്പിക്കാന്‍പോലും കഴിയില്ല. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലും ബെംഗളൂരു നിംഹാന്‍സിലും സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടിലുമെല്ലാം ചെറുപ്പംമുതല്‍ ചികിത്സ നടത്തി. ഇതിനിടെ ചുറ്റുപാടുകളിലുള്ള കാഴ്ചകള്‍ കവിതയായി ആലപിക്കുന്ന ദേവതീര്‍ഥയെ ആദ്യമായി തിരിച്ചറിഞ്ഞത് അമ്മ സജിനയാണ്.

മുറ്റത്തെ മാവിലെ മാങ്ങ തിന്നുന്ന അണ്ണാറക്കണ്ണനെയും ആശുപത്രി ജീവിതത്തിനിടെ മുറിയിലേക്ക് ജാലകപ്പഴുതിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങളെയുമൊക്കെ നോക്കി അവള്‍ പാടി. മകള്‍ക്ക് കവിതയോടുളള താത്പര്യം ബി.ആര്‍.സി.യിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ ആയ സൗമ്യയുമായി സജിന പങ്കുവെച്ചു. ദേവതീര്‍ഥ പാടുന്ന വരികള്‍ ശ്രദ്ധിച്ച് അപ്പോള്‍തന്നെ എഴുതിവെക്കാന്‍ സൗമ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് സജിന ഇത് കുറിച്ചുവെച്ചത്. അങ്ങനെ എഴുതിയ കവിതകള്‍ ബി.ആര്‍.സി. അധികൃതരെ കാണിച്ചു.

ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വിനോദ്, ഷൈജു, സൗമ്യ തുടങ്ങിയവര്‍ക്കൊപ്പം കവിയും അധ്യാപകനുമായ ശിവദാസ് പുറമേരിയും കവിതകള്‍ വായിച്ച് 19 എണ്ണം തിരഞ്ഞെടുത്തു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ബൈജു കുറിഞ്ഞാലിയോടും സഹകരിച്ചു. കവിതയ്ക്ക് സംഗീതവും ഈണവും നല്‍കി ഓഡിയോ റിലീസ് ചെയ്യാന്‍ പ്രബീഷ് കൃഷ്ണ കുറ്റ്യാടിയും നേതൃത്വം നല്‍കി.

വരുന്ന ഏപ്രിലില്‍ ദേവതീര്‍ഥയ്ക്ക് ശസ്തക്രിയ നടത്തേണ്ടതുണ്ട്. അച്ഛന്‍ ഷൈജു ഹൃദ്രോഗിയാണ്. മാതാപിതാക്കളും സഹോദരന്‍ ദേവമാനസും ഉള്‍പ്പെടുന്ന കുടുംബം സി.പി.എം. സഹായത്തോടെ നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് താമസം. ഇടയ്ക്ക് അപസ്മാരരോഗം വന്നുവീഴുന്നതിനാല്‍ ദേവതീര്‍ഥ കുറച്ചുദിവസം മാത്രമാണ് തട്ടോളിക്കര യു.പി. സ്‌കൂളില്‍ പോയത്. അന്നൊക്കെ സുനില്‍, ലിബിന്‍ എന്നീ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ കിട്ടി.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദേവതീര്‍ഥ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് കുടുംബവും അധ്യാപകരുമെല്ലാം. അതിന് കവിത കരുത്തേകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

Content Highlights: cerebral palsy affected girl devananda writes poems