കരിവെള്ളൂര്‍: കൊഞ്ഞാറ്, കുളുത്ത് പോലുള്ള നാടന്‍ പദങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കാതിരിക്കുകയും രചനകളില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നത് ഇന്നത്തെ സാഹിത്യകാരന്മാരുടെ ഫാഷനായി മാറിയിരിക്കുകയാണെന്ന് സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി കരിവെള്ളൂര്‍ ഏവണ്‍ ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ യുവകഥാകാരന്മാരുടെ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രചനകളില്‍ കൂടുതല്‍ നാടന്‍ പദങ്ങള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല. ലോകത്തിലെ മുഴുവന്‍ ആളുകള്‍ക്കും വായിക്കുന്നതിന് വേണ്ടിയാണ് സാഹിത്യരചനകള്‍ എന്നതിനാല്‍ രചനകളില്‍ നാട്ടുഭാഷ കുറയ്ക്കുന്നതാണ് അഭികാമ്യമെന്നും എ.വി.സന്തോഷ് കുമാറും ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.
മുപ്പതോളം സാഹിത്യകാരന്മാര്‍ മൂന്നുദിവസത്തെ ക്യാമ്പില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ അന്‍പതോളം യുവസാഹിത്യകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. പത്തോളം പേര്‍ ക്യാമ്പില്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. സമാപനദിവസം കഥയും രൂപവും എന്ന വിഷയത്തില്‍ എന്‍.ശശിധരനും കഥ, കാലം, വിമോചനം എന്ന വിഷയത്തില്‍ പി.സോനയും പ്രഭാഷണം നടത്തി.
കഥയെഴുത്തില്‍ എന്റെ ജീവിതം എന്ന വിഷയത്തില്‍ പ്രകാശന്‍ കരിവെള്ളൂര്‍, ഹരിദാസ് കരിവെള്ളൂര്‍, ജിസാ ജോസ്, എം.കെ.മനോഹരന്‍, ദാമോദരന്‍ കുളപ്പുറം, കെ.ടി.ബാബുരാജ്, കെ.കെ.രമേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പംഗങ്ങള്‍ക്ക് കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍ സാക്ഷ്യപത്രം വിതരണം ചെയ്തു. പി.സി.ഗോപിനാഥന്‍ സ്വാഗതവും എം.എ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
Content Highlights: C. V. Balakrishnan, Malayalam language