പോലീസുകാര്‍ തല്ലിത്തകര്‍ത്ത വായനശാലയും കടന്ന് കാലം കാത്തുവെച്ചതോര്‍ക്കുമ്പോള്‍....


സി. രാധാകൃഷ്ണന്‍

ആ ഭാരിച്ച പുസ്തകം ഞാന്‍ പുഴകടന്ന് ഏറ്റി വീട്ടില്‍ കൊണ്ടുവന്ന് വായിച്ച് ഒരാഴ്ച കൊണ്ട് തിരിച്ചുകൊണ്ടു കൊടുത്തപ്പോള്‍ മാഷ് ചോദിച്ചു: 'നീ ഇത് വായിച്ചോ?'  ഞാന്‍ വായിച്ചു എന്നുറപ്പ് വരുത്താന്‍ പിന്നേയും കുറേ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് എനിക്ക് പുസ്തകങ്ങള്‍ തരുന്നത് അദ്ദേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു പ്രകടനമായി.

സി. രാധാകൃഷ്ണൻ/ ഫോട്ടോ: അജി. വി.കെ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ തന്റെ വായനകളെക്കുറിച്ച് സംസാരിക്കുന്നു.

ന്റെ ജീവിതത്തിലേക്ക് ആദ്യം കടന്നുവരുന്ന വായനശാല ഞങ്ങളുടെ ചമ്രവട്ടം എന്ന ഉള്‍നാട്ടില്‍ അന്നുണ്ടായിരുന്ന കര്‍ഷകസംഘം വായനശാല ആണ്. എന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള ആളുകളായിരുന്നു അതിന്റെ പ്രവര്‍ത്തകര്‍. അവിടെ വെച്ചാണ് ആദ്യമായി വലിപ്പം കൂടിയ പുസ്തകങ്ങള്‍ എന്റെ കണ്ണില്‍പ്പെടുന്നത്. അന്ന് ഏഴ്- എട്ട് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എനിക്ക് ആ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുമായിരുന്നില്ല. കൈകൊണ്ട് തൊടാന്‍ പക്ഷേ കഴിയുമായിരുന്നു. അവയുടെ മണം കേള്‍ക്കാന്‍ കഴിയുമായിരുന്നു. എനിക്ക് വായിക്കാന്‍ പറ്റിയ ചെറിയ പുസ്തകങ്ങള്‍ എടുത്ത് തരാന്‍ അവിടെ ഒരു അധ്യാപകനും ഉണ്ടായിരുന്നു. പക്ഷേ 1948-ലാണെന്ന് തോന്നുന്നു ആ വായനശാല പോലീസുകാര്‍ തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. വായനശാല കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം.

അടുത്തതായി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പൊന്നാനി അച്യുതവാര്യര്‍ ഹൈസ്‌കൂളിലെ വായനശാല ആണ്. വായനശാലയുടെ മുന്നില്‍ ഞാന്‍ വളരെയെറെ നേരം ആകാംക്ഷയോടെ നില്‍ക്കുന്നത് ആ വായനശാലയുടെ അന്നത്തെ നടത്തിപ്പു ചുമതലക്കാരനായിരുന്ന പദ്മനാഭ പണിക്കര്‍ എന്ന അധ്യാപകന്‍ കാണുകയും എന്നെ അടുത്തേക്ക് വിളിക്കുകയും 'നിനക്ക് എന്താണ് വേണ്ടത്' എന്ന് ചോദിക്കുകയുമുണ്ടായി. ഫോര്‍ത്ത് ഫോറത്തില്‍ എത്താത്ത, അതായത് എട്ടാം ക്ലാസിലെത്താത്ത കുട്ടികള്‍ക്ക് അന്ന് അവിടുന്ന് പുസ്തകങ്ങള്‍ കൊടുക്കാറില്ലായിരുന്നു. 'ഞാന്‍ തേര്‍ഡ് ഫോറത്തിലാണ് സാര്‍ എനിക്ക് പുസ്തകങ്ങള്‍ കിട്ടില്ലല്ലോ'. മാഷ് പറഞ്ഞു: 'ആര് പറഞ്ഞു തരില്ലന്ന്? ഞാന്‍ തരാം. നിനക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ എടുത്തോ. അല്ലങ്കില്‍ ഞാനൊരു പുസ്തകം തരാ' എന്നുപറഞ്ഞ് അദ്ദേഹം എനിക്ക് നാലാപ്പാട് നാരായണ മേനോന്‍ തര്‍ജമ ചെയ്ത 'പാവങ്ങള്‍' എടുത്തുതന്നു. ആ ഭാരിച്ച പുസ്തകം ഞാന്‍ പുഴകടന്ന് ഏറ്റി വീട്ടില്‍ കൊണ്ടുവന്ന് വായിച്ച് ഒരാഴ്ച കൊണ്ട് തിരിച്ചുകൊണ്ടു കൊടുത്തപ്പോള്‍ മാഷ് ചോദിച്ചു: 'നീ ഇത് വായിച്ചോ?' ഞാന്‍ വായിച്ചു എന്നുറപ്പ് വരുത്താന്‍ പിന്നേയും കുറേ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് എനിക്ക് പുസ്തകങ്ങള്‍ തരുന്നത് അദ്ദേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു പ്രകടനമായി. പത്താം ക്ലാസ് കഴിയുന്നത് വരെ തുടര്‍ന്നുകൊണ്ടിരുന്നു.

എന്റെ പാഠപുസ്തകങ്ങളല്ലാത്ത വായനയുടെ വലിയൊരു ഭാഗവും അങ്ങനെയാണ് നടന്നത്. അതിന് പുറമെ ഞാന്‍ സ്‌കൂളിലേക്ക് നടന്നുപോകുന്ന വഴിയില്‍ ഈശ്വരമംഗലം എന്ന ഗ്രാമത്തില്‍ ഒരു കസ്തൂര്‍ബ വായനശാല ഉണ്ടായിരുന്നു. കസ്തൂര്‍ബ വായനശാല വൈകുന്നേരങ്ങളില്‍ മാത്രമാണ് തുറന്ന്് പ്രവര്‍ത്തിക്കുക. സ്‌കൂളിലേക്ക് പോകുമ്പോള്‍ വായനശാല പൂട്ടിക്കിടക്കും. വരുമ്പോള്‍ തുറന്നിരിക്കും. അവിടെ കയറിയാല്‍ ഏതാനും പുസ്തങ്ങള്‍ ഉണ്ട് എന്ന് മാത്രമല്ല, ഇടശേരിയുടേയും അക്കിത്തത്തിന്റേയും ഏറ്റവും പുതിയ മലയാള പുസ്തകങ്ങള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവര്‍ സമ്മതിക്കും. പിറ്റേന്നാളോ അതിന്റെ പിറ്റേന്നാളോ തിരികെ കൊണ്ടുകൊടുത്താല്‍ മതി. ചീത്തയാക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയും ഉണ്ടായിരുന്നു. ഇത് ഒരു സര്‍വകലാശാല പോലെ എനിക്ക് ഉപകാരപ്പെട്ടു എന്ന് പറയേണ്ടതുണ്ട്. പിന്ന ജീവിതത്തിലേക്ക് കടന്ന് വന്നത് ഗുരുവായൂരപ്പന്‍ കോളേജിലെ വലിയ ലൈബ്രററിയും അവിടെ വായിക്കുന്ന ആളുകളെ സ്നേഹിക്കുന്ന ഒരു ല്രൈബേറിയനുമായിരുന്നു. അദ്ദേഹം എനിക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ഞാന്‍ പറയാതെ എന്റെ അഭിരുചി അറിഞ്ഞ് തിരഞ്ഞ് പിടിച്ച് എടുത്തുവെക്കുമായിരുന്നു. കുഞ്ഞികൃഷ്ണ മേനോന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരു പ്രമേഹ രോഗിയായിരുന്നു അദ്ദേഹം. അക്കാലത്ത് പ്രമേഹത്തിന് ഇന്‍സുലിന്‍ എന്ന ഒരു മുരുന്നുണ്ടായിരുന്നില്ല എന്നാണ് എന്റെ ഓര്‍മ.

അസുഖത്തിന്റെ ബുദ്ധമുട്ടിനിടയില്‍പോലും അദ്ദേഹം പുസ്തകങ്ങള്‍ തരാനും അത് തിരികെ വാങ്ങാനും ഞാന്‍ അത് വായിച്ചു എന്ന് ഉറപ്പ് വരുത്താനും ശ്രമിക്കുമായിരുന്നു. അദ്ദേഹത്തെ ആദരപൂര്‍വം ഓര്‍ക്കാതെ വയ്യ. പഠിത്തം കഴിഞ്ഞ് പുറത്തുപോയപ്പോള്‍ കൂടുതല്‍ സഹായകരമായത് ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയായിരുന്നു. അവിടെ പോകാതെ തന്നെ അവിടുന്ന് പുസ്തകങ്ങള്‍ വായിക്കുവാന്‍ കഴിയുമായിരുന്നു. അവര്‍ പുതിയ പുസ്തകങ്ങളുടെ കാറ്റലോഗ് എല്ലാ ആഴ്ചയും അയച്ചുതരുമായിരുന്നു. അതില്‍ നമുക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ രേഖപ്പെടുത്തി അവര്‍ക്ക് ഒരു കാര്‍ഡ് എഴുതിയിട്ടാല്‍ ആ പുസ്തകങ്ങള്‍ അവരുടെ ചെലവില്‍ രജിസ്റ്റേഡ് പോസ്റ്റായി അയച്ചുതരും. അത് വായിച്ച് കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ തിരിച്ച് രജിസ്റ്റേഡ്‌പോസ്റ്റായി അയക്കാനുള്ള ചെലവ് മാത്രം ഞാന്‍ വഹിച്ചാല്‍ മതി. അന്ന് അതത്ര വലിയ ഒരു തുകയായിരുന്നില്ല. അതുകൊണ്ട് മാസത്തില്‍ രണ്ട് പുസ്‌കങ്ങള്‍ വീതം എങ്കിലും വായിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. അടുത്തകാലത്തായി ഈവക സൗകര്യങ്ങള്‍ ഒന്നും ലഭ്യമല്ലാത്തതിന് പകരമായുള്ളത് ആകെ കമ്പ്യൂട്ടറിലൂടെയുള്ള ഇന്റര്‍നെറ്റിലെ വായനയാണ്. അത് സാമാന്യം ഭംഗിയായി നടക്കുന്നുമുണ്ട്, ലോകത്തെങ്ങും വ്യാപിച്ച് കിടക്കുന്ന ഈ വലിയ വലയില്‍ പെടാതെ ഒരു മീനും എങ്ങും ഇല്ലല്ലോ.

Content Highlights: C. Radhakrishnan, Library Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented