തൃശ്ശൂര്‍: ഭാവി ഇന്ത്യയ്ക്ക് ഉയരാനെന്താണാവശ്യം എന്ന് തിരിച്ചറിയുന്ന സാധാരണക്കാരന്‍ മാത്രമാണ് താനെന്ന് സി. ഭുവനചന്ദ്രന്‍ പറയും. എന്നാല്‍ ഇദ്ദേഹമെഴുതിയ രണ്ടു പുസ്തകങ്ങള്‍ വായിച്ച് അഭിനന്ദിച്ചവരുടെ പട്ടികയില്‍ ഉപരാഷ്ട്രപതി, രണ്ട് കേന്ദ്രമന്ത്രിമാര്‍, സൈനിക മേധാവി തുടങ്ങിയവര്‍ ഉള്‍പ്പെടും. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ ഏജന്‍സിയായ എന്‍.സി.ഇ.ആര്‍.ടി. അവ റഫറന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തി. നാഷണല്‍ ബുക്ക് ട്രസ്റ്റ് പുസ്‌കങ്ങളുടെ വിശകലനം നടത്തുന്നു.

വിവിധ കമ്പനികളില്‍ സെയില്‍സ്മാനായും മാനേജരായും ജോലി ചെയ്ത ശേഷം തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ ഫ്‌ളാറ്റില്‍ വിശ്രമജീവിതത്തിലാണ് ചേലാട്ട് ഭുവനചന്ദ്രന്‍. കോവിഡ് അടച്ചിടലിലാണ് ' ലിവിങ് ദ വാല്യൂസ്', 'ദ സ്റ്റേറ്റ് ഓഫ് ഇസ്രയേല്‍' എന്നീ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഭുവനചന്ദ്രന്‍ എഴുതിത്തീര്‍ത്തത്.

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളാണ് ആദ്യ പുസ്തകത്തിന്റെ വിഷയം. ചുറ്റും ശത്രുരാജ്യങ്ങളുള്ള ഇസ്രയേല്‍, ആ പ്രതിസന്ധികളെ മറികടന്ന് വികസനക്കുതിപ്പ് നടത്തുന്നതിന്റെ സൂത്രവാക്യങ്ങളാണ് രണ്ടാമത്തേതില്‍.

കമ്പോസിങ്ങും കവര്‍ ഡിസൈനിങ്ങും എല്ലാം സ്വയം. പുസ്തകങ്ങള്‍ കിട്ടാന്‍ പുറംചട്ടയില്‍ ഫോണ്‍ നമ്പരും ഇ-മെയിലും ചേര്‍ത്തു. രണ്ടു പുസ്തകവും 600 കോപ്പി വീതം അച്ചടിച്ചു. അധ്യാപകര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന പരാമര്‍ശവും എന്‍.സി.ഇ.ആര്‍.ടി.യില്‍നിന്ന് ഭുവനചന്ദ്രന് കിട്ടിയ കത്തിലുണ്ട്. പ്രതിരോധസേനകളുടെ അധിപന്‍ ബിപിന്‍ റാവത്തിന് പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ തൃപ്തി രേഖപ്പെടുത്തി മറുപടിക്കത്തയച്ചു.

ഭുവനചന്ദ്രന്‍ എന്ന അറുപത്തെട്ടുകാരന്‍ കേരളവര്‍മ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജോലിക്കായി കോയമ്പത്തൂരിലേക്ക് വണ്ടികയറുകയായിരുന്നു. ബ്രിട്ടീഷ് പെയിന്റ്സില്‍ സെയില്‍സ് ട്രെയിനിയായി ജോലിയില്‍ കയറിയ അദ്ദേഹം സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ എ.ജി.എഫിന്റെ ഗള്‍ഫ് മേഖലയിലെ ജനറല്‍ മാനേജരായാണ് വിരമിച്ചത്. ഭാര്യ നിര്‍മല. അവണൂര്‍ മണിത്തറ ചേലാട്ട് പരേതരായ ലീലാമ്മയുടേയും എം.കെ.കെ. മേനോന്റേയും മകനാണ്.

Content Highlights: C Bhuvanendran Books NCERT Reference Books