തിരുവനന്തപുരം: ഡോ. അച്യുത് ശങ്കര്‍. എസ്. നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സ്വാതി തിരുനാള്‍ എ കമ്പോസര്‍ ബോണ്‍ ടു എ മദര്‍' എന്ന പുസ്തകം എഴുത്തുകാരനും മുന്‍ എം.എല്‍.എയുമായ പിരപ്പന്‍കോട് മുരളി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് തൈക്കാട് ഭാരത്ഭവനില്‍ നടന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായിക ഷബ്‌നം റിയാസ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

ഡോ.അച്യുത് ശങ്കര്‍. എസ്. നായര്‍ അവതരിപ്പിച്ച സ്വാതികൃതികളുടെ സംഗീതാവിഷ്‌കരണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, ചരിത്രകാരന്‍ പ്രതാപന്‍ കിഴക്കേമഠം എന്നിവര്‍ സംസാരിച്ചു. കര്‍ണാടക സംഗീതജ്ഞന്‍ രാമവര്‍മ, ചരിത്രകാരന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കേരള സര്‍വകലാശാല സംഗീത വകുപ്പ് മുന്‍ അധ്യക്ഷ ഡോ. ബി. പുഷ്പ, കേരള സര്‍വകലാശാല സംഗീത വകുപ്പ് അധ്യക്ഷ ഡോ. ബിന്ദു. കെ എന്നിവരുടെ സന്ദേശം വേദിയില്‍ അവതരിപ്പിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ. ആര്‍. ദീപ്തി സ്വാഗതവും ഗ്രന്ഥകാരന്‍ ഡോ. അച്യുത്ശങ്കര്‍. എസ്. നായര്‍ മറുവാക്കും പറഞ്ഞു. 350 രൂപ വിലയുള്ള പുസ്തകം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള പുസ്തകശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു പുസ്തകശാലകളിലും ലഭിക്കും.

Content Highlights: Buy Swathi Thirunal - A Composer Born to a Mother Book release