അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ഐഡഹോയിലെ പബ്ലിക് ലൈബ്രറിയിലാണ് സംഭവം. 38,000 ചതുരശ്രയടിയുള്ള കെട്ടിടത്തിലെ ലൈബ്രറിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ക്ക് പുറമേ ലൈംഗിക ന്യൂനപക്ഷ വിഷയങ്ങള്‍, മനുഷ്യാവകാശം, കുടിയേറ്റം, സ്ത്രീകളുടെ വോട്ടവകാശം തുടങ്ങിയവയെക്കുറിച്ചുള്ള പുസ്തകങ്ങളും കാണാതാകുന്നുണ്ട്.
സാധാരണഗതിയില്‍ ലൈബ്രറി ജീവനക്കാരാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ വായനക്കാരെ സഹായിക്കുന്നത്. കുറച്ചുകാലങ്ങളായി തിരയുമ്പോള്‍ ചില പ്രത്യേക പുസ്തകങ്ങള്‍ ലൈബ്രറിയില്‍ കാണാനില്ല. മറ്റുള്ളവര്‍ ഇവ വായിക്കാതിരിക്കാനായി ആരോ ബോധപൂര്‍വ്വം ഒളിച്ചുവെയ്ക്കുന്നു എന്നാണ് കരുതുന്നത്. അതിനെ സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.
2018 -ലെ വേനല്‍ക്കാലം മുതലാണ് ലൈബ്രറി ജീവനക്കാര്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ഓരോ പുസ്തകവും അവ സാധാരണയായി സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ കാണുന്നില്ല. ഏകദേശം ഇരുപതോളം പുസ്തകങ്ങള്‍ ഇതുവരെ കാണാതായിട്ടുണ്ട്. തൊട്ടുപിന്നാലെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പും ലൈബ്രറി ജീവനക്കാര്‍ക്ക് കിട്ടി.
"പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ലൈബ്രറിയിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. ആ പുസ്തകങ്ങള്‍ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ ഒളിച്ച് വെയ്ക്കുന്നത് ഇനിയും തുടരും. അതുവഴി യുവാക്കളില്‍ അത്തരം പ്രചരണങ്ങള്‍ എത്തുന്നത് തടയും." - എന്നായിരുന്നു കാര്‍ഡില്‍ കുറിച്ചിരുന്നത്.
ആരാണ് ഈ പുസ്തകങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നതെന്ന് കണ്ടെത്താന്‍ ലൈബ്രറി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ലൈബ്രറിയില്‍ ക്യാമറ സ്ഥാപിച്ചെങ്കിലും എല്ലായിപ്പോഴും ഫുട്ടേജുകള്‍ കാണാന്‍ ജീവനക്കാര്‍ക്ക് സമയം ലഭിച്ചിരുന്നില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സംഭവത്തെ കുറിച്ചറിഞ്ഞ് ധാരാളം ആളുകള്‍ ലൈബ്രറിക്ക് പിന്തുണയുമായി എത്തുന്നുണ്ടെന്ന് ഡയറക്ടര്‍ ബെറ്റി അമ്മോണ്‍ പറഞ്ഞു. ആളുകള്‍ പുസ്തകവും പണവും സംഭാവന നല്കാന് തയ്യാറാകുന്നുണ്ട്. ആളുകള്‍ക്ക് അവര്ക്കിഷ്ടമുള്ളതെന്തും വായിക്കാനുള്ള അധികാരമുണ്ട്. അതിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നും അമ്മോണ്‍ വ്യക്തമാക്കുന്നു.
Content Highlights: Books criticizing President Donald Trump keep going missing in a US library