കൊറോണ വൈറസിനെതിരേ ഇന്ത്യ നടത്തിയ പ്രതിരോധങ്ങളെക്കുറിച്ചും ജനതാകര്‍ഫ്യൂമുതല്‍ കോവിഡ്-19 വാക്‌സിന്‍ ഉദ്പാദനം വരെയുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്ത്യയുടെ ആരോഗ്യമേഖലയെ വിശദമായി പ്രതിപാദിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അബന്തികാ ഘോഷ് എഴുതിയ 'ബില്യന്‍സ് അണ്ടര്‍ ലോക്ഡൗണ്‍: ദ ഇന്‍സൈഡ് സ്‌റ്റോറി ഓഫ് ഇന്ത്യാസ് ഫൈറ്റ് എഗെയ്ന്‍സ്റ്റ് കോവിഡ് -19' എന്ന പുസ്തകം. ബ്ലൂംസ്‌ബെറിയാണ് പ്രസാധകര്‍. ഒരു ത്രില്ലര്‍ നോവല്‍വായനയിലൂടെ കടന്നുപോകുന്ന വായനക്കാരന്റെ അനുഭവമാണ് ഈ പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുകയെന്ന് പ്രസാധകര്‍ അഭിപ്രായപ്പെട്ടു. പരസ്പരം പേരറിയാത്ത, നാടറിയാത്ത പതിനായിരങ്ങള്‍ ഒരു പൊതുശത്രുവിനെതിരെ പൊരുതുമ്പോഴുണ്ടാവുന്ന മനോവികാരമാണ് കോവിഡിനെതിരെ ഇന്ത്യന്‍ ജനത വച്ചുപുലര്‍ത്തിയത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ലോകാരോഗ്യസംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ഇന്ത്യ എങ്ങനെ ഈ വിപത്തിനെ നേരിടും എന്നത് ലോകം മുഴുവന്‍ നിരീക്ഷിക്കാന്‍ കാരണമുണ്ടായിരുന്നു. നിലവിലെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല്‍ ക്ഷയരോഗബാധിതരും പ്രമേഹബാധിതരും ഉള്ളത് ഇന്ത്യയിലാണ്. 136.64 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ സാമൂഹിക അകലം എന്ന പരമപ്രധാനമായ നിര്‍ദ്ദേശം എങ്ങനെ പാലിക്കപ്പെടും എന്നെല്ലാം ലോകാരോഗ്യസംഘടന ആശങ്ക പങ്കുവെച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

Content Highlights : Billions Under Lockdown Book Written by Journalist Abanthika Ghosh