കൊച്ചി: ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നല്‍കുന്ന ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് (ബിഎല്‍ബിഎ) ആറാം എഡിഷനായി എന്‍ട്രികള്‍ ക്ഷണിച്ചു. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികള്‍ കണ്ടെത്തി അംഗീകരിക്കാന്‍ സ്ഥാപിതമായ ബിഎല്‍ബിഎ എല്ലാ വര്‍ഷവും രചയിതാവിന്റെ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷം മലയാള ഭാഷയിലുള്ള രചനയ്ക്കായിരിക്കും പുരസ്‌കാരം. ജൂലൈ 9 ആണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 

പ്രാദേശിക ഭാഷയിലുള്ള കുട്ടികളുടെ സാഹിത്യം ശക്തിപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ബി.എല്‍.ബി എയുടെ പ്രധാന ലക്ഷ്യംമെന്ന് ടാറ്റ ട്രസ്റ്റ്‌സ് പരാഗ് ഇനിഷ്യേറ്റിവ് മേധാവി സ്വാഹാ സഹൂ പറഞ്ഞു. ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചോ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഇമെയില്‍ അയച്ചൊ നാമനിര്‍ദേശം അയക്കാം.

സ്വയം നല്‍കുന്ന നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതല്ല. ആര്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയുന്ന പൊതു നാമനിര്‍ദേശ രീതിയാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ മാസത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി, മറാത്തി, ബംഗാളി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഇതിനകം ബി എല്‍ ബി എ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Big Little Book Award announces call for nomination for 2021