കോഴിക്കോട്: മലയാളസാഹിത്യത്തില്‍ ആനന്ദധാരപോലെ ബൈബിളിന്റെയും വേദപുസ്തകപരിഭാഷകളുടെയും സ്വാധീനമുണ്ടെന്ന് സാഹിത്യനിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ പറഞ്ഞു. ഡോ. ഫ്രെഡറിക് മൂളിയില്‍ ഗ്രീക്കില്‍നിന്ന് പരിഭാഷപ്പെടുത്തിയ 'ബൈബിള്‍ പുതിയനിയമ'ത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

ഒ.എന്‍.വി., ബാലചന്ദ്രന്‍ ചുള്ളിക്കാട്, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളില്‍ ബൈബിളിന്റെ സ്വാധീനവും ബൈബിളില്‍നിന്നുള്ള രൂപകപ്രവാഹവും കാണാം. ഭാഷയുടെ ഊര്‍ജപ്രവാഹത്തിന് ബൈബിള്‍ സാരള്യമേകുന്നു.

ചരിത്രപുരുഷനായ യേശുവിനെ അവതരിപ്പിച്ച കെ.പി. കേശവമേനോന്റെയും ബൈബിള്‍ പരിഭാഷകള്‍ക്ക് ഭാഷാശുദ്ധി വരുത്തിയ എന്‍.വി. കൃഷ്ണവാരിയരുടെയും പാതയില്‍ ശതാബ്ദിയോടടുക്കുന്ന മാതൃഭൂമി ഇപ്പോഴും സഞ്ചരിക്കുന്നെന്നത് ചാരിതാര്‍ഥ്യം നല്‍കുന്നെന്ന് ഡോ. രാജശേഖരന്‍ പറഞ്ഞു.

book cover
പുസ്തകം വാങ്ങാം

മതഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴാണ് മതമൗലികവാദവും തീവ്രവാദവും ഉടലെടുക്കുന്നതെന്നും പൊതുസമൂഹം വേദഗ്രന്ഥങ്ങളെപ്പോലും സംശയത്തോടെ കാണാന്‍ ഇത് സാഹചര്യമൊരുക്കുന്നെന്നും പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരനും അധ്യാപകനുമായ ഫാ. ജോണ്‍ മണ്ണാറത്തറ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയായിരുന്ന കൊയ്നെ ഗ്രീക്കില്‍നിന്നുള്ള ഡോ. മൂളിയിലിന്റെ പരിഭാഷ വിശ്വാസവുമായി ബന്ധപ്പെട്ടല്ലാത്ത വായനയ്ക്കും ഉതകുന്നത്ര ഭാഷാസൗന്ദര്യമുള്ളതാണെന്ന് അധ്യക്ഷനായ സി.എസ്.ഐ. മലബാര്‍ മഹായിടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടര്‍ പറഞ്ഞു.

സാധാരണക്കാരുടെ ഹൃദയത്തെ തൊട്ട ആഴത്തിലുള്ള സ്‌നേഹപ്രവാഹമാണ് യേശു എന്ന് ചിന്തകനും ആത്മീയപ്രഭാഷകനുമായ ഷൗക്കത്ത് പറഞ്ഞു. പുതിയനിയമ ഗ്രന്ഥപ്രകാശനത്തിന്റെ ഭാഗമായി 'മനുഷ്യപുത്രനായ യേശു' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോബി സി. മാത്യു സ്വാഗതം പറഞ്ഞു.