മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതില്‍ വിവാദം തുടരുന്നു. വിഷയത്തില്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ഇപ്പോള്‍ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കയാണ്. കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥനുള്ള മറുപടിയായി എഴുതിയ പോസ്റ്റില്‍ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണെന്നും ബെന്യാമിന്‍ പറയുന്നു.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ ആറുമണിത്തള്ളെന്ന് ട്രോളിയ ശബരീനാഥന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ബെന്യാമിന്‍ കൊഞ്ഞാണന്‍മാര്‍ എന്ന് വിളിച്ചിരുന്നു. ഇതിന് മറുപടിയായി ശബരീനാഥന്‍ എഴുതിയ പോസ്റ്റില്‍ ബെന്യാമിന്‍ ചിലരെ വാഴ്ത്താനായി സെലക്ടീവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന് വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ബെന്യാമിന്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ഞങ്ങള്‍ സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്ക് എത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാന്‍ ആണെന്ന് ബെന്യാമിന്‍ പറയുന്നു. 'പക്ഷേ അതില്‍ നിങ്ങള്‍ക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണ്.

അതിന്റെ ജാള്യത മറയ്ക്കാന്‍ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട. ടിവിയില്‍ മുഖം കാണിക്കാന്‍ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ വിശ്വസിക്കാനണ് എനിക്കിപ്പോള്‍ താത്പര്യം. 

കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോള്‍ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നില്‍ നിന്ന് തെളിയിച്ചു കാണിച്ച ഒരു സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ അനുഭവസ്ഥനായ ആയ ഞാന്‍ ഇഷ്ടപ്പെടുന്നു. സോളാര്‍ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന 'യുവകേസരികള്‍ക്ക്' ഒപ്പം കൂടി ഇപ്പോള്‍ താങ്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ വിശ്വസിക്കാന്‍ തല്‍ക്കാലം മനസില്ല. ഇപ്പോള്‍ എന്റെ മുന്നിലുള്ള പ്രശ്‌നം ഡേറ്റ അല്ല, പ്രവാസഭൂമിയില്‍ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്.'- ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

KS ശബരീനാഥന്‍ MLA വായിച്ചറിയുവാന്‍ കേരളത്തിലെ ഒരു പൌരന്‍ എഴുതുന്നത്:

താങ്കള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയില്‍ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമര്‍ശനങ്ങള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങള്‍ താങ്കള്‍ക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.

1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസിച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാന്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ഞങ്ങള്‍ സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്ക് എത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാന്‍ ആണ്. പക്ഷേ അതില്‍ നിങ്ങള്‍ക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാന്‍ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.

2. താങ്കള്‍ ആവശ്യപ്പെട്ടതുപോലെ പത്രങ്ങള്‍ വായിച്ചു പഠിക്കുക ആയിരുന്നു ഞാന്‍. ടിവിയില്‍ മുഖം കാണിക്കാന്‍ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ വിശ്വസിക്കാനണ് എനിക്കിപ്പോള്‍ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോള്‍ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നില്‍ നിന്ന് തെളിയിച്ചു കാണിച്ച ഒരു സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ അനുഭവസ്ഥനായ ആയ ഞാന്‍ ഇഷ്ടപ്പെടുന്നു. സോളാര്‍ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന 'യുവകേസരികള്‍ക്ക്' ഒപ്പം കൂടി ഇപ്പോള്‍ താങ്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ വിശ്വസിക്കാന്‍ തല്‍ക്കാലം മനസില്ല.

3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോര്‍ത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍.. പൊതുജനത്തിനോ ലോകത്തില്‍ ആര്‍ക്കെങ്കിലുമോ അറിയാന്‍ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങള്‍ സാധാരണക്കാരുടെ കയ്യില്‍ ഇല്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകുന്ന തരം ഫോണ്‍ ഡേറ്റയും ഇല്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ .

4. ഇപ്പോള്‍ എന്റെ മുന്നിലുള്ള പ്രശ്‌നം ഡേറ്റ അല്ല, പ്രവാസഭൂമിയില്‍ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴില്‍ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓര്‍ക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പില്‍ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അര്‍ബന്‍ രാഷ്ട്രീയക്കാര്‍ക്ക് സമയം കാണില്ല.

5. പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ തോന്നു. എന്നാല്‍ ഞാനതില്‍ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവില്‍ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാന്‍ ഉള്ള ആര്‍ജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട 'ജി.കെ യുടെ മകന്' അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കല്‍ അവസാനിച്ചു കൊള്ളും.

അപ്പോള്‍ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി.

Content Highlights: Benyamin, KS Sabarinathan MLA, Pinarayi Vijayan, Congress