കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭ ഗൗഡരുടെ പേരിലുള്ള സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് ബെന്യാമിന് സമ്മാനിച്ചു. എഴുത്തുകാരന്‍ എന്‍.എസ്. മാധവനാണ് പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്‍കിവരുന്നു.

മാതൃഭൂമി മാനേജിങ് ഡയറക്ടറും പത്മപ്രഭ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ പത്മപ്രഭ സ്മാരക പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം. ബാലഗോപാലന്‍, എഴുത്തുകാരി ഉഷാകുമാരി വെള്ളത്തൂവല്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരജേതാവ് ബെന്യാമിനെ വി.ഡി. പത്മരാജുവും എന്‍.എസ്. മാധവനെ സ്വാഗതസംഘം ചെയര്‍മാന്‍ ഏച്ചോം ഗോപിയും പൊന്നാടയണിയിച്ചു.

കേരളചരിത്രത്തില്‍ തിരുവിതാംകൂറില്‍നിന്ന് വയനാട്ടിലേക്കും പിന്നെ ജീവിതസാഹചര്യം അഭിവൃദ്ധിപ്പെടുത്താന്‍ ഗള്‍ഫ് നാടുകളിലേക്കുമായി രണ്ട് പ്രധാന കുടിയേറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് പുരസ്‌കാരം സമ്മാനിച്ച എന്‍.എസ്. മാധവന്‍ പറഞ്ഞു. ഇതില്‍ വയനാട്ടിലേക്കുള്ള കുടിയേറ്റം ഇതിവൃത്തമാക്കി എസ്.കെ. പൊറ്റെക്കാട്ട് വിഷകന്യകയിലൂടെ വായനക്കാരുടെ മനംകവര്‍ന്നു. ജീവിതസാഹചര്യം തേടി ജനാധിപത്യവും സ്വാതന്ത്ര്യവുമില്ലാത്ത ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളിയുടെ പലായനം ആടുജീവിതത്തിലൂടെ ബെന്യാമിന്‍ ഈടുറ്റതാക്കി.

ഗള്‍ഫിലെ മലയാളികളുടെ ജീവിത സാഹര്യങ്ങളെ ഏറ്റവും തീവ്രമായ അനുഭവമാക്കിയ ആദ്യത്തെ നോവലായിരുന്നു ഇത്. മലയാള സാഹിത്യത്തിലെ വലിയ വിടവ് നികത്തുകയായിരുന്നു ബെന്യാമിന്‍ ഈ കൃതിയിലൂടെ. നവോത്ഥാന കാലത്തിന്റെ അവസാന കണ്ണിയായ പത്മപ്രഭയുടെ പേരിലുള്ള പുരസ്‌കാരം ബെന്യാമിന് സമ്മാനിച്ചതില്‍ ആഹ്ലാദമുണ്ടെന്നും മാധവന്‍ പറഞ്ഞു.

വയനാട്ടില്‍ പുരോഗമന ചിന്തയുടെ ആദ്യകിരണങ്ങള്‍ പ്രകാശിപ്പിച്ച പത്മപ്രഭ, ഓരോ മനുഷ്യനും ഓരോ പ്രപഞ്ചമാണെന്ന് വിശ്വസിച്ച, വൈജ്ഞാനിക ലോകത്ത് ആഴ്ന്നിറങ്ങിയ സഹൃദയനായിരുന്നെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. രാഷ്ട്രീയ, സാമൂഹികരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കപ്പുറം നല്ല വായനക്കാരന്‍ എന്ന നിലയിലാണ് പിതാവ് തന്നെ സ്പര്‍ശിച്ചത്. ഗള്‍ഫിലെ നജീബിന്റെ പറഞ്ഞറിഞ്ഞ നരകജീവിതം വായനലോകത്ത് വലിയ സാന്നിധ്യമാക്കി മാറ്റാന്‍ ബെന്യാമിന് കഴിഞ്ഞു. മരുഭൂമിയിലെ ഇരുണ്ട ജീവിതം ഹൃദയത്തില്‍ തട്ടുംവിധം ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

സമ്പന്നകുടുംബത്തില്‍ പിറന്നിട്ടും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി നാടിന്റെ പുരോഗതിക്ക് ചാലുകള്‍ കീറിയ ധന്യവ്യക്തിത്വമായിരുന്നു പത്മപ്രഭയെന്ന് പത്മപ്രഭ സ്മാരക പ്രഭാഷണം നടത്തിയ സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. സംസ്‌കാരത്തിന്റെ, അറിവിന്റെ, വിവേകത്തിന്റെ പാതയില്‍ ദീര്‍ഘദര്‍ശനത്തോടെ അദ്ദേഹം ജീവിച്ചു. നവോത്ഥാന നായകരുടെ മഹത്തായ ആശയം അവരുടെ പിന്‍ഗാമികള്‍ പില്‍ക്കാലത്ത് വികൃതമാക്കുന്ന കാഴ്ചയാണ് ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നത്. ഒറ്റകൃതികൊണ്ട് മലയാള നോവല്‍ സാഹിത്യത്തിന് വലിയ ദിശാമാറ്റം പകരാന്‍ ബെന്യാമിന് സാധിച്ചെന്ന് സുഭാഷ്ചന്ദ്രന്‍ പറഞ്ഞു.

വയനാടിന്റെ പുരസ്‌കാരമായി പത്മപ്രഭ പുരസ്‌കാരം മാറിയെന്ന് എം. ബാലഗോപാലന്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദനയും സ്‌നേഹവും വ്യഥയും ഉള്‍ക്കൊള്ളുന്ന ഭാഷാശൈലിയാണ് ബെന്യാമിന്റേതെന്ന് ഉഷാകുമാരി വെള്ളത്തൂവല്‍ പറഞ്ഞു. ജീവിതത്തിലെ പേടിപ്പിക്കുന്ന ഒറ്റപ്പെടുത്തലുകള്‍ പൊള്ളുന്ന ഭാഷയില്‍ എഴുതി മലയാള സാഹിത്യത്തില്‍ ഉന്നതപദവിയില്‍ എത്താന്‍ ബെന്യാമിന് സാധിച്ചെന്ന് മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ പറഞ്ഞു.

ദേവനെയും ദേവിയെയും സ്വീകരിക്കുന്നതുപോലെ എഴുത്തുകാരനെ സ്വീകരിക്കുന്ന മലയാളത്തിലെ എഴുത്തുകാരനായി അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് മറുപടിപ്രസംഗത്തില്‍ ബെന്യാമിന്‍ പറഞ്ഞു. ഭാഷയുടെ സങ്കേതങ്ങള്‍, നിയമാവലികള്‍ തനിക്ക് അറിയില്ല. വരേണ്യ മലയാളിക്ക് എന്റെ പ്രാദേശിക ഭാഷ മനസ്സിലാവില്ലെന്ന് പറയുന്ന നിരൂപകരുണ്ട്. ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഞാന്‍ എഴുതുന്നത്. ഇത് വായനക്കാര്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്റെ തലമുറയിലെ എഴുത്തുകാര്‍ക്ക് കിട്ടിയ അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു.

19 വര്‍ഷമായി നല്‍കിവരുന്ന പത്മപ്രഭ സ്മാരക പുരസ്‌കാരം ഇതുവരെ സമഗ്രസംഭാവനയ്ക്കാണ് നല്‍കിയതെന്നും ഇതാദ്യമായാണ് യുവസാഹിത്യകാരന് നല്‍കുന്നതെന്നും സ്വാഗതപ്രസംഗത്തില്‍ മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. സ്വാഗതസംഘം ജന. കണ്‍വീനര്‍ ഡോ. എസ്. സാബു നന്ദി പറഞ്ഞു.