കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറയി വിജയന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെ ട്രോളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ ഈ ട്രോളുകളോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ധീഖ് എന്നിവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ബെന്യാമിന്റെ പോസ്റ്റ്. 

'കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്...' എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കൊറോണ വ്യപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്ത സമ്മേളനത്തെ വി.ടി ബല്‍റാം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആറുമണിത്തള്ള് എന്നുള്‍പ്പടെ വിശേഷിപ്പിച്ചതിനെതിരെയാണ് ബെന്യാമിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിനേത്രിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വര്‍ത്താസമ്മേളനത്തെ ആറ് മണി തള്ള് എന്ന് പറയുന്നവരുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അത് കാത്തിരിക്കുന്നുണ്ടെന്നായിരുന്നു മാലാ പാര്‍വതിയുടെ പോസ്റ്റ്.

Content Highlights: Benyamin facebook post against congress leaders