കൊച്ചി: 'ചിന്താവിഷ്ടയായ സീത'യിലെ സീത വാല്മീകിയുടെ സീതയോ കാളിദാസന്റെ സീതയോ അല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്വന്തം കാലഘട്ടത്തിലെ ധര്‍മസമസ്യകളെ വിശദീകരിക്കാന്‍ ഇതിഹാസത്തില്‍ നിന്ന് ആവാഹിച്ച് പുതുതായി സൃഷ്ടിച്ചെടുത്തതാണ് ആശാന്റെ സീതയെന്നും അദ്ദേഹം പറഞ്ഞു. മലയാള വിഭാഗത്തിന്റെ സാഹിത്യ, സാംസ്‌കാരിക വിഭാഗമായ 'മൊഴി' സംഘടിപ്പിച്ച പ്രഭാഷണമായ 'സീത സ്മൃതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ ജനിച്ചത് രാഷ്ട്രീയ രാമനാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്നു പറയുന്നത് കാര്യലാഭത്തിനായുള്ള രാഷ്ട്രീയത്തിന്റെ നിര്‍മിതി മാത്രമാണെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.

വാല്മീകിയുടെ സീതയും കാളിദാസന്റെ രഘുവംശത്തിലെ സീതയും ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്യുകയാണ്. എന്നാല്‍, ആശാന്റെ സീത സ്വന്തം കാലഘട്ടത്തിന്റെ അനീതികൊണ്ട് കലുഷിതമായ വ്യവസ്ഥിതിയില്‍ അഗ്‌നിപുത്രിയെപ്പോലെ പരിവര്‍ത്തനം ചെയ്യപ്പെട്ടവളാണ്.

വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ രാമായണമുണ്ട്. ആരൊക്കെ കേള്‍ക്കുന്നുവോ, ആരൊക്കെ വായിക്കുന്നുവോ അവരെല്ലാം രാമായണം രചിക്കുന്നുണ്ട്. ഇന്ത്യന്‍ ദാര്‍ശനിക മനസ്സിന്റെ സൃഷ്ടിയാണ് രാമായണമെന്നും അദ്ദേഹം പറഞ്ഞു.

കോേളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. ജയമോള്‍, വകുപ്പധ്യക്ഷന്‍ എസ്. ജോസഫ്, മൊഴി കണ്‍വീനര്‍ ഡോ. വി.പി. വീണ ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: kumaranasan, Balachandran Chullikkadu, chinthavishtayaya seetha