മനാമ: സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കു ബഹ്റൈൻ കേരളീയസമാജം നൽകുന്ന സാഹിത്യപുരസ്കാരം ഓംചേരി എൻ.എൻ. പിള്ളയ്ക്ക്.

മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നൽകുന്ന സംഭാവനകളെ മുൻനിർത്തിയാണ് ഈ വർഷത്തെ പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

കോട്ടയം വൈക്കം സ്വദേശിയായ ഓംചേരി 'മലയാളരാജ്യ'ത്തിലെ പത്രപ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കു വരുന്നത്. ഏഴുപതിറ്റാണ്ടോളമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന ഓംചേരി കേരളത്തിന് പുറത്തുള്ള മലയാളിക്കുട്ടികൾക്ക് മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ തുടക്കംമുതൽ സജീവമായിരുന്നു. പിന്നീട് കേരളസർക്കാർ അതേറ്റെടുക്കുകയായിരുന്നു.

എം. മുകുന്ദൻ അധ്യക്ഷനായും ഡോ. കെ എസ്. രവികുമാർ, ഡോ. വി.പി. ജോയി, പി.വി. രാധാകൃഷ്ണപിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഓംചേരിയെ തിരഞ്ഞെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവാർഡുദാന ചടങ്ങ് ഡൽഹിയിൽ സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.

Content highlights :bahrain keraleeya samajam litearture award in omchery nn pillai