ബാബുക്ക

എം.എസ്.ബാബുരാജിന്റെ ഭാര്യ
ബിച്ചയുടെ ഓര്‍മകള്‍

കൂടുതലറിയാന്‍ ശ്രമിച്ചപ്പോഴാണ് സാഹിത്യത്തില്‍ ബഷീര്‍ എന്നപോലെയാണ് സംഗീതത്തില്‍ ബാബുരാജെന്ന് വിശ്വസിച്ചുതുടങ്ങിയത്. പ്രതിഭയുടെ ധാരാളിത്തം... യാത്രകള്‍... അലച്ചിലുകള്‍... കൂട്ടുകെട്ടുകള്‍... വിശപ്പ്... ഇതൊക്കെയാണ് ബഷീറിനെപ്പോലെ ബാബുരാജിനെയും സൃഷ്ടിച്ചത്. മഹാനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മഹാനായ സംഗീതജ്ഞനായിരുന്നു എം.എസ്. ബാബുരാജ്.
സംഗീതവും ഓര്‍മകളും ഇഴപാകിയ ഗൃഹാതുരതയുടെ പുസ്തകം.

വില: 150.00
പുസ്തകം വാങ്ങാം

 

മദിരാശിയിലേക്കുള്ള മറ്റൊരു യാത്രയിലാണ് ഞാന്‍ യേശുദാസിനെ കണ്ടത്. ബാബുക്കയെ കാണാന്‍ ഞങ്ങളുടെ മുറിയില്‍ വന്നതായിരുന്നു ദാസ്. ഇന്നത്തെപ്പോലെ താടിയും മീശയുമൊന്നുമില്ല ദാസിന്. മെലിഞ്ഞൊരു പയ്യന്‍. വെള്ള ഷര്‍ട്ടും പാന്റുമാണ് ഇട്ടിരിക്കുന്നത്. ബാബുക്ക കസേരയില്‍ ഇരുന്നപ്പോള്‍ ദാസ് നിലത്തു പായയില്‍ ഇരുന്നു. ബാബുക്ക പരിചയപ്പെടുത്തി. 'പുതിയ പാട്ടുകാരനാണ്. യേശുദാസ് എന്നാണു പേര്. സിനിമയില്‍ വന്നിട്ടേ ഉള്ളൂ. അവസരങ്ങള്‍ കാര്യമായി വന്നു തുടങ്ങിയിട്ടില്ല....' ദാസ് എന്റെ നേരെ ബഹുമാനത്തോടെ കൈകൂപ്പി.

ബാബുക്കയുടെയും എന്റെയും ജീവിതത്തില്‍ യോശുദാസിനെ മറക്കാന്‍ കഴിയില്ല. ദാസിന് ബാബുക്കയെയും ഓര്‍ക്കാതിരിക്കാനാവില്ല. ഒരു ഗായകനെന്ന നിലയില്‍ യേശുദാസിനെ പ്രശസ്തനാക്കിയത് ബാബുക്ക കൊടുത്ത പാട്ടാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയത്തിനു വേണ്ടി ഭാസ്‌കരന്‍ മാഷ് എഴുതിയ 'താമസമെന്തേ വരുവാന്‍...' എന്ന ഗാനം മറക്കുമോ ആരെങ്കിലും. ഈയൊരു പാട്ടോടെ യേശുദാസിനെ തേടി അവസരങ്ങളെത്തി. അതുവരെ കേട്ട ശബ്ദങ്ങള്‍ക്കൊപ്പം യേശുദാസിനെയും ആസ്വാദകര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.

അന്നൊക്കെ സംഗീതസംവിധാനം പ്രയാസമുള്ള പണിയാണ്. സംവിധായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ്, നൃത്തത്തിനുള്ള പാട്ടാണെങ്കില്‍ ഡാന്‍സ് മാസ്റ്റര്‍, നിര്‍മ്മാതാവ്... എല്ലാവരും ഒരുമിച്ചു കൂടും. സിനിമയിലെ രംഗങ്ങള്‍ ചര്‍ച്ച ചെയ്ത് അതിനനുസരിച്ചാണ് പാട്ടുണ്ടാക്കുക. ഊട്ടിയിലോ ഏതെങ്കിലും ശാന്തമായ ഇടങ്ങളിലോ അല്ലെങ്കില്‍ കോഴിക്കോട്ടു തന്നെയോ ആണ് ഒത്തുകൂടല്‍.

പാട്ടു തയ്യാറായാല്‍ ഗായകര്‍ക്കു റിഹോഴ്‌സല്‍ കൊടുക്കും. ഓര്‍ക്കസ്ട്രയടക്കം ഒരു പാട്ട് മുഴുവനായി ഒറ്റ ടേക്കിലാണ് റെക്കോര്‍ഡ് ചെയ്യേണ്ടത്. ഏതെങ്കിലും ഒന്നു പിഴച്ചാല്‍ വീണ്ടും തുടങ്ങണം. റെക്കോര്‍ഡിങ്ങിനു മൂന്നു ദിവസം മുമ്പെ ദാസ് റിഹേഴ്‌സലിന് എത്തുമായിരുന്നു. പല വട്ടം പാടി പരിശീലിക്കും. വലിയ പാട്ടുകാരനാകണമെന്നത് അന്നേ ദാസിന്റെ ലക്ഷ്യമായിരുന്നു.

'താമസമെന്തേ വരുവാന്‍ പ്രാണസഖി എന്റെ മുന്നില്‍....' ഗസലു പോലെ മനോഹരമായി ചിട്ടപ്പെടുത്തിയ ഗാനം യേശുദാസ് പല വട്ടം പാടിയിട്ടും ബാബുക്കയ്ക്കും വൈക്കം മുഹമ്മദ് ബഷീറിനും തൃപ്തി വരുന്നില്ല. രാവിലെ മുതല്‍ തുടങ്ങിയതാണ്. കാമുകന്റെ മനസില്‍നിന്നു വരുന്ന വാക്കുകളാണ്. അതിന്റെ ഭാവം പൂര്‍ണമായും പാട്ടില്‍ വരണം. പത്തൊമ്പതാമത്തെ ടേക്കിലാണ് ആ പാട്ട് ശരിയായത്. എന്നാല്‍, ധാരാളം പാട്ടുകള്‍ ഒന്നോ രണ്ടോ ടേക്കു കൊണ്ടുതന്നെ ദാസ് പാടി മികച്ചതാക്കിയിട്ടുണ്ട്. നാത്തൂന്‍ എന്ന സിനിമയിലുള്ള 'കാര്‍ത്തിക ഞാറ്റുവേല....' എന്ന പാട്ട് ദാസ് ഒറ്റ പ്രാവശ്യമേ പാടിയിട്ടുള്ളൂ. ബാബുക്കാക്ക് അത് ഏറെ ഇഷ്ടമാവുകയും ചെയ്തു.

ഭാര്‍ഗവീനിലയം നന്നായി ഓടി. മലയാളത്തിലെ ആദ്യ പ്രേത പടമായിരുന്നു അതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ല. ഇന്നും യേശുദാസിന്റെയും ബാബുക്കയുടെയും ആസ്വാദകരുടെ പ്രിയപ്പെട്ട് പാട്ടാണ് 'താമസമെന്തേ വരുവാന്‍...'

സിനിമയിലെ ആദ്യവര്‍ഷങ്ങളില്‍ പി.ബി. ശ്രീനിവാസായിരുന്നു ബാബുക്കയുടെ ഇഷ്ടഗായകന്‍. ഈ പാട്ടോടെ ആ സ്ഥാനം യേശുദാസിനായി. 'നൗഷാദിന് മുഹമ്മദ് റഫിയും മദന്‍ മോഹന് ലതയും എങ്ങനെയാണോ അതുപോലെയാണ് എനിക്ക് യേശുദാസും ജാനകിയും.' ഒരു സിനിമാ മാസികയ്ക്കു കൊടുത്ത അഭിമുഖത്തില്‍ ബാബുക്ക പറഞ്ഞു.

ബാബുക്കയുടെ കൂടെയാണ് ദാസ് കോഴിക്കോട്ട് ആദ്യമായി ഗാനമേള നടത്തുന്നത്. 1964ല്‍. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ മൂത്ത മകള്‍ സുരയ്യയയുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഗാനമേള. പി.എം. കാസിംക്കയുടെ മകന്‍ പി.എം.എ. സമദായിരുന്നു വരന്‍. ഖാദര്‍ക്കയെ സഹായിക്കാന്‍ ബാബുക്കയും സുഹൃത്തുക്കളും മുന്നിട്ടിറങ്ങുകയായിരുന്നു. കാസിംക്കയെയും ബാബുക്കാക്ക് വലിയ പ്രിയമായിരുന്നല്ലോ. കോഴിക്കോട് ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ ബാബുക്കാന്റെ കൂടെ പ്രിയപ്പെട്ട ഗായകന്‍. വേറെയുമുണ്ടായിരുന്നു ഒരു പാടു പാട്ടുകാര്‍. മാപ്പിളപ്പാട്ടു പാടാന്‍ എസ്.എം. കോയ. അന്നു കോയക്കയുടെ പാട്ടു കേട്ട ദാസ്, പിന്നീട് അദ്ദേഹത്തെ തന്റെ കൂടെ പാടിപ്പിച്ചു. 'മൈലാഞ്ചിപ്പാട്ടുകള്‍' എന്നപേരില്‍ ദാസ് മാപ്പിളപ്പാട്ട് കാസറ്റ് ഇറക്കിയിരുന്നു. അതിലാണ് കോയക്ക പാടിയത്.

സിനിമയില്‍ നല്ലൊരു ബ്രേക്ക് കൊടുത്തതിനുള്ള നന്ദിയും കടപ്പാടും ദാസിന് ഇന്നും ഞങ്ങളോടുണ്ട്. ബാബുക്കയുടെ മരണശേഷം ഇരുട്ടിലകപ്പെട്ടതു പോലെയായി ഞാന്‍. തീരെ പ്രതീക്ഷിക്കാതെ വന്ന മരണം. പറക്കമുറ്റാത്ത മക്കള്‍. വല്ലാതെ പ്രയാസപ്പെട്ട നാളുകള്‍. ആരും കൂടെയില്ലെന്നു തോന്നിയ ആ ദിവസങ്ങളില്‍ യേശുദാസ് സഹായവുമായി എത്തി. 'സംഗീതസംഗമം' എന്ന പേരില്‍ ബാബുരാജ് അക്കാദമി ഗാനമേള നടത്തി. അതില്‍നിന്നു രണ്ടു ലക്ഷം രൂപ എന്റെ പേരില്‍ നിക്ഷേപിച്ചു. ആ പണമാണ് പട്ടിണിയില്ലാതെ ഞങ്ങളെ പോറ്റിയത്.