സൂപ്പര്‍ഹിറ്റ് ചിത്രമായ ബാഹുബലിയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് ബാബുബലി എന്ന സിനിമാറ്റിക് ആക്ഷന്‍ ചിത്രകഥയുമായി  3D ബാലഭൂമി പുറത്തിറങ്ങുന്നു. ബാബുബലിയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. കോഴിക്കോട് കടവ് റിസോട്ടിലും സരോവരത്തും ചിത്രീകരിച്ച ബാബുബലിയില്‍ കളരിയില്‍ നിന്നും ജിമ്മില്‍ നിന്നുമായി 12 ഓളം കലാകാരന്‍മാരാണ് അഭിനയിച്ചിട്ടുള്ളത്. 

ഒട്ടേറെ സിനിമകള്‍ക്കു വേണ്ടി കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുള്ള നടക്കാവ് സിവിഎന്‍ കളരിയിലെ സുനില്‍കുമാറാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.  3D ഫോട്ടോഗ്രാഫി എന്‍.എസ്. സജീവനും രചനയും സംവിധാനവും സന്തോഷ് വള്ളിക്കോടുമാണ്. ഏപ്രില്‍ 13-ന് വിപണിയിലെത്തുന്ന 3Dബാലഭൂമിയില്‍ തികച്ചും വ്യത്യസ്തങ്ങളായ വിഭവങ്ങളാണുള്ളത്. വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ 3D കാഴ്ചകള്‍ വേറെയുമുണ്ട്. വിഷുക്കണി,വയല്‍വാണിഭം, കെട്ടുകാഴ്ച,പടയണി തുടങ്ങിയവയും ഈസ്റ്റര്‍ പ്രമാണിച്ച് മലയാറ്റൂര്‍പള്ളി,ഈസ്റ്റര്‍മുട്ടകള്‍ തുടങ്ങിയവയും 3D യില്‍ കാണാം. 

ബാബുബലിയുടെ ട്രെയിലര്‍ കാണാം.