വടകര: എഴുതിയ ചരിത്രങ്ങളിലെ എഴുതപ്പെടാത്ത ഏടുകള്‍, തീരെ എഴുതപ്പെടാതെ പോയ നാട്ടുചരിതങ്ങള്‍... വടകര പുത്തൂര്‍ സ്വദേശി എടയത്ത് ശശീന്ദ്രന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കടത്തനാടന്‍ ചരിതങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. മൂന്നുവര്‍ഷം നീണ്ട പഠനത്തിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് കവിയും നാടകകൃത്തുമായ എടയത്ത് ശശീന്ദ്രന്‍ വടകരയുമായി ബന്ധപ്പെട്ട ചരിത്രം അനാവരണം ചെയ്യുന്നത്.

വടക്കന്‍പാട്ട്, തോറ്റംപാട്ട്, പടപ്പാട്ട്, മാപ്പിളപ്പാട്ട്, കൃഷ്ണപ്പാട്ട് തുടങ്ങി വാമൊഴിയായും, വരമൊഴിയായുമുള്ള പാട്ടുവഴക്കങ്ങളെയും മറ്റും മുന്‍നിര്‍ത്തിയാണ് രചന. ഇതിന്റെ ചുവടുപിടിച്ച് വിവിധസ്ഥലങ്ങളില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചു. ഒന്ന് തച്ചോളി ഒതേനനുമായി ബന്ധപ്പെട്ടതാണ്.

തച്ചോളി ഒതേനന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ എന്നു പേരിട്ട ആദ്യഭാഗത്തില്‍ ഒതേനന്റെ പൂര്‍ണചരിത്രത്തിനൊപ്പം ഇദ്ദേഹവുമായി ബന്ധപ്പെട്ട പയ്യമ്പള്ളി ചന്തു, കപ്പള്ളി പാലാട്ട് കോമന്‍, കരുവഞ്ചേരി എമ്മന്‍ കിടാവ്, തേവര്‍ വെള്ളന്‍ എന്നിവരെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. അടുത്തത് 'പുത്തൂരം വീടും കടത്തനാടിന്റെ കാണാപ്പുറങ്ങളും' എന്ന ഭാഗമാണ്.

ഇതില്‍ കവി ചെറുശ്ശേരി, കുറൂള്ളി ചെക്ക്വോന്‍, നിത്യാനന്ദ സ്വാമി, പനയംകുളങ്ങര കുഞ്ഞിച്ചേരന്‍, കല്ലേരി കുട്ടിച്ചാത്തന്‍, പുത്തൂരം വീട്, സ്വാമി ശിവാനന്ദ പരമഹംസര്‍, കുഞ്ഞാലി മരയ്ക്കാര്‍, രമത്തെമേലെ കുഞ്ഞിച്ചാപ്പന്‍, കൗമുദി ടീച്ചര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മാപ്പിള രാമായണം, വാഗ്ഭടാനന്ദന്‍, കറ്റൊടി രയരപ്പന്‍ നമ്പ്യാര്‍, കുഞ്ഞിമരയ്ക്കാര്‍ എന്നിവരെക്കുറിച്ചുള്ള പഠനമാണ്.

ഓരോരുത്തരെക്കുറിച്ചും തയ്യാറാക്കിയ കുറിപ്പുകള്‍ ഫെയ്സ്ബുക്ക് വഴിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ശശീന്ദ്രന്‍ പുറത്തുവിട്ടത്. തുടക്കത്തില്‍ത്തന്നെ നല്ല പ്രതികരണം കിട്ടി. നൂറുകണക്കിനാളുകള്‍ ഇവ ഷെയര്‍ ചെയ്തു. പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളും കൂടിയായതോടെ ഇതൊരു തുടര്‍ചര്യയാക്കി.

തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ചരിത്രം മാത്രം 2700 പേര്‍ ഷെയര്‍ ചെയ്തു. മറ്റുള്ളവയും ആയിരത്തിനും രണ്ടായിരത്തിനും മധ്യെ പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടു. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചാരണം വേറെയും. നൂറ്റാണ്ടുകളായി വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ടുവന്ന പാട്ടുകളും, കഥകളും വെറും മിത്തുകളാണെന്നും ചരിത്രത്തോട് ചേര്‍ത്തുവെക്കാനുള്ള തെളിവുകളില്ലെന്നും പറഞ്ഞ് ചരിത്രകാരന്മാര്‍ ഇതൊക്കെ അവഗണിക്കുകയായിരുന്നുവെന്നാണ് ശശീന്ദ്രന്റെ അഭിപ്രായം. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളും ചിത്രങ്ങളും താന്‍ ശേഖരിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ചെറുശ്ശേരിയുടെ ജന്മനാട് വടകര തന്നെയാണെന്ന് ശശീന്ദ്രന്‍ തന്റെ കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും ചെറുശ്ശേരിയിലെ കൃതികളിലെ നാട്ടുഭാഷ, സ്ഥലനാമസാദൃശ്യം എന്നിവയെല്ലാം ചൂണ്ടിക്കാണിച്ചാണ് ശശീന്ദ്രന്‍ ഇക്കാര്യം സമര്‍ഥിക്കുന്നത്. രണ്ട് പുസ്തകങ്ങളാക്കി ഇവ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ശശീന്ദ്രന്‍. ഇതിനായി യൂത്ത് കെയര്‍ എന്ന സംഘടന സഹായിക്കാമെന്ന് അറിയിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രസാധകര്‍ ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് ആഗ്രഹം. നേരത്തേ കവിതയും നാടകവുമായി മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Content Highlights : autodriver saseendran writes kadathandan folklore and history