തിരുവനന്തപുരം: ചരിത്രത്തിന്റെ ഭാഗമായ വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയെ നിലനിര്‍ത്താന്‍ അക്ഷരസ്നേഹികളുടെ നേതൃത്വത്തില്‍ നീതിസമരം. തലസ്ഥാനത്തെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ വെണ്‍കൊറ്റക്കുട ചൂടിനിന്ന ഗ്രന്ഥശാലയുടെ സ്പന്ദനം നിലയ്ക്കുന്ന അവസ്ഥയിലാണ്. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരും ഗവേഷകരും ഉള്‍പ്പെടുന്ന സംരക്ഷണസമിതി ആവശ്യപ്പെടുന്നത്. ഇതിനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍ ഞായറാഴ്ച ഗ്രന്ഥശാലയില്‍ യോഗം ചേര്‍ന്നു.
പാല്‍ക്കുളങ്ങര സ്വദേശിയായ വായനശാല കേശവപിള്ള എന്ന വ്യക്തി 25 പുസ്തകങ്ങളുമായി 1914 ല്‍ ആരംഭിച്ചതാണ് വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല. പിന്നീടിത് കേരളത്തിലെ ഏറ്റവും വലിയ പുസ്തകശേഖരമായി മാറി. ആദ്യം വീട്ടിലെ മുറിയിലായിരുന്നു ഗ്രന്ഥശാല പ്രവര്‍ത്തിച്ചിരുന്നത്. കൊട്ടാരത്തില്‍നിന്ന് അനുവദിച്ചുകിട്ടിയ വഞ്ചിയൂരിലെ 13 സെന്റ് സ്ഥലത്തേക്കു മാറി.
10 വര്‍ഷത്തിനുള്ളില്‍ ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ എണ്ണം വര്‍ധിച്ചു. സമീപത്തെ 34 സെന്റ് കൂടി പാട്ടത്തിനെടുത്ത് ഗ്രന്ഥശാലയില്‍ 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചു. 1966ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. 1972ല്‍ കേശവപിള്ള അന്തരിച്ചു. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസമുള്ള കേശവപിള്ള ആരംഭിച്ച വായനശാല ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അക്ഷയഖനിയായി മാറി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഗവേഷണകേന്ദ്രമാണ് ഈ വായനശാല. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് വേദിയായതും ഇവിടമായിരുന്നു. കവനകൗമുദി, പ്രബുദ്ധകേരളം, ആത്മപോഷിണി, കേരളോദയം, ജയകേരളം, മാതൃഭൂമി, ഭാഷാപോഷിണി എന്നിവയുടെ ആദ്യകാല കിട്ടാപ്പതിപ്പുകളും അപൂര്‍വ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികളും ഇവിടെയുണ്ട്.
ഗ്രന്ഥശാലയുടെ പ്രതാപം ചുരുങ്ങി..
ഒരു ട്രസ്റ്റിന് കീഴിലാണ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. വാര്‍ഷികാഘോഷത്തിലെ നാടകാവതരണങ്ങളാണ് ആദ്യം പടിയിറങ്ങിയത്. പിന്നാലെ ഗ്രന്ഥശാലയുടെ പ്രതാപം ചുരുങ്ങി. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന വായനശാലയില്‍ പത്രങ്ങള്‍പോലും എത്തുന്നില്ല. ലൈബ്രറി കൗണ്‍സിലില്‍ അംഗമല്ലാത്ത ഗ്രന്ഥശാലയ്ക്ക് സര്‍ക്കാര്‍ ഗ്രാന്‍ന്റൊന്നും ലഭിക്കുന്നില്ല. കെട്ടിടം ശോച്യാവസ്ഥയിലേക്കു നീങ്ങുന്നു. ഏഴു ജീവനക്കാരുണ്ടെങ്കിലും 700 മുതല്‍ 5000 രൂപവരെയാണ് പ്രതിമാസ ശമ്പളം ലഭിക്കുന്നത്.
ഗ്രന്ഥശാലയെ ശ്വാസംമുട്ടിച്ചു കൊല്ലാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സംരക്ഷണസമിതി ആരോപിച്ചു.
അംഗങ്ങളും നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്നതാണ് സമിതി. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ മാനേജ്മെന്റ് മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന യോഗത്തില്‍ മുന്‍ വാര്‍ഡംഗം വഞ്ചിയൂര്‍ പി.ബാബു, പി.ശശിധരന്‍നായര്‍, എ.രാജശേഖരന്‍, ഡോ. മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാടകപ്രസ്ഥാനത്തിന് അരങ്ങുണര്‍ന്നതും ഇവിടെ...
കേരളത്തിലെ നാടകപ്രസ്ഥാനത്തിന് അരങ്ങുണരുന്നതും ഈ വായനശാലയിലായിരുന്നു. ടി.എന്‍.ഗോപിനാഥന്‍നായര്‍, ജഗതി എന്‍.കെ.ആചാരി, വീരരാഘവന്‍നായര്‍, എന്‍.കൃഷ്ണപിളള, കെ.ടി.മുഹമ്മദ്, സി.എന്‍.ശ്രീകണ്ഠന്‍നായര്‍ തുടങ്ങി മലയാളത്തിലെ 100ലേറെ മികച്ച നാടകങ്ങള്‍ പിറന്നത് വായനശാലയുടെ വാര്‍ഷികത്തിന് അരങ്ങേറാനായിരുന്നു.
കൈനിക്കര സഹോദരന്മാര്‍, എസ്.ഗുപ്തന്‍നായര്‍, തിക്കുറിശ്ശി, പി.കെ.വിക്രമന്‍നായര്‍, ടി.ആര്‍.സുകുമാരന്‍നായര്‍ തുടങ്ങി പ്രഗത്ഭരായ നടന്മാരാണ് അവയില്‍ അഭിനയിച്ചത്. സ്ത്രീവേഷം അണിഞ്ഞിരുന്ന പുരുഷനു പകരം അന്നാചാണ്ടി ആദ്യമായി സ്ത്രീവേഷമണിഞ്ഞതും ശ്രീചിത്തിര തിരുനാള്‍ വായനശാലയുടെ വേദിയിലായിരുന്നു.
Content Highlights: sree chitra tirunal library