ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരത്തിന്റെ ദീര്‍ഘപ്പട്ടിക പ്രഖ്യാപിച്ചു. അരുന്ധതി റോയി, ജീത് തയ്യില്‍, ദീപക് ഉണ്ണികൃഷ്ണന്‍, മനു ജോസഫ്, പെരുമാള്‍ മുരുഗന്‍ എന്നിവരടക്കമുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചു. 

16 നോവലുകളില്‍ നാലെണ്ണം വിവര്‍ത്തന പുസ്തകങ്ങളാണ്. അസാമിസ്, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്തവയാണ് ഇവ. രണ്ടെണ്ണം പുതുമുഖ നോവലുകളാണ്. പട്ടികയില്‍ ആറ് പുസ്തകങ്ങള്‍ വനിതാ എഴുത്തുകാരുടേതാണ്. പട്ടികയില്‍ രണ്ട് പേര്‍ മുന്‍ ജേതാക്കളുമാണ്. ജീത് തയ്യില്‍, അനുരാധാ റോയി എന്നിവര്‍.

അനുരാധാ റോയി ( ഓള്‍ ദി ലിവ്‌സ് വി നെവര്‍ ലിവ്ഡ് ), അരുന്ധതി റോയി ( ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ) , ചന്ദ്രകാന്ത ( ദി  സാഗ ഓഫ് സതിസാര്‍ ), ദീപക് ഉണ്ണികൃഷ്ണന്‍ ( ടെംപ്രററി പീപ്പിള്‍സ്) , ജയന്ത് കൈക്കിനി ( നോ പ്രസന്റ് പ്ലീസ്), ജീത് തയ്യില്‍ ( ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സ് ), കാമില ഷംസി ( ഹോം ഫയര്‍) , മനു ജോസഫ് ( മിസ് ലൈല ആംഡ് ആന്റ് ഡയിഞ്ചറസ്), മൊഹ്‌സിന്‍ ഹമീദ് ( എകിറ്റ് വെസ്റ്റ് ), നീല്‍ മുഖര്‍ജി (എ സ്റ്റേറ്റ് ഓഫ് ഫ്രീഡം) , പെരുമാള്‍ മുരുഗന്‍ (പൂനഗാച്ചി), പ്രയാഗ് അക്ബര്‍ ( ലൈല ), റിത ചൗധരി (ചൈന ടൗണ്‍ ഡേയ്‌സ)് , എസ്.ജെ. സിന്ധു (എ തൗസന്റ് ലൈസ് ), സുജിത് സറാഫ് ( ഹരിലാല്‍ ആന്‍ഡ് സണ്‍സ്) , തബിഷ് ഖൈര്‍ (നൈറ്റ് ഓഫ് ഹാപ്പിനസ്) എന്നിവരാണ് 16 പേരുടെ പട്ടികയിലുള്ളത്.

ചരിത്രകാരനായ രുദ്രാംശു മുഖര്‍ജി അധ്യക്ഷനായ സമിതിയാണ് ദീര്‍ഘപ്പട്ടികയിലുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. നവംബറില്‍ 14ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നടക്കുന്ന ചടങ്ങില്‍ അഞ്ചോ, ആറോ പുസ്തകങ്ങള്‍ അടങ്ങിയ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ജനുവരിയിലോ ഫ്രെബ്രുവരിയിലോ എതെങ്കിലും ഒരു ദക്ഷിണേഷ്യന്‍ നഗരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.