താമരശ്ശേരി:''പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കാന്‍ ഇന്ന് എനിക്ക് വീണ്ടും ഭാഗ്യമുണ്ടായി. ഈ ഗ്രന്ഥശാലയുടെ വളര്‍ച്ച എന്നെ ആനന്ദിപ്പിക്കുന്നു. ഇക്കൊല്ലം പരീക്ഷണാര്‍ഥം അമ്പത് വീടുകളില്‍ കുടുംബപാരായണം ഏര്‍പ്പെടുത്തണം. ഈ സ്ഥാപനത്തിന് എല്ലാ നന്മകളും നേരുന്നു''...

'വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക' എന്ന് ജീവിതാന്ത്യംവരെ ലോകത്തോട് വിളിച്ചുപറഞ്ഞ പി.എന്‍. പണിക്കര്‍, താമരശ്ശേരി പബ്ലിക് ലൈബ്രറിയിലെ സന്ദര്‍ശകപുസ്തകത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കുറിച്ച വരികളാണിത്. പണിക്കരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വിളിച്ചുചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിനും അതുവഴി ഗ്രന്ഥശാല സംഘത്തിന്റെ ഉദയത്തിനും തിങ്കളാഴ്ച 75 വയസ്സ് തികയവെ തൊട്ടടുത്തവര്‍ഷം പിറവികൊണ്ട ഈ ലൈബ്രറിയും പ്ലാറ്റിനം ജൂബിലിയിലേക്കുള്ള നിറവിലാണ്.

Books
ലൈബ്രറിയുടെ കെട്ടിടനിര്‍മാണത്തിനുള്ള സഹായധനം നടന്‍ പ്രേംനസീറില്‍നിന്ന് പി.കെ.ജി. വാരിയര്‍ ഏറ്റുവാങ്ങുന്നു. സംവിധായകന്‍ ഹരിഹരന്‍ സമീപം (ഫയല്‍ ചിത്രം)

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിലെ ആല്‍ത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തവേ അറസ്റ്റിലായ എ.കെ.ജി. ഇതേ ലൈബ്രറിയുടെ ആദ്യകാലകെട്ടിടത്തില്‍ ഇരുന്ന് വായിച്ച ശേഷമാണ് വൈകിയെത്തിയ പോലീസ് വാഹനത്തില്‍ കയറി ജയിലിലേക്ക് പോയത്. ''ഇവിടെ വെച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. ഇതോടനുബന്ധിച്ച് ഒരു നിശാപാഠശാല നടത്തണം. ഈ വായനശാലയെ നല്ലപോലെ നടത്തുക എന്നത് നാട്ടിലെ യുവാക്കളുടെ രാഷ്ട്രീയചുമതലയാണ്.'' എന്നിങ്ങനെയായിരുന്നു 1947 നവംബര്‍ 17-ന് എ.കെ.ജി. സന്ദര്‍ശകപുസ്തകത്തില്‍ എഴുതിയ വാക്കുകള്‍.

ഒട്ടേറേ മഹാരഥന്‍മാര്‍ സ്വന്തം കൈപ്പടയില്‍ എഴുതി കൈയൊപ്പ് ചാര്‍ത്തിയ സന്ദര്‍ശകപുസ്തകത്തിലെ താളുകള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട് ഈ അക്ഷരപ്പുരയില്‍. പ്രഥമ ലോക്സഭാ സ്പീക്കര്‍ ജി.വി. മാവ്ലങ്കാര്‍, കെ. കേളപ്പന്‍, എം.കെ. പത്മപ്രഭ ഗൗഡര്‍, പി. ഭാസ്‌കരന്‍, സുകുമാര്‍ അഴീക്കോട്, കുഞ്ഞുണ്ണിമാഷ്, എം.പി. വീരേന്ദ്രകുമാര്‍, എം.വി. ദേവന്‍, എന്‍.വി. കൃഷ്ണവാരിയര്‍, എസ്.കെ. പൊറ്റെക്കാട്ട്, കുട്ടിക്കൃഷ്ണമാരാര്‍, തിക്കോടിയന്‍, ഉറൂബ്, കെ. തായാട്ട്, കെ.ടി. മുഹമ്മദ്, വിംസി, എം.ടി. വാസുദേവന്‍നായര്‍, എം.ആര്‍. രാഘവവാരിയര്‍, ഹരിഹരന്‍ എന്നിങ്ങനെ ആ നിര ഏറെ പ്രൗഢമാണ്.

visiting notes of famous personalities kept in Thamarassery Public Library
ലൈബ്രറി സന്ദര്‍ശിച്ച മഹദ് വ്യക്തികളുടെ
 കുറിപ്പുകള്‍

1946 ഒക്ടോബര്‍ 20-ന് ചന്തപ്പറമ്പിലെ ആല്‍ത്തറയില്‍ ചേര്‍ന്ന യോഗമാണ് പൊതുജനവായനശാലയെന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ജയന്തന്‍നമ്പൂതിരി സ്ഥാപകപ്രസിഡന്റും എ.പി. സഹദേവന്‍ സ്ഥാപകസെക്രട്ടറിയുമായി സ്ഥാപിച്ച വായനശാല, ഇന്ന് ഇരുപത്തിനാലായിരത്തില്‍പ്പരം പുസ്തകങ്ങളുള്ള അക്ഷരഖനിയായി മാറിക്കഴിഞ്ഞു. പതിനാല് ദിനപത്രങ്ങളും അമ്പതിലേറെ ആനുകാലികങ്ങളും ഇവിടെ വരുത്തുന്നു.

വനിതകള്‍ക്ക് പുസ്തകങ്ങള്‍ വീടുകളിലെത്തിച്ചുകൊടുത്തും കുട്ടികള്‍ക്ക് ബാലവേദിയൊരുക്കിയും ഫാര്‍മേഴ്സ് ക്ലബ്ബ്, ഫിലിംക്ലബ്ബ്, വീഡിയോ ലൈബ്രറി, യുവത, സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിങ്ങനെ അനുബന്ധപ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഈ വായനശാല. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന ലൈബ്രറിക്ക് സ്വന്തമായി കെട്ടിടത്തിനായുള്ള കാത്തിരിപ്പിന് തൊണ്ണൂറുകളിലാണ് അറുതിയായത്. ഇരുപത് വര്‍ഷംമുമ്പ് തന്നെ എ ഗ്രേഡ് ലൈബ്രറിയായി ഉയര്‍ത്തി. വായനമുറിയും, ലൈബ്രറിയും, കോണ്‍ഫറന്‍സ് ഹാളുമടങ്ങുന്ന മൂന്നുനില കെട്ടിടം പഞ്ചായത്ത്, എം.എല്‍.എ. ഫണ്ടുകള്‍ വിനിയോഗിച്ച് അടിമുടി നവീകരണത്തിലേക്കുള്ള പാതയിലാണിപ്പോള്‍. ജോസഫ് മാത്യു പ്രസിഡന്റും സി.വി. മുഹമ്മദലി സെക്രട്ടറിയും വിജയരാഘവന്‍ ലൈബ്രേറിയനുമായാണ് ഇപ്പോള്‍ ഈ വായനശാലയുടെ പ്രവര്‍ത്തനം.

Content Highlights: Thamarassery public Library, Library in Kozhikode, Books