കോഴിക്കോട്: ഒരേ കാലത്ത് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളുടെ ജീവിതം ചിത്രങ്ങളിലൂടെ പറയുന്ന രണ്ട്പുസ്തകങ്ങള്‍ 'മാതൃഭൂമി' ബുക്‌സ് പുറത്തിറക്കി.

മലയാളത്തിന്റെ മഹിമ വാക്കുകള്‍കൊണ്ടും നാദം കൊണ്ടും ലോകാന്തരങ്ങളില്‍ എത്തിച്ച എം.ടി. വാസുദേവന്‍ നായര്‍, യേശുദാസ് എന്നിവരെക്കുറിച്ചാണ് പുസ്തകങ്ങള്‍.

'എം.ടി. യുടെ കാലം' എന്ന പുസ്തകത്തിലെ നാല്പതിലധികം വരുന്ന ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനാണ്. എല്ലാം കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍. എം.ടി. യെന്ന സാഹിത്യകാരന്റെയും സിനിമാക്കാരന്റെയും പത്രാധിപരുടെയുമെല്ലാം അപൂര്‍വ ചിത്രങ്ങള്‍ ഇതില്‍ കാണാം.

'ഒപ്പം നടന്ന ക്യാമറ' യില്‍ യേശുദാസിന്റെ ജിവിത ചിത്രങ്ങള്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫര്‍ പി. ഡേവിഡാണ്. ചെറുപ്പം മുതല്‍ ഇന്നുവരെയുള്ള 150 ചിത്രങ്ങളാണ് ഇതിലുള്ളത്. കൂടുതലും ബ്ലാക്ക് ആന്‍ഡ് വൈറ്റ്.

സംഗീതത്തെ ഉപാസിച്ച, സംഗീതലോകത്ത് വ്യാപരിച്ച ഒരു മുഴുനീള ജീവിതം ഈ ഫോട്ടോകളിലൂടെ മുന്നില്‍ വരുന്നു. രണ്ട് പുസ്തകങ്ങള്‍ക്കും 400 രൂപ വീതമാണ് വില