മലപ്പുറം: ഉത്തരകേരളത്തിലെ ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയുടെ (മാഹി) സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കഥ പറയുന്ന എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ഇനി അറബിയിലും വായിക്കാം.
കാലിക്കറ്റ് സര്‍വകലാശലയിലെ ഗവേഷക വിദ്യാര്‍ഥിയായ കെ.എം. അലാഉദ്ദീന്‍ ഹുദവിയാണ് മലയാളിയുടെ പ്രിയപ്പെട്ട നോവല്‍ അറബി ഭാഷയിലേക്ക് മൊഴിമാറ്റുന്നത്.
മയ്യഴിയുടെ രാഷ്ട്രീയ, സാമൂഹിക ചരിത്രവും ദാസന്റെയും ചന്ദ്രികയുടെയും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ്, ഫ്രഞ്ച് പതിപ്പുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിച്ചു. അറബിക് വിവര്‍ത്തനം രണ്ട് മാസത്തിനകം പുറത്തിറങ്ങും. വിവര്‍ത്തനം അറബ് ലോകവുമായുള്ള കേരളത്തിന്റെ സാംസ്‌കാരിക വിനിമയത്തില്‍ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.
തന്റെ പുസ്തകം ആദ്യമായാണ് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും എം. മുകുന്ദന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഡോ. എം.കെ. മുനീര്‍ മുന്‍കൈയെടുത്താണ് അറബി പതിപ്പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പുത്തനഴി സ്വദേശിയാണ് അലാഉദ്ദീന്‍ ഹുദവി. അറബ് ലോകത്തെ ധൈഷണിക പ്രതിഭ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ കഴിഞ്ഞ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബി ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
എം മുകുന്ദന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Mayyazhippuzhayude theerangalil Arabic translation