APJ Abdul Kalam
മനോജ് ടി.ബെഞ്ചമിന്‍ കലാമിന്റെ
ശില്പ നിര്‍മാണത്തില്‍

മേലുകാവ്: ഭാരതത്തിന് കാലംതന്ന പുണ്യമായ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ ശില്പം തീര്‍ത്തും കവിതയെഴുതിയും ശ്രദ്ധാഞ്ജലിയുമായി അധ്യാപകന്‍. മൂവാറ്റുപുഴയ്ക്കുസമീപം ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോട്ടണി അധ്യാപകനായ മനോജ് ടി.ബെഞ്ചമിനാണ് അബ്ദുള്‍ കലാമിന് വേറിട്ട അനുസ്മരണം നേര്‍ന്നത്.

ഒരടി ഉയരത്തില്‍ ഒന്നരക്കിലോയോളം തൂക്കമുള്ള ശില്പം പൂര്‍ണമായും എം.സീല്‍ പശ ഉപയോഗിച്ചാണ് നിര്‍മിച്ചത്. നാല് ദിവസമെടുത്താണ് മനോജ് ഈ ശില്പംതീര്‍ത്തത്.

മനോജിന്റെ ശില്പനിര്‍മാണത്തിലെ ആദ്യ ശ്രമമാണിത്. സ്‌കൂള്‍ പഠനയാത്രയില്‍ വിദ്യാര്‍ഥികളുമൊത്ത് രാമേശ്വരത്തെ ഹൗസ് ഓഫ് കലാം, കലാം സ്മൃതിമണ്ഡപം ഇവ സന്ദര്‍ശിച്ചപ്പോള്‍ തോന്നിയ ആഗ്രഹമായിരുന്നു അബ്ദുള്‍ കലാമിന്റെ ഒരു ശില്പം നിര്‍മിക്കണമെന്നത്.

2011 ഫെബ്രുവരി 19-ന് കോട്ടയത്തുനിന്ന് ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പ്രഭാഷണം ആദ്യനിരയിലിരുന്ന് കേള്‍ക്കാന്‍ ലഭിച്ച അവസരം ഒരുവലിയ പുണ്യമായും മനോജ് കരുതുന്നു. കവിത കലാം അനുസ്മരണദിനത്തില്‍ ആലപിക്കാനായി തന്റെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു. ശില്പം അടുത്ത പ്രാവശ്യം രാമേശ്വരത്ത് പോകുമ്പോള്‍ ഹൗസ് ഓഫ് കലാമില്‍ സമര്‍പ്പിക്കാനാണ് പ്ലാന്‍. അടുത്തവര്‍ഷം ഇതിന്റെ ഇരട്ടി വലുപ്പത്തില്‍ ശില്പം തീര്‍ക്കണമെന്നുമാണ് മനോജിന്റെ ആഗ്രഹം.

ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍കൂടിയായ മനോജ് ടി.ബെഞ്ചമിന്‍ സീഡ് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തടത്തിപ്ലാക്കല്‍ ടി.ജെ.ബെഞ്ചമിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഇരുമാപ്രമറ്റം എം.ഡി. സി.എം.എസ്. ഹൈസ്‌കൂള്‍ അധ്യാപിക സൂസന്‍ വി.ജോര്‍ജാണ് ഭാര്യ. വിദ്യാര്‍ഥികളായ എയ്ഞ്ചല്‍, അനന്യ എന്നിവര്‍ മക്കളാണ്.

Content Highlights: APJ Abdul Kalam death anniversary