കോഴിക്കോട്: ഓസ്ട്രിയന്‍ ബിനാലെയിലേക്ക് ചിത്രകാരന്‍ ഫ്രാന്‍സിസ് ആന്റണി കോടങ്കണ്ടത്തിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ചമുതല്‍ ഇറ്റലിയിലെ വെനീസിലാണ് പ്രദര്‍ശനം.

'പറുദീസയില്‍ മറ്റൊരു ദിവസം' എന്ന വിഷയത്തിലായിരുന്നു ചിത്രരചന. അറുപതുവര്‍ഷംമുമ്പ് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ജനിച്ചത്. അക്കാലത്തെ പ്രതിപാദിച്ച് ഗര്‍ഭപാത്രത്തിലെ ഭ്രൂണാവസ്ഥയെ ചിത്രീകരിക്കുന്ന 'എന്റെ ഈദനിലേക്കുതിരികെ' (Back in my Eden) എന്നുപേരിട്ട ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. 

തന്റെ അമ്മയ്ക്കുള്ള സ്‌നേഹോപഹാരമാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെയുടെ ക്യൂറേറ്റര്‍ ഫ്രാന്‍സെസ്‌ക കാറ്റലോനയുടെ നേതൃത്വത്തിലുള്ള പരിശോധകസമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രകാരനാണ് തൃശ്ശൂരുകാരനായ ഫ്രാന്‍സിസ്.

2015-ല്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സ് ബിനാലെയിലും 2017-ല്‍ ലണ്ടന്‍ ബിനാലെയിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2018-ല്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഗാന്ധിജയന്തി ദിനത്തില്‍ ഖാദിയില്‍ വരച്ച പതിനാറു ഗാന്ധിയന്‍ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Content Highlights: Antony Francis Kodankandath Back in my Eden Austrian Biennale