തൃശ്ശൂര്‍: അങ്കണം ഷംസുദ്ദീന്‍ സ്മൃതിപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപകനും സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമായ പ്രൊഫ. കെ.പി. ശങ്കരനാണ് സമഗ്രസാഹിത്യസംഭാവനയ്ക്കുള്ള അരലക്ഷം രൂപയും ശില്പവും അടങ്ങുന്ന വിശിഷ്ടസാഹിതീസേവാപുരസ്‌കാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് സബ് എഡിറ്ററും നോവലിസ്റ്റുമായ സുഭാഷ്ചന്ദ്രനാണ് നോവല്‍ (സമുദ്രശില) പുരസ്‌കാരം. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. സി. രാവുണ്ണിക്കാണ് (കറുത്തവറ്റേ കറുത്തവറ്റേ) കവിതാപുരസ്‌കാരം.

സംസ്‌കൃത സര്‍വകലാശാലാ തൃശ്ശൂര്‍ സെന്ററിലെ മലയാളം വകുപ്പുമേധാവി ഡോ. എം. കൃഷ്ണന്‍ നമ്പൂതിരിക്കാണ് (ശൈലീപരിണാമം മലയാളനോവലില്‍) പഠനത്തിനുള്ള പുരസ്‌കാരം. അങ്കണത്തിന്റെ ഉപദേഷ്ടാവായിരുന്ന ഡോ. കല്പറ്റ ബാലകൃഷ്ണന് മരണാനന്തരബഹുമതിയായി പ്രത്യേക പുരസ്‌കാരം സമര്‍പ്പിക്കും.

പുരസ്‌കാരസമര്‍പ്പണത്തീയതി പിന്നീട് അറിയിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അറിയിച്ച അങ്കണം ഷംസുദ്ദീന്‍ സ്മൃതി അംഗങ്ങളായ ഡോ. സരസ്വതി ഷംസുദ്ദീന്‍, എന്‍. ശ്രീകുമാര്‍, സി.എ. കൃഷ്ണന്‍, തൃശ്ശിവപുരം മോഹനചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

Content Highlights : Ankanam Awards won by critic KP Sankaran Subhashchandran C Ravunni