പത്മരാജന്‍ തന്റെ ഏറ്റവും മികച്ച ചിത്രമായി തൂവാനത്തുമ്പികളെ കരുതിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അനന്തപത്മനാഭന്‍. തൂവാനത്തുമ്പികള്‍ പണിക്കുറ തീര്‍ത്ത ഒരു ശില്പമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ''ഞാനാ ചിത്രത്തെ വെറുക്കുന്നു'' എന്ന് പലരും പ്രഖ്യാപിച്ചിട്ടുള്ള ഒരു ചിത്രമാണ് അത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'മകന്‍ എഴുതിയ പത്മരാജന്‍' എന്ന പേരില്‍ അനന്തപത്മനാഭന്‍ എഴുതുന്ന ഓര്‍മക്കുറിപ്പുകളിലെ കാലമേ കാവല്‍ എന്ന അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
അച്ഛന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു: ''ഒരു നല്ല കലാസൃഷ്ടി, തിരിച്ചറിയപ്പെടാന്‍ അത് സൃഷ്ടിക്കപ്പെടുന്ന കാലത്ത് സാധിച്ചില്ല എന്നുവരാം. അത് തിരിച്ചറിയാന്‍ മറ്റൊരു കാലം വേണ്ടിവരും, മറ്റൊരു തലമുറതന്നെ പിറക്കേണ്ടിയിരിക്കുന്നു എന്നൊക്കെ വരാം. അതുകൊണ്ട് അത്തരം തിരസ്‌കാരങ്ങളില്‍ കലാകാരന്‍ ഹതാശനാകരുത്.''
തൂവാനത്തുമ്പികള്‍ പണിക്കുറ തീര്‍ത്ത ഒരു ശില്പമല്ല. തന്റെ ഏറ്റവും മികച്ചതില്‍ അച്ഛന്‍ ഒരിക്കലും അതിനെ ഗണിച്ചിരുന്നില്ല. പലരും ''ഞാനാ ചിത്രത്തെ വെറുക്കുന്നു'' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെയും എങ്ങനെ ഈ ചിത്രത്തോടുള്ള പ്രണയം കാലാതിവര്‍ത്തിയാകുന്നു? ഉത്തരം ഇതാണ്: അതില്‍ ജീവിതത്തിന്റെ ഉണ്മയുണ്ട്. അല്ലെങ്കില്‍ തിയേറ്ററില്‍ മുടന്തിവീണ, നിരൂപകര്‍ വിമര്‍ശിക്കമാത്രം ചെയ്ത ഒന്നിനുമേല്‍ ഋതുമാറ്റങ്ങള്‍ക്കൊപ്പം ആരാധനയുടെ മുല്ലവാഴ്ച സംഭവിക്കില്ല.
പത്മരാജന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
ഇന്നിപ്പോള്‍ മലയാള യുവത്വത്തിന്റെ പ്രിയ പ്രണയചിത്രമായി തൂവാനത്തുമ്പികള്‍ ആഘോഷിക്കപ്പെടുന്നു. ക്ലാര എന്ന നായിക സുന്ദരപ്രഹേളികയായി കാലത്തിലൂടെ വീഞ്ഞുപോലെ വീര്യമേറുന്നു. അന്നത് അങ്ങനെയായിരുന്നില്ല. അതിന്റെ സ്രഷ്ടാക്കള്‍ക്ക്, അവരുടെ ഉറ്റവര്‍ക്ക് അത് സമ്മാനിച്ചത് അവജ്ഞയും പരിഹാസവും വേദനയും. ആ വേദനകള്‍ കാഞ്ഞിരമായിരുന്നു. പക്ഷേ കാലം അത് മാറ്റി. ഏത് കാഞ്ഞിരവും കരിമ്പിന്നിനിപ്പാക്കുന്ന കാലമേ നമസ്‌കാരം! - അനന്തപത്മനാഭന്‍ എഴുതി.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
Content Highlights: anantha padmanabhan, Thoovanathumbikal, Padmarajan, Mohanlal