ചാരായക്കടയില്‍ അകത്ത് ജോണ്‍ പുറത്ത് കാത്തുനില്‍ക്കുന്ന ശോഭീന്ദ്രന്‍ മാഷ്!


ജോയ് മാത്യുവിന്റെ 'തീപിടിച്ച പര്‍ണ്ണശാലകളി'ല്‍നിന്നൊരു ഭാഗം

ജോയ് മാത്യു / 'തീപിടിച്ച പർണ്ണശാലകൾ' എന്ന പുസ്തകത്തിന്റെ കവർ

കോഴിക്കോട്ടുള്ള പ്രൊഫസര്‍ ശോഭീന്ദ്രന്‍ മാഷും ക്യൂബന്‍ വിപ്ലവകാരി ഏണെസ്റ്റോ ചെ ഗുവേരയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? രണ്ടുപേരും പട്ടാളപ്പച്ച ധരിക്കുന്നവര്‍. രണ്ടുപേരും മോട്ടോര്‍ സൈക്കിള്‍ പ്രധാന വാഹനമാക്കിയിരുന്നവര്‍. ഒരാള്‍ ഡോക്ടര്‍ ആണെങ്കില്‍ മറ്റൊരാള്‍ പ്രൊഫസര്‍. ചെ ഗുവേര ഓടിച്ചത് 500 സിസി ബൈക്ക് ആണെങ്കില്‍ ശോഭീന്ദ്രന്‍ മാഷ് ഉപയോഗിച്ചത് 100 സിസി ബൈക്ക് ആയിരുന്നു എന്നതുമാത്രമല്ല അവര്‍ തമ്മിലുള്ള വ്യത്യാസം, ചിന്തകൊണ്ടും കര്‍മ്മംകൊണ്ടും രണ്ടുപേരും രണ്ടു ധ്രുവങ്ങളിലായിരുന്നു. ചെ ഗുവേര തന്റെ ആത്മസുഹൃത്തായ ആല്‍ബര്‍ട്ടോ ഗ്രാനഡയുമായി പെറുവില്‍നിന്നും ലാറ്റിനമേരിക്ക മുഴുവന്‍ തന്റെ ബൈക്കില്‍ യാത്രചെയ്ത് അതിലൂടെ സ്വയം ഒരു മാറ്റിത്തീര്‍ക്കലിനു വിധേയനായി മാറുന്ന കാഴ്ചയാണല്ലോ 'Motorcycle Diaries' എന്ന പുസ്തകം. അത് പിന്നീട് വാള്‍ട്ടര്‍ സാലസ് സിനിമയാക്കിയപ്പോള്‍ ലോകം മുഴുവന്‍ ആവേശത്തരംഗമായി പലരുടെയും ജീവിതം മാറ്റിമറിച്ചു.

ജീവിതം മാറ്റിമറിച്ചില്ലെങ്കിലും ജീവിതത്തെ മറിച്ചിടാതെ തന്റെ ശിഷ്യന് സ്വന്തമായി ഒരു റെക്കോഡ് സൃഷ്ടിക്കാന്‍ ഒരു പ്രൊഫസര്‍ തന്റെ ബൈക്കില്‍ നടത്തിയ യാത്രയാണ് ഇക്കഥ.
സംഭവം നടക്കുന്നത് 1985-ല്‍. അന്നേരം ചെ യുടെ മോട്ടോര്‍ സൈക്കിള്‍ ഡയറി കൈയില്‍ കിട്ടിയിട്ടില്ല. Zen and the Art of MotorcyIce Maintenance F. Robert M. Pirsig ന്റെ പുസ്തകം വായിച്ചില്ലെങ്കിലും കുറേക്കാലം വായിക്കുന്നമാതിരി കൊണ്ടുനടന്നിരുന്നു. അതില്‍നിന്നുള്ള പ്രചോദനമൊന്നും ഉള്‍ക്കൊള്ളുവാനുള്ള പ്രായപൂര്‍ത്തി ആയിട്ടുമില്ലായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട് വരെ ഒരു മോട്ടോര്‍ സൈക്കിള്‍യാത്ര സംഭവിക്കുന്നത്.മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള നാഷണല്‍ ഹൈവേ എന്നു പറഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ റോഡ് മന്ത്രി എഴുതുന്ന കവിതകളുടെ പ്രായമുള്ള റോഡുകള്‍! ഓടിക്കുന്നതാകട്ടെ അക്കാലത്തെ ഭേദപ്പെട്ടതില്‍ ദരിദ്രപ്പെട്ട രാജ്ദൂത് എന്ന കമ്പനിയുടെ വണ്ടി. ഇന്ന് ആ കമ്പനി കടലെടുത്തു പോയിട്ടുണ്ടാവാം. ബൈക്ക് എന്റേതല്ല ഞാന്‍ ഡ്രൈവര്‍ മാത്രം. മുതലാളി മറ്റൊരാളാണ്. സാക്ഷാല്‍ ശോഭീന്ദ്രന്‍ മാഷ്. സാക്ഷാല്‍ എന്നു പറയാന്‍ കാരണം ആ മാതിരി ഒന്നേ മാഷമ്മാരുടെ കൂട്ടത്തില്‍ കാണൂ.

ആളെ പരിചയപ്പെടുത്താന്‍ ഒരു ചെറിയ കുറിപ്പ്:
സൂര്യന്‍ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് പോകുന്ന സമയം. ഒരു പച്ച ബൈക്കില്‍ ഒരു പച്ചക്കുപ്പായക്കാരന്‍ അനുവാദം ചോദിക്കാതെ പടികടന്നു വന്നു വീട്ടുടമയുടെ സമ്മതം ചോദിക്കാതെ തോട്ടത്തില്‍ ഒരു ചെടി നടുന്നു. വീട്ടുടമ വന്നു പ്രതിയെ നോക്കുന്നു, തിരിച്ചറിയുന്നു, 'അല്ല മാഷെന്താ ഈ നേരത്ത്?' അപ്പോള്‍ മാഷിന്റെ മറുപടി, 'ഞാനൊരു വീട്ടില്‍ പോയപ്പോള്‍ പനികൂര്‍ക്കയുടെ ചെടി കണ്ടു, അത് ഇവിടെ ഇല്ലാലോ. ഇവിടത്തെ ഈ കുറ്റിമുല്ലയുടെ ഒരു തൈ ഞാന്‍ എടുക്കുന്നുണ്ട്, നമ്മുടെ രമേശന്റെ വീട്ടിലേക്കാ, അവന് അവിടെ ഈ നിറത്തിലുള്ള കുറ്റിമുല്ല ഇല്ല.' മിനിറ്റുകള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ കഴിഞ്ഞു, ആള്‍ ബൈക്കില്‍ കയറി സ്ഥലംവിട്ടു. അതാണ് ശോഭീന്ദ്രന്‍ മാഷ്!

കോഴിക്കോട്ടുകാര്‍ക്കു മാത്രമല്ല മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും മാഷിനെ അറിയാം. പച്ച ഷര്‍ട്ട്, പച്ച പാന്റ്സ്, പച്ചത്തൊപ്പി, പച്ച ചെരുപ്പ്, പച്ച ബൈക്ക്... താടിയുള്ളത് പച്ചയാക്കാന്‍ പോലും മാഷ് തയ്യാറായതാണ.് മൊത്തത്തില്‍ ഒരു പച്ചപ്പനംതത്ത. ലോകത്തിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംഷി. എന്റെ പ്രീഡിഗ്രി കാലത്തുതന്നെ ഒലീവ് പച്ചയുടെ നിറമുള്ള പട്ടാളക്കുപ്പായം ആയിരുന്നു മാഷിന്റെ വേഷം. അദ്ദേഹത്തിന്റെ ഏതോ ചങ്ങാതി പട്ടാളത്തില്‍നിന്നും ലീവില്‍ വന്നപ്പോള്‍ സമ്മാനിച്ചതായിരുന്നു. പിന്നീട് മാഷ് അത് സ്വന്തം യൂണിഫോമാക്കി മാറ്റി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ എന്റെ വിദ്യാര്‍ത്ഥിജീവിതത്തിലെ അസുലഭശോഭ പകര്‍ന്ന മാഷായിരുന്നു ശോഭീന്ദ്രന്‍ മാഷ്. ഞങ്ങള്‍ കൂടിച്ചേര്‍ന്നിട്ടുള്ള കഥകള്‍ക്ക് ഒരു പുസ്തകം മതിയാകില്ല. അതിനാല്‍ ബൈക്ക് യാത്ര മാത്രം ഈ കൊറോണക്കാലത്ത് കാച്ചിയെടുക്കാം.

ശോഭീന്ദ്രന്‍ മാഷ്

കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ അക്കാലത്ത് അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് ക്ലാസ്മുറികളിലും പുറത്തും നാടകം കളിച്ചിരുന്നു. പ്രിയപ്പെട്ട അദ്ധ്യാപകരില്‍ ഒരാളായ രാമചന്ദ്രന്‍ മൊകേരിയായിരുന്നു നേതാവ്. പ്രൊഫസര്‍മാരായ വാസുദേവന്‍ ഉണ്ണി മാഷ്, പി.പി. രവീന്ദ്രന്‍ മാഷ്, പത്മനാഭന്‍ എന്ന പപ്പന്‍ മാഷ്, നാരായണന്‍ മാഷ്, സേതുമാധവന്‍ മാഷ്, സ്നേഹപ്രഭ ടീച്ചര്‍, ഉഷ ടീച്ചര്‍ എന്നിവരൊക്കെയായിരുന്നു അതില്‍ പ്രധാനികള്‍. അങ്ങനെ നാടകം കളിച്ചുകളിച്ചു ഞങ്ങള്‍ സിനിമയിലുമെത്തി. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ മൊകേരിയും ശോഭീന്ദ്രന്‍ മാഷും പിന്നെ ഞാനും. എത്തിപ്പെട്ടതോ സാക്ഷാല്‍ ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാനില്‍. നിര്‍മ്മാണത്തിന് പണംപിരിക്കലും ഭക്ഷണം സംഘടിപ്പിക്കലും ഫിലിം വാങ്ങാന്‍ ഓടലും അഭിനയിക്കാന്‍ നടക്കലും- ഈ സിനിമയില്‍ കൂടുതലും നടത്തമാണ് -ഒക്കെക്കൂടി. സംഭവം രസകരമായി നീങ്ങി. സംവിധായകന് യാത്രചെയ്യാന്‍ കാര്‍ വേണമെന്നൊന്നും നിര്‍ബ്ബന്ധമില്ല, അത് ഓട്ടോറിക്ഷയായാലും സൈക്കിളായാലും ഇനി നടത്തമാണെങ്കില്‍ക്കൂടി ജോണിന് സന്തോഷമാണ.് അപ്പോഴാണ് ശോഭീന്ദ്രന്‍ മാഷും മോട്ടോര്‍ ബൈക്കും പച്ചവേഷങ്ങളില്‍ അവതരിക്കുന്നത്. അതോടെ സംവിധായകന്‍ തന്റെ വാഹനം ബൈക്കിലേക്ക് മാറ്റി. തുടര്‍ന്നങ്ങോട്ട് ശോഭീന്ദ്രന്‍ മാഷാണ് ജോണിന്റെ സാരഥി. ജോണ്‍ കയറിയിരുന്നാല്‍ എവിടെയൊക്കെ നിര്‍ത്തണം എന്ന് മാഷിനേക്കാള്‍ നന്നായി ബൈക്കിന് അറിയാം എന്ന നിലയിലെത്തി കാര്യങ്ങള്‍. ചുവന്ന ലൈറ്റ് കത്തുന്ന കേരളത്തിന്റെ സാധാരണക്കാരുടെ വീഞ്ഞുകടകള്‍ക്കു മുമ്പിലെത്തിയാല്‍ ജോണ്‍ പുറകില്‍നിന്നും ഒരു വിളിയാണ്, ശോഭീ... മാഷ് വിളികേള്‍ക്കുംമുമ്പേ വണ്ടി വിളി കേള്‍ക്കും. വണ്ടിക്കറിയാമല്ലോ ജോണിനെ! രാവിലെത്തന്നെ ചാരായഷാപ്പിനു മുന്നില്‍ ബൈക്കുമായി, അകത്തുപോയ ആളിനെ കാത്തുനില്‍ക്കുന്ന തങ്ങളുടെ പ്രൊഫസറെക്കാണുന്ന കുട്ടികളും സഹപ്രവര്‍ത്തകരും പലപ്പോഴും മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ട്.

മാസങ്ങള്‍ നീണ്ടുനിന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. ഇനി ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ പരിപാടികള്‍ക്കായി ജോണിനു തിരുവനന്തപുരത്തു പോകണം. എങ്ങനെ പോകും എന്ന കാര്യത്തില്‍ ജോണ്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു, രാജ്ദൂതില്‍ തന്നെ. ആദ്യം എല്ലാവരും എതിരുപറഞ്ഞെങ്കിലും, തിരുവനന്തപുരത്ത് ഒന്നുരണ്ടു മാസത്തേക്ക് കാര്‍ വാടകക്കെടുക്കാനൊന്നും നിവൃത്തിയില്ലാത്തതുകൊണ്ട് മാഷിനെയും ജോണിനെയും രാജകീയമായിത്തന്നെ രാജ്ദൂതില്‍ യാത്രയാക്കി. ഉടുത്ത വസ്ത്രമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്ന ജോണ്‍ പിറകില്‍നിന്നും ഊര്‍ന്നു താഴെപ്പോകാതിരിക്കാനായി മാഷിന്റെ പെട്ടി വണ്ടിയുടെ പുറകിലെ കരിയറില്‍ വെച്ച് കെട്ടി. ജോണ്‍ സാന്‍ഡ്വിച്ച് ആയി (സോറി ആ യാത്രയുടെ കമന്ററി എന്റെ പക്കലില്ല).

ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിങ് നടന്നിരുന്നത്. ഹോട്ടല്‍ മുറിയിലൊന്നും താമസിക്കാന്‍ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് അന്നത്തെ കെ. എസ്.എഫ്.ഡി.സിയുടെ എം.ഡി. ആയിരുന്ന ഷാജി എന്‍. കരുണ്‍ തന്റെ പേരുപോലെ കാരുണ്യവാനായി. ഫ്ളോറിനു മുകളില്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഡോര്‍മെറ്ററി പോലുള്ള രണ്ടു മൂന്നു മുറികള്‍ ദരിദ്രവാസികളായ ഞങ്ങള്‍ക്ക് അനുവദിച്ചുതന്നു. ജോണും സംഘവും അവിടെ ചേക്കേറി. താഴത്തെ ഫ്ളോറില്‍ അക്കാലത്ത് മമ്മൂട്ടി സ്നേഹമുള്ള സിംഹമായി നടിക്കുന്നുണ്ടായിരുന്നു. താഴെ ഷൂട്ട് നടക്കുമ്പോള്‍ ജോണ്‍ നിശ്ശബ്ദനാകും. എല്ലാവരോടും ബഹളമുണ്ടാകാതിരിക്കാന്‍ പറയും, 'അവര് ചുമ്മാ അവരുടെ ജോലിയെടുക്കട്ടെ, നമ്മളായിട്ട് ബുദ്ധിമുട്ടാക്കണ്ട.' അതായിരുന്നു ജോണ്‍ ലൈന്‍. ബാലചന്ദ്രമേനോനും തന്റെ സിനിമയുടെ ജോലികള്‍ക്കായി അവിടെ ഉണ്ടായിരുന്നു. അതേപ്പറ്റി അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ജോണ്‍ അവിടെയുള്ളതറിഞ്ഞ് ജോണിനെയും ക്ഷണിക്കുന്നു, ജോണിന്റെ മറുപടി ഇങ്ങിനെ, 'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം?' ആര്‍ക്കും ജോണ്‍ ഒരു പ്രശ്നമായിരുന്നില്ല. പ്രശ്നമായിരുന്നത് കൂടെയുള്ള ഞങ്ങള്‍ക്കൊക്കെ ആയിരുന്നല്ലോ. ചിത്രാഞ്ജലിക്കഥ അവിടെ നില്‍ക്കട്ടെ. അത് ഒരുപാട് എപ്പിസോഡുകള്‍ അപഹരിച്ചേക്കാം. നമുക്ക് മോട്ടോര്‍ ബൈക്കില്‍ കയറാം.

ഡബ്ബിങ് കഴിഞ്ഞ് എല്ലാവരും കെട്ടുകെട്ടി. ജോണ്‍ മാത്രം പിന്നെയും അവിടെ തങ്ങി, ഇനിയും ജോലികള്‍ ബാക്കിയുണ്ടല്ലോ. മാഷിന് തിരിച്ചുപോകണം, എനിക്കും പോകണം. അപ്പോള്‍ മാഷ് പറഞ്ഞു, 'നീ ഇതുവരെ ലോങ് ഓടിച്ചിട്ടില്ലല്ലോ, ഒരു കാര്യം ചെയ്യ്, ഇവിടന്നങ്ങോട്ട് നീ ഓടിച്ചോ.' മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ കിട്ടുന്ന ഒരവസരവും അന്നും ഇന്നും ഞാന്‍ പാഴാക്കാറില്ല. മാത്രവുമല്ല കോളേജില്‍ പഠിക്കുന്നകാലത്തുതന്നെ മാഷിന്റെ ബൈക്കിന്റെ റിപ്പയര്‍ വര്‍ക്കുകള്‍ നടത്തി ഞാനൊരു മെക്കാനിക്ക് ആണെന്ന് ചുരുങ്ങിയപക്ഷം മാഷിനെങ്കിലും ഒരു ഐഡിയ ഞാന്‍ കൊടുത്തിരുന്നല്ലോ. മോട്ടോര്‍വാഹനങ്ങളോടുള്ള കമ്പവും അന്നത്തെ ചോരത്തിളപ്പുംകൂടിയായപ്പോള്‍ ഞാന്‍ അതങ്ങ് ഏറ്റു. അങ്ങനെ യാത്ര ആരംഭിച്ചു. ഫ്ളാഗ് ഓഫ് ചെയ്തത് സാക്ഷാല്‍ ജോണ്‍!

Content Highlights: an excerpt from theepidicha parnasaalakal by joy mathew


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented