കാലിഫോര്‍ണിയ: അമേരിക്കന്‍ കവിയും നോവലിസ്റ്റുമായ ജാസണ്‍ മോട്ടിന്റെ ഹെല്‍ ഓഫ് എ ബുക് എന്ന നോവല്‍ ഈ വര്‍ഷത്തെ നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡിനര്‍ഹമായി. ഘടനാപരമായും ആശയപരമായും ധീരമായ ഒരു അന്വേഷണം നടത്തിയ നോവലാണ് ഹെല്‍ ഓഫ് എ ബുക് എന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരേ സമയം ആസ്വാദനത്തിന്റെ രസച്ചരടും ആഴത്തിലുള്ള വീക്ഷണവും നോവലിലുടനീളം എഴുത്തുകാരന്‍ കാത്തുസൂക്ഷിച്ചിരിക്കുന്നുവെന്ന് നിരൂപകര്‍ വിലയിരുത്തിയ പുസ്തകമാണ് ഹെല്‍ ഓഫ് എ ബുക്. 

സമീപകാലങ്ങളിലായി അമേരിക്കന്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരുടെ വിലാപമാണ് തന്റെയീ നോവലെന്ന് എഴുത്തുകാരന്‍ പ്രതികരിച്ചു. ഓരോ കറുത്തവംശജനും എങ്ങനെയാണ് സ്വയം സംരക്ഷിച്ചുകൊണ്ട് അമേരിക്കന്‍ നിരത്തുകളിലൂടെ നടക്കുന്നതെന്ന് ലോകമറിയണം. വംശവെറിയുടെ തലമുറക്കൈമാറ്റവും ആത്മപീഡനങ്ങളുമാണ്് സൂട്ട് എന്ന കറുത്തവംശജനായ ബാലനിലൂടെ അവതരിപ്പി്ക്കുന്ന നോവലാണ് ഹെല്‍ ഓഫ് എ ബുക്. 

''വംശവെറി തലയ്ക്കുപിടിച്ച എല്ലാ കുരുന്നുമക്കള്‍ക്കുമായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലോകത്തിലെ എല്ലാ ജനതയ്ക്കുമായി, വര്‍ഗീയത അന്നമാക്കിയ വിചിത്രമനുഷ്യര്‍ക്കായി, നിരന്തരം പരിഹസിക്കപ്പെട്ടവര്‍ക്കായി, മുന്നില്‍ മറ്റൊരു പോംവഴികളുമില്ലാതെ നിലവിലെ ലോകത്താല്‍ തെറ്റിദ്ധരിക്കപ്പെട്ട് ജീവിക്കുന്നവര്‍ക്കായി, ഭാവനയ്ക്കപ്പുറത്തേക്ക് വളരാന്‍ അനുമതി തന്നവര്‍ക്കായി, സ്വപ്‌നം ഉപേക്ഷിക്കാന്‍ കൂട്ടാത്തവര്‍ക്കായി, നിരാസത്തില്‍ തളരാത്തവര്‍ക്കായി, സത്യത്തിലും സ്‌നേഹത്തിലും സ്വത്വപ്രതിസന്ധിയിലും തകരാത്തവര്‍ക്കായി ഞാനീ  നോവല്‍ സമര്‍പ്പിക്കുന്നു'' എന്നാണ് ജാസണ്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചത്. 

2013-ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ദ റിട്ടേണ്‍ഡ് എന്ന നോവലിലൂടെ സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ജാസണ്‍ മോട്ട്. മിറോസി പട്ടണത്തില്‍ മരണമടഞ്ഞവരുടെ പുനര്‍ജന്മം പ്രമേയമാക്കിയ ദ റിട്ടേണ്‍ഡ് പിന്നീട് യു.എസ്സില്‍ ടി.വി പരമ്പരയായി പുനരാഖ്യാനം ചെയ്തിരുന്നു. 

Contnet Highlights : American writer Jason Mott dedicates his US national award hell of a book