ചെന്നൈ: പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടിയ കോവിഡ് കാലത്തെ സൂചിപ്പിക്കുംവിധം പ്രവചന സ്വഭാവത്തോടെയുള്ള അംബികാസുതന്‍ മാങ്ങാടിന്റെ ചെറുകഥ 'പ്രാണവായു' ഹിന്ദിയിലേക്ക്. ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ കഥ കോവിഡ് രൂക്ഷമായകാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

ഇതിനകം ഇംഗ്ലീഷിലും കന്നഡയിലും പുറത്തിറങ്ങിയിട്ടുള്ള 'പ്രാണവായു' കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായ ഡോ. എസ്. സുമയാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റിയത്. 16 കഥകളടങ്ങുന്ന സമാഹാരം 'പ്രാണവായു' എന്ന പേരില്‍ത്തന്നെയാണ് പുസ്തകമാക്കിയിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ വാണിപ്രകാശാണ് പ്രസാധകര്‍. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭൂരിഭാഗം കഥകളും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചവയാണ്. പരിസ്ഥിതി, സ്ത്രീപക്ഷ, തെയ്യം കഥകള്‍ എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു.

നോവലും കഥയുമൊക്കെ മൊഴിമാറ്റിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തന്റെ കഥാസമാഹാരം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ''ആറുവര്‍ഷം മുമ്പ് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലെ ഒരു പരിസ്ഥിതി സെമിനാറിലെ പ്രഭാഷണത്തിനിടെയാണ് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയെക്കുറിച്ചുള്ള ചിന്ത മനസ്സിലേക്ക് വരുന്നത്. പത്തുവര്‍ഷം മുമ്പ് കടയില്‍നിന്ന് പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന കാലം വരുമെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇനിയും പത്തുവര്‍ഷം കഴിയുമ്പോള്‍ പ്രാണവായുവും പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് സദസ്സിനോട് പറഞ്ഞാണ് പ്രഭാഷണം അവസാനിപ്പിച്ചത്. വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ആ ചിന്ത എന്നെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥതയില്‍നിന്നാണ് 'പ്രാണവായു'വിന്റെ പിറവി''- അദ്ദേഹം പറഞ്ഞു. ''വാരാന്തപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ത്തന്നെ കഥ ചര്‍ച്ചയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ഓക്‌സിജന്‍ പാര്‍ലര്‍ തുറന്നപ്പോള്‍ കഥ വീണ്ടും ശ്രദ്ധനേടി.

കോവിഡ് കാലത്താണ് 'പ്രാണവായു' ഏറ്റവുമധികം വായിക്കപ്പെട്ടത്. 2015-ല്‍ കഥയെ വികലഭാവനയെന്ന് വിമര്‍ശിച്ച ഒരു വായനക്കാരന്‍ മാപ്പുപറഞ്ഞ് ഫോണ്‍ വിളിക്കുകപോലും ചെയ്തു. പരിസ്ഥിതിയെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതുകൊണ്ടാണ് കഥയിലും ആ സൂക്ഷ്മാംശം കടന്നുവരുന്നത്. പ്രകൃതിയെ നിരന്തരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ തോന്നുന്ന ഭയാശങ്കകളാണ് രചനകളാകുന്നത്. ഓരോ രചനയും മുന്നറിയിപ്പുകളാണ്. പ്രകൃതിയിലെ കൈയേറ്റങ്ങള്‍ക്കെതിരേ എന്നും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, ക്വാറി സമരമുഖങ്ങളില്‍ സജീവമാണ്. എഴുത്തും സമരത്തിന്റെ വഴിയായി മാറുകയാണ്''- അദ്ദേഹം പറഞ്ഞു. ചെന്നൈ അയനാവരത്താണ് അംബികാസുതന്‍ മാങ്ങാട് താമസിക്കുന്നത്.

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ വാങ്ങാം

 

Content Highlights :ambikasuthan mangad story pranavayu translated in hindi