സന്തോഷ് കുമാര്‍,

Ascent to Glory എന്ന എന്റെ പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ് താങ്കള്‍ mathrubhumi.com -ല്‍ എഴുതിയതായി അറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ എനിക്കു മലയാളം അറിയില്ല. പക്ഷേ, 'ഗൂഗിള്‍ ട്രാന്‍സ്ലേറ്റി'ന്റെ സഹായത്തോടെ ഞാന്‍ അതു വായിച്ച് ഏകദേശം മനസ്സിലാക്കി.

വിശദമായ ഒരു റിവ്യൂ എഴുതിയതിന് ഏറെ നന്ദി. എനിക്ക് അതു വളരെ ഇഷ്ടപ്പെട്ടു. ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് മലയാളത്തില്‍ ഇത്രയും ജനകീയനാണെന്നതിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചിട്ടില്ല എന്നു താങ്കള്‍ എഴുതിക്കണ്ടു. അതിനെക്കുറിച്ച് എനിക്കു കൂടുതല്‍ അറിയണമെന്നുണ്ട്. വിവരങ്ങള്‍ തന്നു സഹായിക്കാമോ?

എങ്കില്‍ അതെനിക്ക് ഈ പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ പുസ്തകത്തിന്റെ നേരിട്ടുള്ള വിവര്‍ത്തനമായിട്ടല്ല അതു വിഭാവനം ചെയ്യുന്നത്, പകരം ഇംഗ്ലീഷിലും സ്പാനിഷിലും വരുന്ന ഒരു ഇരട്ട പുസ്തകംപോലെ. റിവ്യൂ ഇംഗ്ലീഷിലേക്കും വരണമെന്ന് ആഗ്രഹിക്കുന്നു. താങ്കള്‍ക്കും പത്രാധിപര്‍ക്കും എന്റെ നന്ദി. എന്റെ പുസ്തകത്തെക്കുറിച്ച് ഇതുവരെ വന്ന ഏറ്റവും മനോഹരമായ റിവ്യൂ ആണിത്.

അതിന്റെ ഒരു പ്രിന്റ് കോപ്പി അയച്ചുതരാന്‍ ബുദ്ധിമുട്ടുണ്ടാകുമോ? അച്ചടിച്ച ഒരു കോപ്പി വേണമെന്ന് എനിക്കുണ്ട്. ബന്ധുമിത്രാദികളെല്ലാവരും സുരക്ഷിതരാണെന്നു കരുതട്ടെ. കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍നിന്നു വരുന്ന വാര്‍ത്തകളില്‍ വലിയ സങ്കടമുണ്ട്.

ആശംസകളോടെ

അല്‍വാരോ

(അല്‍വാരോ സന്താനാ അക്യുന്യ വാഷിങ്ടണിലെ വിറ്റ്മാന്‍ കോളേജില്‍ സോഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. കൂടാതെ മാര്‍ക്കേസ്, ഫോക്നര്‍, ഹെമിങ്വേ, ജോയ്സ്, ബോര്‍ഹസ്, കോര്‍തസാര്‍, വെര്‍ജീനിയ വുള്‍ഫ് എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ സമാഹരിച്ച് ഒരുക്കുന്ന 'ഗബ്രിയല്‍ ഗാര്‍സ്യ മാര്‍ക്കേസ്: ആഗോള എഴുത്തുകാരന്റെ നിര്‍മിതി' എന്ന പ്രദര്‍ശനത്തിന്റെ ക്യൂറേറ്ററും)

അസെന്റ് റ്റു ഗ്ലോറി എന്ന പുസ്തകത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച റിവ്യു വായിക്കാം

Content Highlights: Alvaro Santana Acuña's reply Mathrubhumi  Ascent to Glory Book review