കുമരനല്ലൂര്‍ (പാലക്കാട്): മഹാകവി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യം കമ്യൂണിസ്റ്റ് വിരുദ്ധ രചനയായിമാത്രം വിലയിരുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജ്ഞാനപീഠപുരസ്‌കാരം സമര്‍പ്പിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' ഒരു കമ്യൂണിസ്റ്റ്വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതിക്കണ്ടിട്ടുണ്ട്. ഈ കൃതിയെയും വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കല്‍' എന്ന ഖണ്ഡകാവ്യത്തെയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃദപൂര്‍ണമായ വിമര്‍ശനമായി എന്തുകൊണ്ട് കണ്ടുകൂടാ. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിന്റെ വരികള്‍ ആരെഴുതിയതാണെന്നുപോലും അറിയാതെ സാധാരണക്കാരും ആവര്‍ത്തിക്കുന്നുണ്ട്. 

യൗവ്വനകാലത്ത് നമ്പൂതിരിസമുദായത്തിലെ പരിഷ്‌കരണസംരംഭങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എഎസ്. നമ്പൂതിരിപ്പാടിനോടുമൊപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ട്. അന്ന് തന്റെ സഹപ്രവര്‍ത്തകരില്‍ ഏറെപ്പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരായിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു ദര്‍ശനത്തിന്റെ കാഴ്ചപ്പാടിലൂടെമാത്രം നയിക്കപ്പെടാനുള്ള തന്റെ മനസ്സിന്റെ വിമുഖതയെക്കുറിച്ചും അക്കിത്തം എഴുതിയിട്ടുണ്ട്. ആത്യന്തിക ധര്‍മത്തിലേക്കുള്ള ദുരൂഹമായ നിരവധി വഴികളെക്കുറിച്ച് ബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം അതാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Content Highlights: Akkitham is not a anti communist poet CM Pinarayi Vijayan