കോഴിക്കോട്: നിര്‍മലമനസ്സുള്ള നിഷ്‌കളങ്കനായ സുഹൃത്തായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ എഴുത്തിനും ആ നിഷ്‌കളങ്കതയും അധ്യാപകന്റേതായ ശൈലിയുടെ ചാരുതയുമുണ്ട്. മാനുഷികമായ നിരീക്ഷണമാണ് അക്ബറിന്റെ എഴുത്തിലെ സവിശേഷത എം.ടി. പറഞ്ഞു.

കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രഥമ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം എന്‍.എസ്. മാധവന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. 'പഞ്ചകന്യകകള്‍' എന്ന കഥാസമാഹാരമാണ് മാധവനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അരലക്ഷം രൂപയാണ് സമ്മാനത്തുക.

നിഷ്‌കളങ്കമായ പ്രതിഫലം ഇച്ഛിക്കാത്ത സ്‌നേഹം നല്‍കിയൊരാള്‍ ഒന്നുംപറയാതെ ഇറങ്ങിപ്പോയതിലെ ദുഃഖം ചെറുതല്ല. മരിക്കുന്നതിന് ഒരാഴ്ചമുമ്പ് മുന്‍കൂട്ടി അറിയിക്കാതെ അക്ബര്‍ കാണാനെത്തിയിരുന്നു. അസുഖത്തെക്കുറിച്ച് ഒരു കാര്യവും പറയാതെയാണ് മടങ്ങിയത് എം.ടി. പറഞ്ഞു.

മരണത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന് സരസമായ തന്റെ കഥകളുടെ ശൈലിയില്‍ നമ്മെ പഠിപ്പിച്ചുകൊണ്ടാണ് അക്ബര്‍ കക്കട്ടില്‍ കടന്നുപോയതെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. ചിരിപ്പിക്കുകയല്ലാതെ ആരെയും കരയിപ്പിക്കരുതെന്ന് ആഗ്രഹിച്ചതിനാലാവാം അക്ബര്‍ കക്കട്ടില്‍ യാത്രപറയാതെ പോയതെന്ന് അനുസ്മരണപ്രഭാഷണത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ചിരിക്കുപകരം തണുത്ത സഹതാപവുമായി ആരും വരേണ്ടെന്നും അദ്ദേഹം കരുതിയിരിക്കാം. പോകുന്നിടത്തെല്ലാം സ്വന്തംഗ്രാമത്തിന്റെ നന്മകള്‍ കൂടെക്കൊണ്ടുനടന്നതിനാല്‍ കാലുഷ്യമില്ലാതെ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞു. മാതൃഭൂമിയുമായി അടുത്ത ബന്ധുക്കളില്‍ മുന്‍നിരയിലാണ് അക്ബര്‍ കക്കട്ടിലിന്റെ സ്ഥാനമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് പ്രസിഡന്റ് ശത്രുഘ്‌നന്‍ അധ്യക്ഷനായി. അക്ബര്‍കക്കട്ടിലിന്റെ 'ഇനി വരില്ല പോസ്റ്റ്മാന്‍' എന്ന പുസ്തകം സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്തു. വി.എം. ചന്ദ്രന്‍ ഏറ്റുവാങ്ങി. ഡോ. എം.എം. ബഷീര്‍, കെ.കെ. ല തിക, പോള്‍ കല്ലാനോട്, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, എം.എസ്. സജി, വി.പി. റഫീഖ്, എ.കെ. അബ്ദുല്‍ഹക്കീം, എന്‍.പി. ഹാഫിസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.