കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം ആദിത്ത് കൃഷ്ണ ചെമ്പത്തിന്. 'കടുവന്റെ യാത്ര' എന്ന കൃതിക്കാണ് പുരസ്‌കാരം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.
പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി നല്‍കി വരുന്നതാണ് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംവിധായകനും അഭിനേതാവും കൂടിയായ ആദിത്ത് കൃഷ്ണയ്ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടത്തനാട് മാധവിയമ്മ പുരസ്‌കാരം, ഉജ്ജ്വല ബാല്യം പുരസ്‌കാരം (കേരളസര്‍ക്കാര്‍), ഐ.ആര്‍. കൃഷ്ണന്‍ മേത്തല എന്‍ഡോവ്മെന്റ്, ഗീതകം നവമുകുള കഥാപുരസ്‌കാരം, പി.കെ.റോസി എ. അയ്യപ്പന്‍ കവിതാ സമ്മാനം മുതലായവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ മൂന്ന് തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളേജില്‍ ഒന്നാംവര്‍ഷ മലയാളം വിദ്യാര്‍ത്ഥിയാണ് ആദിത്ത് കൃഷ്ണ.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി.ബാബുരാജന്‍ എന്നിവര്‍ അംഗങ്ങളും, സി.കെ. ബാലകൃഷ്ണന്‍ കണ്‍വീനറുമായ വിധിനിര്‍ണയ സമിതി ആണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബര്‍ അവസാനം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Content Highlights: Adith Krishna Wins NN Kakkad Award