തിരുവനന്തപുരം: അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ശക്തി ടി.കെ. രാമകൃഷ്ണന്‍ സാംസ്‌കാരിക പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അര്‍ഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിജ്ഞാനസാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. അനില്‍ വള്ളത്തോളിനും (എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം) കഥയ്ക്ക് ജോണ്‍സാമുവലിനും (യഥാസ്തു) നോവലിനുള്ളത് എല്‍. ഗോപീകൃഷ്ണനും (ഞാന്‍ എന്റെ ശത്രു) പുരസ്‌കാരം ലഭിച്ചു.

കവിതാപുരസ്‌കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ. സന്ധ്യ (അമ്മയുള്ളതിനാല്‍)യും പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതിക്കാണ്.

നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഡോ. സന്തോഷ് വള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി. നാരായണന്‍ (കൃതികള്‍ മനുഷ്യകഥാനുഗായികള്‍) എന്നിവര്‍ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി - എരുമേലി അവാര്‍ഡ് ഭാസുരാദേവി (പി.കെ. കുഞ്ഞച്ചന്റെ ഭാസുര ഓര്‍മകള്‍), ഡോ. ഗീനാകുമാരി (സുശീലാ ഗോപാലന്‍ ജീവിതകഥ) എന്നിവരും പങ്കിട്ടു.

നാടകത്തിനുള്ള അവാര്‍ഡ് ടി. പവിത്രന്‍ (പ്രാപ്പിടിയന്‍) ചേരമംഗലം ചാമുണ്ണി (ജീവിതത്തിന്റെ ഏടുകള്‍) എന്നിവര്‍ക്കാണ്.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍. രണ്ട് പുരസ്‌കാര ജേതാക്കളുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കുമെന്ന് പുരസ്‌കാരസമിതി ചെയര്‍മാന്‍ പി. കരുണാകരന്‍, അംഗം എം.വി. ഗോവിന്ദന്‍, കണ്‍വീനര്‍ എ.കെ. മൂസ എന്നിവര്‍ അറിയിച്ചു.

Content Highlights: Abu Dhabi literary award for T Padmanabhan