എബ്രഹാം ഇട്ടിച്ചെറിയ
കോട്ടയം: 'ആയിരം മാസം ജീവിക്കുക. ആയിരം പൂര്‍ണചന്ദ്രനെ കാണുക. ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതാണ്. ദൈവത്തോട് നന്ദി പറയേണ്ട ബാധ്യതയുണ്ട്''- 'വാരണാസി'യില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ ആ വാക്കുകളില്‍ വിശ്വസിക്കുകയാണ് കോട്ടയത്തിന്റെ സാംസ്കാരിക നായകന് ചക്കാലയില്‍ എബ്രഹാം ഇട്ടിച്ചെറിയ. നാലര പതിറ്റാണ്ടായി വായനയും ഫുട്ബോളും നാടകവും ബിസിനസും ജീവവായു പോലെ കൊണ്ട് നടക്കുന്ന മറ്റൊരാള്‍ കോട്ടയത്ത് ഉണ്ടാവുമോ. കഴിഞ്ഞ നാല്പത് വര്‍ഷമായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ എല്ലാമെല്ലാമായ പ്രസിഡന്റ്. ജവഹര്‍ ബാലഭവന്റെ ചെയര്‍മാനുമായ അദ്ദേഹത്തിന്റെ നേതൃപദവികള്‍ പലതാണ്.
പിന്നിട്ട ആ വഴികള്‍
കോട്ടയം സി.എം.എസ് കോളേജിലെ ബിരുദപഠനശേഷം മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലും ഡല്‍ഹി സര്‍വകലാശാലയിലും പഠിച്ച നാളുകളിലാണ് എബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറികളുടെ വിശാലലോകം കണ്ടറിഞ്ഞത്. അത് കൊണ്ട് തന്നെ കോട്ടയത്തെ ലൈബ്രററിയുടെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ അന്ന് കണ്ട ലൈബ്രറിയായിരുന്നു മനസില്‍. 1977മുതല്‍ അഞ്ച് വര്‍ഷം കോട്ടയം പബ്ളിക് ലൈബ്രററിയുടെ സെക്രട്ടറി പദം. ഇപ്പോഴും ആ ലൈബ്രററിയുടെ പ്രസിഡന്റ് പദവി. അതിനുശേഷമാണ് ലൈബ്രറി ഉയരങ്ങള്‍ കീഴടക്കിയത്. രണ്ടു നിലകളിലായുള്ള പ്രധാനകെട്ടിടം മുതല്‍ 32 അടി ഉയരത്തില്‍ 62 ലക്ഷം രൂപ മുടക്കി ശില്പി കാനായിക്കുഞ്ഞിരാമന്റെ അക്ഷര ശില്പം വരെ നീളുന്ന ആ മഹിമ.
''ലൈബ്രറിയുടെ സമീപത്ത് വെറുതെ കുറച്ച് സ്ഥലം കിടന്നാല്‍ പിന്നീട് അവിടെ കെട്ടിടങ്ങള്‍ വരുമോയെന്ന് തോന്നിയതുകൊണ്ടാണ് ശില്പം തീര്‍ത്തത്''-എബ്രഹാം ഇട്ടിച്ചെറിയ പറയുന്നു. അതിനും ചില്ലറ പ്രയത്നമല്ല വേണ്ടി വന്നത്. ഇതേ കാര്യത്തിന് കാനായി കുഞ്ഞിരാമനെ കാണാന്‍ തിരുവനന്തപുരത്ത് പോയത് 21 തവണ. പല തവണ പോയി ഒടുവില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലെ മേശപ്പുറത്ത് നിലവില്‍ ലൈബ്രറിയില്‍ പണിതുയര്‍ത്തിയ 'അക്ഷരശില്പ'ത്തിന്റെ മിനിയേച്ചര്‍ രൂപം. ഇത് പോരേയെന്ന ചോദ്യത്തിന് മനസ് നിറഞ്ഞ എബ്രഹാം ഇട്ടിച്ചെറിയയുടെ കണ്ണുകള്‍ മാത്രം മതിയായിരുന്നു മറുപടിയായിട്ട്.
പുസ്തകങ്ങള്‍ മനസ് നിറഞ്ഞ്
രണ്ട് ലക്ഷം പുസ്തകങ്ങളാണ് കോട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ വായക്കാരെ കാത്തിരിക്കുന്നത്. 40000 പുസ്തകങ്ങള്‍ അടങ്ങിയ റഫറന്‍സ് വിഭാഗവും ഒരേ സമയം 30 പേര്‍ക്ക് ഗവേഷണം നടത്താനാകുന്ന വിഭാഗവുമുണ്ട്. നിലവില്‍ 5500 അംഗങ്ങളാണുള്ളത്. ന്യൂസ് പേപ്പര്‍ ഗസറ്റ് ആര്‍ക്കേവ്സും അടക്കമുള്ള ലൈബ്രറിയുടെ സ്വത്തുക്കള്‍ പരിപാലിക്കുന്നത് 16 ജീവനക്കാര്‍ ചേര്‍ന്നാണ്. പ്രധാന ലൈബ്രറിയ്ക്ക് പുറമേ ആനത്താനം, കാഞ്ഞിരം എന്നിവിടങ്ങളില്‍ രണ്ട് ഗ്രാമീണ വായനശാലകള്‍ നിര്‍മ്മിച്ച് നടത്തുന്നതും ആ നേതൃമികവിന്റെ കാഴ്ചകളാണ്. സാക്ഷരതയ്ക്കും മലയാള ഭാഷയ്ക്കും ഏറെ സംഭാവന നല്കിയ പി.എന്‍ പണിക്കരുടെ സ്മരണയ്ക്കായി അഞ്ചു ലക്ഷം രൂപ മുടക്കി ഇദ്ദേഹത്തിന്റെ നീലംപേരൂരിലെ ജന്മഗൃഹം നവീകരിക്കുന്നു. ഇതിനായി ലൈബ്രറി പൊതുയോഗം തീരുമാനമെടുക്കുമ്പോള്‍ അത് എബ്രഹാം ഇട്ടിച്ചെറിയയ്ക്ക് അക്ഷരങ്ങളോടും മാതൃഭാഷയോടുമുള്ള അടങ്ങാത്ത ഇഷ്ടം തിരിച്ചറിയാന്‍ കഴിയുന്ന ഏറ്റവും പുതിയ നിമിഷങ്ങളാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരുമ്പോഴും പാരമ്പര്യ ബിസിനസും മികവിന്റെ ഇടമാക്കാനും മുന്നിലുണ്ട്. കോട്ടയം ചക്കാലയില്‍ പരേതനായ സി.ഐ എബ്രഹാമിന്റെ ഏകമകന് പാരമ്പര്യമായി കിട്ടിയ സി.ഐ ഏബ്രഹാം ആന്‍ഡ് കമ്പനി മാനേജിങ് പാര്‍ട്ണര്‍ പദവിയിലും കഴിഞ്ഞ 60 വര്‍ഷമായി തിളക്കമാര്‍ന്ന വിജയം. ''മനസ് വെച്ചാല്‍ നേടാന്‍ കഴിയാത്തതൊന്നുമില്ല. വിജയമെന്നത് സ്ഥിരമായ ലക്ഷ്യമായിരിക്കണം. ഒരു കാര്യത്തില്‍ ഇറങ്ങിത്തിരിച്ചാല്‍ എതിര്‍പ്പുകള്‍ ഉണ്ടാകും. ഏത് ശക്തി ഉപയോഗിച്ചും അത് തരണം ചെയ്താല്‍ വിജയം കൂടെപ്പോരും'. അത് കൊണ്ട് ജീവിതത്തില്‍ അത്ര പരാജയങ്ങള്‍ നേരിട്ടിട്ടില്ല. തൊട്ടതൊക്കെ പൊന്നാക്കുമ്പോള്‍ ചില ചരിത്രങ്ങളും സ്വന്തമാക്കി. ലൈബ്രറിക്കുപുറമേ കോട്ടയം നഗരത്തിലെ മറ്റ് രണ്ട് പ്രധാന സാംസ്കാരിക കേന്ദ്രങ്ങളായ വൈ.എം.സി.എ, രാമവര്‍മ്മ യൂണിയന് ക്ലബ്, എന്നിവയുടെ നേതൃത്വം ഒരേ സമയം വഹിച്ചതിന്റെ ക്രെഡിറ്റും ആ പേരിലുണ്ട്. 2003 മുതലുള്ള രണ്ട് വര്‍ഷം.
ഫുട്ബോള്‍ ഇല്ലാതെ കോട്ടയം
''ഈ കോട്ടയത്ത് ഞാനെത്ര ഫുട്ബോള്‍ മത്സരം നടത്തിയിട്ടുണ്ട്്. ഐ.എം വിജയനേയും ജോപോള്‍ അഞ്ചേരിയേയുമൊക്കെ ഇവിടെയെത്തിച്ച് മത്സരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാ വീട്ടിലും ടി.വിയില്‍ ലോകപ്പ് കാണുന്നുണ്ട്. ഭയങ്കര ആവേശം. കോട്ടയത്ത് ഫുട്ബോള്‍ എന്ന കളിയേയില്ല. കളിക്കാന്‍ ഒരു മൈതാനവും ഇല്ല''. ടി.വിയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഹൃദയത്തിലേറ്റുമ്പോള്‍ കോട്ടയത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് വാചാലനാകുന്നു അദ്ദേഹം. കോട്ടയം സ്വദേശിയായ ഒളിമ്പ്യന്‍ സാലിയെപോലൊരു സ്പോര്‍ട്സ് താരത്തെ ഇനി എന്ന് കണ്ടെത്താന്‍ കഴിയുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെയ്ക്കുന്നു. ഇതിനൊക്കെ ജനങ്ങളുടെ പങ്കളാത്തം വേണമെന്നതില്‍ താര്ക്കമില്ല.
മുമ്പ് കുമരകം ശങ്കുണ്ണിമേനോന്‍ കോട്ടയത്തെ പ്രഗല്ഭ വക്കീലായിരുന്നപ്പോള്‍ തന്നെ നാടകവും വള്ളംകളിയിലുമൊക്കെ സ്വന്തമായ സാന്നിധ്യം രേഖപ്പെടുത്തി. അങ്ങനെയുള്ള ആളുകളുടെ സാന്നിധ്യം കുറയുന്നത് കോട്ടയത്തിന് ഗുണം ചെയ്യുന്നില്ല. ഇതിനൊക്കെ സമയം കളഞ്ഞ് മുന്നിട്ടിറങ്ങണം. ആര്‍ക്കും അതിനൊന്നും താല്പര്യം ഇല്ല. അത് കൊണ്ട് കോട്ടയത്ത് ഒരു കളിക്കാരനും ഉണ്ടാകുന്നില്ല. കളി കാണാനും അവസരമില്ല. ആരെങ്കിലും നേട്ടം കൈവരിക്കുന്നുണ്ടെങ്കില്‍ അന്വേഷിച്ചോളൂ അതിന് പിന്നില്‍ മറ്റൊരു സംസ്ഥാനത്തിന്റെ പിന്തുണയുെണ്ടന്ന അദ്ദേഹത്തിന്റെ വാദം തെറ്റാകുന്നില്ല.
വള്ളം കളിയും നാടകവും
വേമ്പനാട്ട് ബോട്ട് റെയ്സ്, താഴത്തങ്ങാടി വള്ളം കളിയൊക്കെ ആ പ്രവര്‍ത്തനമികവില്‍ മുന്നേറിയ മത്സരങ്ങള്‍. ഇടയ്ക്ക് അതിനൊപ്പം തുഴഞ്ഞ് മുന്നേറാന്‍ പലരും മടിച്ചപ്പോള്‍ മത്സരങ്ങള്‍ പിന്നോട്ടടിച്ചു. 19772ല്‍ നാട്ടകത്ത് താന്‍ ഉള്‍പ്പെടെ കുറച്ച് പേര് നേതൃത്വം നല്കി തുടക്കമിട്ട 'റൈഫിള്‍ ക്ലബ്' അടുത്തിടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ ആഹ്ളാദമുണ്ട്. നാല്പതുകളുടെ അവസാനം കോട്ടയം നാടകത്തിന്റെ തട്ടകമായിരുന്നു. ഇന്നത്തെ ബെസ്റ്റോട്ടല്‍ ഹോട്ടലിന്റെ സ്ഥലത്ത് ഉണ്ടായിരുന്ന സെന്‍ട്രല്‍ തീയേറ്ററില്‍ ഒരു കാലത്ത് തമിഴ്നാട്ടിലെ നവാബ് രാജമാണിക്യത്തിന്റെ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാഴ്ചക്കാരനായിരുന്നു. കാളിയമര്‍ദ്ദനം, ശബരിമല അയ്യപ്പന് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ കാണാന്‍ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ എല്ലാ നാടകസംഘങ്ങളേയും കോട്ടയത്തെത്തിക്കാനും മുന്നില്‍ നിന്നു.
ലൈബ്രറി 140-ാം വര്‍ഷവും ശതാഭിഷേകവും
ഏത് തിരക്കിലും നല്ല ഗൃഹനാഥനെന്ന ഗുഡ് ബുക്കിലും ആ പേരുണ്ട്. ഭാര്യ: ആനി ലല്ലി. മക്കള്‍: അനീറ്റ തോമസ്, ബിനീറ്റ വര്‍ഗീസ്, സി.ഐ. എബ്രഹാം, ആനി എബ്രഹാം. ഗൃഹനാഥന്റേയും ബിസിനസുകാരന്റേയും തിരക്കുകള്‍ മാറ്റിവെച്ചാല്‍ പ്രാണന് പോലെ എന്നും പബ്ലിക് ലൈബ്രറിയെ അദ്ദേഹം ചേര്‍ത്ത് പിടിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ആഘോഷവും എബ്രഹാം ഇട്ടിച്ചെറിയ എന്ന പ്രസിഡന്റിന്റെ വ്യക്തജീവിതത്തിന്റെ ആനന്ദം കൂടി ചേര്‍ന്നതാണ്. അത് കൊണ്ട് തന്നെ 140-ാം വര്‍ഷ ആഘോഷത്തിനൊപ്പം അദ്ദേഹത്തിന്റെ ശതാഭിഷേക ആഘോഷം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് കോട്ടയത്തെ അക്ഷര പ്രേമികള്‍. ആ ഊര്‍ജ്ജമാണ് ലോകത്തെ പല പുസ്തകവും കണ്മുന്നില് എത്തിച്ചതെന്ന് പുസ്തക പ്രേമികള്‍ക്കറിയാം.
Content Highlights: abraham itticheriya, librarian, kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..