യു.എ. ഖാദറിനെ അനുസ്മരിച്ച് കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഒരുക്കിയ സംസ്ഥാനതല ചിത്രകലാ ക്യാമ്പ് ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ വിശുദ്ധിയുടെ സര്‍ഗാത്മക സഞ്ചാരത്തിലൂടെ യു.എ. ഖാദര്‍ വരച്ചുവെച്ച അക്ഷരചിത്രങ്ങളെ കാന്‍വാസില്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുപ്പതില്‍പ്പരം ചിത്രകാരന്മാര്‍ എത്തിയിരുന്നു.

ഖാദറിന്റെ ബാല്യകൗമാരജീവിതവും പന്തലായനിയുടെ സാംസ്‌കാരിക ഭൂമികയും അടയാളപ്പെടുത്തുന്നതായിരുന്നു ക്യാമ്പിലെ ചിത്രങ്ങള്‍. യു.എ. ഖാദര്‍ പ്രാഥമികവിദ്യാഭ്യാസം നിര്‍വഹിച്ച കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. നാടിനു സമ്മാനിക്കുന്ന സ്മൃതിമന്ദിരമായിരിക്കും വിദ്യാലയത്തില്‍ ഒരുക്കുന്ന ആര്‍ട്ട് ഗാലറിയെന്ന് ആര്‍ട്ടിസ്റ്റ് മദനന്‍ പറഞ്ഞു. യു.എ. ഖാദറിന്റെ പുത്രന്‍ യു.എ. അദീബ്, സഹോദരന്‍ അമേത്ത് കുഞ്ഞഹമ്മദ് എന്നിവര്‍ചേര്‍ന്ന് ആര്‍ട്ടിസ്റ്റുകള്‍ക്ക് കാന്‍വാസുകള്‍ നല്‍കി. ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങള്‍ വിദ്യാലയത്തില്‍ ഒരുക്കുന്ന യു.എ. ഖാദര്‍ സ്മാരക ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും.

പി.ടി.എ. പ്രസിഡന്റ് യു.കെ. രാജന്‍ അധ്യക്ഷനായി. ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍, പ്രിന്‍സിപ്പല്‍ ഇ.കെ. ഷൈനി, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പല്‍ എ. ബീന, എ. സതീദേവി, എന്‍. ബഷീര്‍, പി.കെ. ബാബു, ഷാജി കാവില്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രകാരന്മാരായ രാജേന്ദ്രന്‍ പുല്ലൂര്‍, അഭിലാഷ് തെരുവോത്ത്, റഹ്മാന്‍ കൊഴുക്കല്ലൂര്‍, മേരി അര്‍മിന റോഡ്റിഗസ്, സായ് പ്രസാദ് ചിത്രകൂടം തുടങ്ങിയവര്‍ ക്യാമ്പനുഭവങ്ങള്‍ പങ്കുവെച്ചു.

Content highlights : a painting camp tribute to writer u.a. khader