Sethumadhavanഎടപ്പാള്‍: മൂന്നു പതിറ്റാണ്ടിലേറെക്കാലം അടുക്കളയിലെ കരിയും പുകയും മറച്ചുകളഞ്ഞ സേതുമാധവന്റെ മനസ്സിലെ പ്രതിഭ ഇപ്പോള്‍ നോവലായി തിളങ്ങുന്നു. താന്‍ താണ്ടിയ പാതകളിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും മഷി പുരണ്ടപ്പോള്‍ പിറവിയെടുത്ത 'വേട്ട' എന്ന നോവല്‍ സഹപ്രവര്‍ത്തകരിലും വായനക്കാരിലും വിസ്മയം തീര്‍ക്കുകയാണ്.

പുള്ളുവന്‍പടി സ്വദേശിയും ഹോട്ടലുകളിലെ പാചകക്കാരനുമായ സി. സേതുമാധവനാണ് (56) പാചകപ്പണിക്കിടയിലെ ഇടവേളകളിലൂടെ മനോഹരമായ ക്രൈംത്രില്ലര്‍ പുറത്തിറക്കിയത്. നാലാം വയസ്സില്‍ അച്ഛനുപേക്ഷിച്ചതുമുതല്‍ അമ്മയും ആറു മക്കളും പച്ചയായ ജീവിതത്തിനു മുന്നില്‍ പടവെട്ടുകയായിരുന്നു. വായനശാലയില്‍നിന്ന് പുസ്തകമെടുത്ത് വീടുവീടാന്തരം വിതരണം ചെയ്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് സേതു ജീവിതത്തെ അക്കാലത്ത് നേരിട്ടത്.

ഇതിനിടയില്‍ സ്വയം ഒരു വായനക്കാരനായും മാറി. സെയില്‍സ്മാനായും മെക്കാനിക്കായും വെല്‍ഡറായും പല വേഷങ്ങള്‍ കെട്ടിയാടിയപ്പോഴും വായനയെ കൈവിട്ടില്ല. ചെന്നൈയിലെ ഹോസ്റ്റല്‍ മെസ്സില്‍ ജോലിയിലിരിക്കെ 'കള്ളനോട്ട്' എന്ന ഒരു തിരക്കഥയെഴുതി കോടമ്പാക്കത്തും സാലിഗ്രാമിലുമെല്ലാം സംവിധായകരെ തേടിയലഞ്ഞു.

ഭാര്യയും കുട്ടികളുമൊക്കെയായതോടെ വയറിലെ വിശപ്പടക്കാന്‍ വീണ്ടും അടുക്കളയിലേക്കുതന്നെ തിരിഞ്ഞുനടന്നു. ഇതിനിടയില്‍ കണ്ടതും കേട്ടതുമൊക്കെയായ കാര്യങ്ങളാണ് ക്രൈംത്രില്ലറായി ഇപ്പോള്‍ പുറത്തിറങ്ങിയത്. സാഹിത്യകാരന്‍ പി. സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭാര്യ ഗീതയും മകന്‍ ശ്രീരാഗുമെല്ലാം അച്ഛന്റെ ത്രില്ലര്‍ ജീവിതത്തിനൊപ്പം ചേര്‍ന്നുനടക്കുകയാണിപ്പോള്‍.

Content Highlights :A Hotel Cook Sethumadhavan writes a Crime Thriller Novel