പാലക്കാട്: 'നേരം പുലരുകയും സൂര്യന്‍ സര്‍വതേജസ്സോടെ ഉദിക്കുകയും, കനിവാര്‍ന്നപൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും' -കോവിഡ്മാറി നല്ലനാളുകള്‍ വരുമെന്ന് പ്രത്യാശിക്കുന്ന ഈ കവിതയാണ് വെള്ളിയാഴ്ച രാവിലെ ബജറ്റ് അവതരണത്തിന് മന്ത്രി തോമസ് ഐസക് മുഖവുരയായി ചൊല്ലിയത്. അപ്പോള്‍ ഇതൊന്നുമറിയാതെ ചിതലി കല്ലയങ്കോണത്തെ ഓടുമേഞ്ഞവീടിനുള്ളില്‍ ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു എട്ടാംക്ലാസുകാരി സ്‌നേഹ.
അടച്ചിടല്‍കാലത്ത് സ്‌കൂളില്ലാതെയിരിക്കുമ്പോള്‍ സ്‌നേഹ കുത്തിക്കുറിച്ചവരികള്‍ സംസ്ഥാനബജറ്റിന്റെ ആമുഖമായി സ്ഥാനംപിടിച്ച് പുതുചരിത്രമെഴുതുന്നു. മന്ത്രിയുടെനാവിലൂടെ തന്റെ കുഞ്ഞുകവിത കേരളംമുഴുവന്‍ കേട്ടതിന്റെ ആഹ്‌ളാദത്തിലാണ് കുഴല്‍മന്ദം ജി.എച്ച്.എസ്. വിദ്യാര്‍ഥിനിയായ സ്‌നേഹയിപ്പോള്‍.
'കൊറോണയെ തുരത്താം' എന്നാണ് കവിതയുടെ പേര്, അതിനൊപ്പം കുട്ടിക്കവയിത്രിയുടെ പേരും സ്‌കൂളുമൊക്കെ പറഞ്ഞാണ് മന്ത്രി തുടങ്ങിയത്. അതോടെ അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച് സ്‌നേഹയുടെ ഫോണിലേക്ക് വിളികള്‍ ഒഴുകി. ധനമന്ത്രിയുടെ സെക്രട്ടറിയുടേതായിരുന്നു ആദ്യവിളി. വിവരമറിഞ്ഞതോടെ ആദ്യം അമ്പരപ്പിലായിരുന്നു സ്‌നേഹയും അമ്മ രുമാദേവിയും. വിവരമറിഞ്ഞ് പാടത്ത് ട്രാക്ടര്‍ ഓടിക്കുന്നതിനിടയില്‍നിന്ന് അച്ഛന്‍ കണ്ണനും വീട്ടിലേക്ക് ഓടിയെത്തി. പിന്നീട് അധ്യാപകരുടെയും കൂട്ടുകാരുടെയും അഭിനന്ദനപ്രവാഹങ്ങള്‍ക്ക് നടുവിലായി സ്‌നേഹ.
കോവിഡ്കാലത്ത് കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'അക്ഷരവര്‍ഷം' പദ്ധതിയിലേക്കായാണ് സ്നേഹ കവിത എഴുതിയത്. ക്ലാസ് ടീച്ചറായ കെ.പി. ബാബുവായിരുന്നു പ്രചോദനം. കൂട്ടുകാര്‍ ഒപ്പമില്ലാതായ അടച്ചിടല്‍കാലത്ത് മനസ്സില്‍ വന്നവരികള്‍ കുത്തിക്കുറിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു.
കഥയെഴുത്തിലാണ് കമ്പം, ഇടയ്ക്ക് കവിതകളും എഴുതും. വിദ്യാരംഗം ശില്‍പ്പശാലയില്‍ ഉപജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടകവിതയാണ് 'കൊറോണയെ തുരത്താം'. മാധവിക്കുട്ടിയുടെ കവിതകളോടാണ് കൂടുതല്‍ ഇഷ്ടം.
അച്ഛന്‍ കണ്ണന്‍ ട്രാക്ടര്‍ ഡ്രൈവറും കൂലിപ്പണിക്കാരനുമാണ്. അമ്മ രുമാദേവി വീട്ടമ്മ. മഴവെള്ളം വീഴാതിരിക്കാന്‍ മുകളില്‍ ടാര്‍പോളിന്‍ മറച്ചുവെച്ച ഓടിട്ടവീട്ടിലാണ് സ്നേഹയും അച്ഛനമ്മമാരും പത്താംക്ലാസുകാരിയായ ചേച്ചി രുദ്രയും താമസിക്കുന്നത്. എങ്കിലും വീട് നന്നാക്കണമെന്നല്ല, താന്‍ പഠിക്കുന്ന ശോചനീയാവസ്ഥയിലായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ജി.എച്ച്.എസ്. സ്‌കൂള്‍ നന്നാക്കിത്തരണമെന്നാണ് സ്‌നേഹയുടെ ആവശ്യം. ഈ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗം കൂടിയാണ് സ്നേഹ.