തിരുവനന്തപുരം: ചട്ടമ്പിസ്വാമി രചിച്ച് സാമൂഹികമാറ്റത്തിനു വഴിതെളിച്ച 'വേദാധികാര നിരൂപണം' എന്ന കൃതിയുടെ ആദ്യപതിപ്പിന് നൂറ്റാണ്ട് തികയുന്നു. അറിവിന് വേലികെട്ടാന്‍ പാടില്ലെന്ന് സ്വാമി ബോധിപ്പിച്ച ഗ്രന്ഥം മലയാളത്തിലെ ആദ്യ പാഠവിമര്‍ശഗ്രന്ഥമാണ്.

വേദവും വേദാന്തവുമടക്കം എല്ലാ അറിവും വര്‍ണ-വര്‍ഗ ഭേദമില്ലാതെ എല്ലാ വിഭാഗത്തിനും അഭ്യസിക്കാന്‍ അധികാരമുണ്ടെന്നു സ്ഥാപിക്കുന്നതാണ് ഈ കൃതി. അദ്വൈത ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ ജാതിവ്യവസ്ഥയുടെ അര്‍ഥശൂന്യത വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയും വേദാധികാര നിരൂപണമാണ്.

1921-ല്‍ തൃശ്ശൂരില്‍നിന്ന് തമ്പുടയ കൈമളാണ് ആദ്യപ്രതി പുറത്തിറക്കിയത്. 1963-ല്‍ രണ്ടും മൂന്നും പതിപ്പുകള്‍ കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും വേദാധികാര നിരൂപണം പുറത്തിറക്കിയിട്ടുണ്ട്. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ഈ കൃതി വിത്തിട്ടു. മതത്തെയും ദര്‍ശനങ്ങളെയും സാധാരണക്കാര്‍ക്ക് ലളിതമായി വിശദീകരിക്കുന്ന ശൈലിയായിരുന്നു ചട്ടമ്പിസ്വാമിയുടേത്.

വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളില്‍ 50 പുറങ്ങളിലൊതുങ്ങുന്നതാണ് ഗ്രന്ഥം. നൂറ്റാണ്ട് പിന്നിടുന്‌പോഴും വേദാധികാര നിരൂപണത്തെ അധികരിച്ചുള്ള പഠനവും വായനക്കാരും പതിപ്പുകളും ഇപ്പോഴും ഉണ്ടാകുന്നുണ്ട്.

പുസ്തകത്തിന്റെ രചനാകാലം 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന അഭിപ്രായം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമിയുടെ പ്രധാന രചനകളെല്ലാം 1880-നും 1900-നും ഇടയിലായിരുന്നുവെന്ന് കേരള സര്‍വകലാശാലയിലെ മലയാളം പ്രൊഫസര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജ്ഞാനോപാസകനായ ചട്ടമ്പിസ്വാമി പലതും സോദ്ദേശ്യമായി രചിച്ചവയല്ല. പലരും കൈയിലുള്ള സ്വാമിയുടെ പുസ്തകങ്ങള്‍ പുരാവസ്തു പോലെ സൂക്ഷിച്ചിരുന്നു. ചിലത് നശിക്കുകയും ചിലത് പുറത്തുകാണാതെ പോവുകയും ചെയ്തിട്ടുണ്ട്. വേദാധികാര നിരൂപണത്തിനും ഈ സ്ഥിതിയുണ്ടായി. പുസ്തകം പുറത്തുവന്നതുെവച്ച് രചനാകാലം നിര്‍ണയിക്കുന്നത് യുക്തിസഹമല്ലെന്നും ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlights: 100 years of vedadhikara niroopanam, Chattampi swamikal