മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവലാണാ അഴുക്കില്ലം. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഈ ആദ്യ നോവല്‍ ആശയത്തിലും അവതരണത്തിലും മലയാളത്തിന്റെ പതിവു ശൈലികളെയെല്ലാം അട്ടിമറിക്കുന്നു. 

അഴുക്കില്ലംമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു 
വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവല്‍
പുസ്തകം വാങ്ങാം

പി. കേശവദേവിന്റെ 'ഓടയില്‍നിന്ന്' എന്ന നോവലിലെ നായകനായ പപ്പുവിനെ കേന്ദ്രമാക്കി രൂപംകൊള്ളുന്ന പപ്പുമതം, ജീവിതത്തിലെ മറ്റെല്ലാം ഉപേക്ഷിച്ച് സമസ്തലോകത്തന്റെയും സുഖത്തിനും ശാന്തിക്കുംവേണ്ടി നിരന്തരം ചീട്ടു കളിച്ചുകൊണ്ടേയിരിക്കുന്ന ആത്മവിദ്യാലയത്തിലെ ചീട്ടുകളിസംഘം,  സാരമോ നിസ്സാരമോ ആയ ഏതു പ്രശ്‌നത്തെയും തത്വബോംബുകളെക്കാണ്ടു നേരിടുന്ന നാരായമംഗലത്തിന്റെ താതാത്വികാചാര്യന്‍ പി. എസ്. മൂത്തേടം, മുന്‍ നക്‌സലൈറ്റും പില്ക്കാല പരിസ്ഥിതിവാദിയുമായ പ്രതാപന്‍, പട്ടാളക്കാരനല്ലാത്ത മിലിട്രി ബാലന്‍,  ദേശത്തിന്റെ സ്വന്തം ആള്‍ദൈവം ജീവാനന്ദന്‍, വിചിത്രയന്ത്രങ്ങളുടെ സ്രഷ്ടാവായ അറുമുഖനാശാരി, ഉലഹന്നാന്‍ ബാര്‍ബര്‍, ജോബച്ചന്‍, നാഗേഷുണ്ണി, പൗര്‍ണമി ടീച്ചര്‍... ഇങ്ങിനെ സ്വപ്‌നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്ന സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. ഇതില്‍ സമകാലിക കേരളത്തെയോ ഇന്ത്യയെയോ ലോകത്തെത്തന്നെയോ ചികഞ്ഞുനോക്കുന്നവര്‍ നിരാശരാവില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവലിനൊപ്പം അതിന്റെ ഉള്ളറിഞ്ഞ് പ്രസിദ്ധ ചിത്രകാരന്‍ ദേവപ്രകാശ് വരച്ച ചിത്രങ്ങള്‍ ഈ പുസ്തകത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. കൂടാതെ ദേവപ്രകാശിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് മണ്‍സൂര്‍ ചെറൂപ്പ തയ്യാറാക്കിയ രണ്ടു വ്യത്യസ്ത പുറംചട്ടകളും അഴുക്കില്ലത്തിന്റെ സവിശേഷതയാണ്.