
കൊല്ലം: ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായി പ്രശസ്തമായ 'ഹരിവരാസനം' കീര്‍ത്തനം നവതിയുടെ പടിക്കെട്ട് കടക്കുമ്പോള്‍ അവകാശത്തര്ക്കത്തിലേക്ക്. കമ്പക്കുടി കുളത്തൂര്‍ അയ്യരുടെ രചന എന്ന് അറിയപ്പെടുന്ന 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ് വിവാദത്തിലാകുന്നത്.
കുളത്തൂര്‍ അയ്യര്‍ എഴുതിയതായി അറിയപ്പെടുന്ന ഈ അയ്യപ്പഭക്തിഗാനത്തിന്റെ യഥാര്‍ഥ രചയിതാവ് ശാസ്താംകോട്ട കോന്നകത്ത് ജാനകിയമ്മയാണ് എന്ന വാദം ഏറെനാളായുണ്ട്. ജാനകിയമ്മ എഴുതിയ 'ഹരിവരാസനം' ഗാനത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെടുത്ത അവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സമ്പാദകന്‍ മാത്രമായിരുന്നു കമ്പക്കുടി അയ്യര്‍ എന്ന് അവര്‍ വാദിക്കുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി അയ്യരെയാണ് ഈ കീര്‍ത്തനത്തിന്റെ കര്‍ത്താവായി അംഗീകരിക്കുന്നത്. ജാനകിയമ്മ ജീവിച്ചിരിപ്പില്ലെങ്കിലും മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങളിലൊന്നായ 'ഹരിവരാസന'ത്തിന്റെ യഥാര്‍ഥ രചയിതാവിനെ വെളിച്ചത്ത് കൊണ്ടുവരാനായി അവരുടെ ബന്ധുക്കള്‍ ദേവസ്വം കമ്മിഷണര്‍ക്ക് തെളിവുകള്‍ സഹിതം പരാതി നല്കി. അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. 1923-ല്‍ ജാനകിയമ്മ എഴുതിയതായി പറയപ്പെടുന്ന ഈ കീര്‍ത്തനം വരികളിലെ ഭക്തിപാരമ്യവും ആലാപനസൗന്ദര്യവും ചേര്‍ത്തുവെച്ചുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങളിലൊന്നായി നവതിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

1975-ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'സ്വാമി അയ്യപ്പന്' സിനിമ പുറത്തിറങ്ങിയതോടെയാണ് 'ഹരിവരാസനം' ആസ്വാദക ശ്രദ്ധയാകര്‍ഷിച്ചത്. ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേര്‍ന്ന് ഈ വരികള്‍ക്ക് നാദരൂപം കൈവന്നു. എന്നാല്‍ അതിനും മുമ്പുതന്നെ ശബരിമലയില്‍ അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുംമുമ്പായി ഉടുക്കുകൊട്ടി പാടുന്ന കീര്‍ത്തനമായി ഈ വരികള്‍ മാറിയിരുന്നു. ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ശാസ്താംകോട്ട മനക്കര മേച്ചിറയില്‍വീട്ടില്‍ ജാനകിയമ്മ. തികഞ്ഞ അയ്യപ്പഭക്തയായ അവര്‍ ഗര്‍ഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീര്‍ത്തനം കാണിയ്ക്കയായി ശബരിമലനടയ്ക്കുവയ്ക്കാന്‍ അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നെന്ന് മകള്‍ ബാലാമണിയമ്മ പറയുന്നു. കാണിക്കയായതിനാല്‍ സ്വന്തം പേര് എഴുതിച്ചേര്ത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പന് എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു. ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘവും 'കല്ലട സംഘ'വുമൊക്കെ ഈ പാട്ട് ജാനകിയമ്മയില്നിന്ന് പകര്‍ത്തിയെടുത്ത് പല താളങ്ങളില്‍ പാടി. 1963-ല്‍ തിരുവനന്തപുരം ജയചന്ദ്രാ ബുക്ക് ഡിപ്പോയില്‍നിന്ന് ഇറങ്ങിയ കീര്‍ത്തന സമാഹാരത്തിലാണ് 'ഹരിഹരാത്മജാഷ്ടകം' എന്ന തലക്കെട്ടില്‍ ഈ കീര്‍ത്തനം ആദ്യമായി അച്ചടിച്ചത്. ഇതില്‍ സമ്പാദകന്‍ എന്നാണ് കമ്പക്കുടി കുളത്തൂര്‍ അയ്യരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് സമ്പാദകന്‍ എങ്ങിനെയോ കര്‍ത്താവായി മാറിയതാകാമെന്ന് ജാനകിയമ്മയുടെ ബന്ധുക്കള്‍ പറയുന്നു.
രാജ്യമറിയുന്ന പത്രപ്രവര്ത്തകന് എം.ശിവറാമിന്റെ സഹോദരികൂടിയാണ് ഇവര്‍. വീട്ടില്‍ നിലത്തെഴുത്ത് വിദ്യാലയം നടത്തി കുട്ടികളെ പഠിപ്പിച്ചിരുന്ന അവര്‍ മറ്റ് ചില സംസ്കൃത കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. 'സ്വാമി അയ്യപ്പന്' സിനിമ പുറത്തിറങ്ങി പാട്ട് ജനകീയമാകുന്നതിന് മൂന്നുവര്‍ഷം മുമ്പ് 1972-ല്‍ ജാനകിയമ്മ അന്തരിച്ചു. അവരുടെ മക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ബാലാമണിയമ്മയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയത്. ചെറുമക്കളായ ഹരികുമാര്‍, മോഹന്‍കുമാര്‍, അമ്പിളി, ഗീതാമണിയമ്മ, ലതാകുമാരി എന്നിവരും ഇവര്‍ക്കൊപ്പം പാട്ടിന്റെ തറവാട്ടുവഴി വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ജാനകിയമ്മയ്ക്ക് വ്യക്തമായ ജീവചരിത്രമുള്ളപ്പോള് കമ്പക്കുടിയുടെ ജീവചരിത്രം ദേവസ്വം ബോര്‍ഡിനുപോലും അറിവില്ല. സംസ്കൃത പാണ്ഡിത്യം കുറഞ്ഞ ഒരാള്‍ എഴുതിയ മട്ടിലാണ് 'ഹരിവരാസനം'. വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല. എന്നാല്‍ ആലാപനത്തിലെ ഒഴുക്കാണ് ഈ വരികള്‍ക്ക് മാന്ത്രികശക്തി നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കീര്‍ത്തനത്തിലെ 'അരുവി മര്‍ദ്ദനം' എന്ന പ്രയോഗത്തിന്റെ ശരി 'അരി-വിമര്‍ദ്ദനം' ആണെന്നും മറ്റുമൊക്കെയുള്ള തര്‍ക്കവും പിന്നീട് 'മാതൃഭൂമി' ദിനപ്പത്രത്തിലൂടെ ഇടയ്ക്ക് പൊന്തിവന്നിരുന്നു. നാടന്‍പാട്ടുകളും ചരിത്രങ്ങളുമൊക്കെ കാലംകടന്ന് താളമിടുമ്പോഴും അവ അജ്ഞാത കര്‍ത്തൃത്വങ്ങളായി മാറിപ്പോകുന്ന അവസ്ഥ ഈ കീര്ത്തനത്തിനുണ്ടാകരുതെന്ന ആഗ്രഹമാണ് അവരുടെ കുടുംബക്കാര്‍ക്ക്. ''അയ്യപ്പന് കാണിക്കവെച്ച ഈ ഉറക്കുപാട്ടിന്റെ പേരില്‍ തര്ക്കത്തിനൊന്നുമല്ല ഞങ്ങളിത് വിളിച്ചുപറയുന്നത്. ഭക്തമനസ്സിനെ നിര്‍മ്മലീകരിക്കുന്ന ഈ കീര്ത്തനത്തിന് മുന്നിലുള്ള 'ചോദ്യച്ചിഹ്നം' മാറണം എന്നതുമാത്രമാണ് ആഗ്രഹം-ബാലാമണിയമ്മ പറയുന്നു.
ഹരിവരാസനം വിശ്വമോഹനം...
വരികള്‍
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ