കെ.ആര്‍ മീരയുടെ ഖബര്‍ എന്ന നോവലിലെ പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറമുള്ള ചില ആകുലസൗന്ദര്യങ്ങളെപ്പറ്റി ശ്രുതി കെ. സജീവന്‍ എഴുതിയ ലേഖനം വായിക്കാം. 

ഖ്യാനശൈലി കൊണ്ട്  നോവലിലും കഥയിലും വ്യതിരിക്ത ഭാവങ്ങള്‍ കൊണ്ടുവന്ന എഴുത്തുകാരിയാണ് കെ. ആര്‍ മീര. മാധവിക്കുട്ടിക്ക് ശേഷം പെണ്‍മനസ്സിനെയും, വികാരങ്ങളെയും ഇത്രയേറെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരി മറ്റൊരാളില്ല. ഈ പുതിയ കാലത്തിലും ലോകത്തിലും സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ജീവിതവ്യഥകളെ തീവ്രമായി ആവിഷ്‌കരിക്കുന്ന മീരയുടെ എഴുത്ത് പുത്തന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഏതു സംഭവവും ലളിതമായും അനാവൃതമായും ആവിഷ്‌കരിക്കാനുള്ള കഴിവ് കെ.ആര്‍.മീരയ്ക്കുണ്ട്. ഗഹനമായ ജീവിതവീക്ഷണവും തീക്ഷണമായ ഭാഷശൈലിയും തെരഞ്ഞെടുക്കുന്ന ഇതിവൃത്തങ്ങളിലെ പുതുമയുമാണ് മീരയുടെ എഴുത്തിനെ വേറിട്ടുനിര്‍ത്തുന്നത്. പറച്ചിലിന്റെ പ്രത്യേകതകൊണ്ട് ഇതിവൃത്തത്തെ മറികടക്കുന്ന രീതി മീരയുടെ രചനകളിലെ പ്രത്യേകതയാണ്. 

ഖബര്‍ എന്ന കെ.ആര്‍. മീരയുടെ നോവല്‍ അവരുടെ കഥാഖ്യാന സവിശേഷതകള്‍ വ്യക്തമാക്കുന്നുണ്ട്. പുതുകാല രാഷ്ട്രീയത്തിന്റെയും സ്ത്രീയനുഭവിക്കുന്ന വ്യഥകളുടെയും മതത്തിന്റെ ക്രമങ്ങളുടെയും കെട്ടുകള്‍ പിണഞ്ഞുകിടക്കുന്ന ഒന്നാണ് ഈ നോവല്‍. ഈ സങ്കീര്‍ണ്ണതയാണ് നോവലിന്റെ ശക്തിയും സൗന്ദര്യവും.

'മതം, പ്രണയം, പൂര്‍ണത' എന്ന പേരില്‍ എം. കെ സാനു എഴുതിയ അവതാരികയും ''നീതിയുടെ ഖബറിടങ്ങള്‍'' എന്ന സുനില്‍ പി. ഇളയിടത്തിന്റെ പഠനവും ഖബറിന്റെ വ്യത്യസ്തമാനങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. '' നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ. ആര്‍. മീര ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്'' എന്ന് സുനില്‍ പി. ഇളയിടം സാക്ഷ്യപ്പെടുത്തുന്നു.

ഭാവന എന്നുപേരായ ജില്ലാ ജഡ്ജിയായ സ്ത്രീയാണ് ഖബറിലെ മുഖ്യകഥാപാത്രം. നീണ്ട നാളത്തെ പ്രണയത്തിന്റെ അവസാനം വിവാഹം കഴിച്ച പ്രമോദില്‍ നിന്നും ഡിവോഴ്‌സ് ആയി, അദ്വൈത് എന്ന മകനൊപ്പം താമസിക്കുകയാണ് ഭാവന. അപ്രതീക്ഷിതമായി മുന്നില്‍ എത്തിയ ഒരു വസ്തുവ്യവഹാരം ഭാവനയില്‍ ഉളവാക്കിയ ആസ്വാസ്ഥ്യം അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. പിന്നീട് കേസിലെ വാദിയായ കാക്കശ്ശേരി ഖലായുദ്ധിന്‍ തങ്ങളുടെ കണ്‍കെട്ടും, അയാളുടെ മാന്ത്രിക താന്ത്രികവിദ്യകളും ഭാവനയില്‍ ഉളവാക്കുന്ന ആസ്വാസ്ഥവും ഒടുവില്‍ തങ്ങള്‍ ഒരു പ്രണയമായി പരിണമിക്കുന്നതും കഥയുടെ ഇതിവൃത്തമാവുന്നു. 

സ്ഥലത്തിന്റെ കഥയാണ് ഖബര്‍, അതിന്റെ പരിണാമങ്ങളുടെ കഥ, അതിനുള്ളില്‍ മറ്റനേകം കഥകള്‍ മീര ചേര്‍ത്തുവെച്ചിരിക്കുന്നു. പ്രണയം, ദാമ്പത്യം, ബന്ധശൈഥില്യങ്ങള്‍, ചരിത്രം, ഐതിഹ്യം, മതം, രാഷ്ട്രീയാധികാരം, നീതി, അനീതി, സ്വപ്നങ്ങള്‍, പ്രത്യാശകള്‍, മരണം...അങ്ങനെ നിരവധി കഥകള്‍. വംശചരിത്രത്തിന്റെ വേരുകളിലേക്കും അവിടെ നിന്ന് വര്‍ത്തമാനത്തിലേക്കും മാറി മാറി നോവല്‍ സഞ്ചരിക്കുന്നു. ഖബര്‍ പ്രതിനിധാനം ചെയ്യുന്ന കാലവും സ്ത്രീയും ഒരര്‍ഥത്തില്‍ രൂപകങ്ങളാണ്. പുരുഷാധിപത്യത്തിന്റെ വ്യത്യസ്ത അടരുകള്‍ പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം ചില മാനങ്ങള്‍ നോവലിനു നല്‍കുന്നു.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഭാവനയും പ്രമോദും വേര്‍പിരിയുന്നു. തന്നെക്കാള്‍ ഭാവന ഉയരുന്നു എന്ന ചിന്തയാണ് പ്രമോദില്‍ ഉടലെടുക്കുന്ന സംശയങ്ങള്‍ക്കും ദേഷ്യത്തിനും എല്ലാം കാരണമായി ഭവിക്കുന്നത്. പുരുഷമേല്‍ക്കോയ്മ തലപൊക്കുകയും ഭാര്യ ജോലിയിലെ മികവിന് അംഗീകാരം നേടുകയും ചെയ്യുമ്പോള്‍ കുടുംബ ജീവിതം താളം തെറ്റുന്നു. ഭാവനയുടെ അമ്മയുടെ ജീവിതവും ഏകദേശം ഇതുപോലെയാണ്. ഒരു ആയുസ്സിന്റെ മുക്കാല്‍ ഭാഗവും തന്റെ വീടിനു വേണ്ടി കഷ്ടപ്പെട്ട അവര്‍, ഒരു നിമിഷത്തില്‍ തന്റെ ഇഷ്ടപ്രകാരം ഒരു മിണ്ടാപ്രാണിയെപ്പോലും ആ വീട്ടില്‍ കൊണ്ടുവരാനോ, താമസിപ്പിക്കാനോ, ഭക്ഷണം നല്‍കാനോ തനിക്കവകാശമില്ല എന്നറിഞ്ഞ നിമിഷത്തില്‍ എല്ലാത്തില്‍ നിന്നും ഒറ്റപ്പെട്ടുപോവുന്നു. അവിടെയാണ് ആ അമ്മ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നത്, തന്റെതുമാത്രമായ ഒരിടം വേണമെന്നാഗ്രഹിക്കുന്നത്. എല്ലാം അധികാര പ്രകടനങ്ങളും സ്‌നേഹത്തിന്റെ മുഖം മൂടി കൊണ്ട് മൂടുന്ന സമൂഹത്തില്‍ ``ഒരാളുടെ സേവനങ്ങള്‍ക്കു മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്‌നേഹം, അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്´´. എന്ന വാചകം അര്‍ത്ഥവത്താകുന്നു.

ചിറകുവിടര്‍ത്താന്‍ ആകാശം മതി എന്ന തീരുമാനം സ്വീകരിച്ച് പിടിച്ചിരിക്കാന്‍ സ്വന്തമായി ഒരു ചില്ല കണ്ടെത്തുന്ന ഭാവന സ്വത്വബോധമാര്‍ന്ന സ്‌ത്രൈണതയുടെ പ്രതീകമായി മാറുന്നു. കലാകാലങ്ങളായി പിന്തുടര്‍ന്നുപോവുന്ന മാമൂലുകളുടെ, കീഴ്വഴക്കങ്ങളുടെ പ്രതിനിധികളാണ് നോവലിലെ ഭര്‍ത്താവും അച്ഛനും. തന്നെയും കുടുംബത്തെയും നല്ലരീതിയില്‍ ഒരു ആയുസ്സിന്റെ മുക്കാല്‍ ഭാഗവും ശുശ്രൂഷിച്ച ഭാര്യയുടെ ത്യാഗത്തെ നിസ്സാരവല്‍ക്കരിക്കുകയും അവര്‍ ഇറങ്ങിപ്പോയത് ധിക്കാരമായി കണ്ട് അവരെ വെറുക്കുകയും ചെയ്യുന്ന അച്ഛന്‍, പുരുഷാധിപത്യത്തിന്റെ പ്രതിനിധിയായി മാറുന്നു. തന്നെക്കാള്‍ ഭാര്യ ഉയരുന്നു എന്ന ചിന്തയാണ് പ്രമോദിലെ പുരുഷ മേല്‍ക്കോയ്മയെ ഉണര്‍ത്തുന്നത്. മാന്യതയുടെ മുഖം മൂടിയണിഞ്ഞ് പുരുഷാധിപത്യ വ്യവസ്ഥിതിയുടെ രീതികളെ തന്നെ പിന്‍താങ്ങുന്ന ആണ്‍കോയ്മയുടെ അടയാളങ്ങളാണ് ഇരുവരും.

എന്നാല്‍ മറ്റൊരു പുരുഷ കഥാപാത്രമായ ഖലായുദ്ധിന്‍ തങ്ങള്‍ ഭാവനയുടെ ജീവിതത്തിന് പൂര്‍ണത നല്‍കുന്നു. ഭാവനയോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്ന തങ്ങള്‍ പെരുമാറ്റ വൈകല്യം ഉള്ള ഭാവനയുടെ മകനെ സ്വന്തം മകനായി കണ്ട് മായാവിദ്യകള്‍ കാട്ടി സന്തോഷിപ്പിക്കുന്ന മനുഷ്യത്വമുള്ള വ്യക്തി കൂടിയാണ്. 

പൂര്‍വ്വികരുടെ സാന്നിധ്യം നോവലിലെ മറ്റൊരു പ്രധാന ഘടകമാണ്. ചരിത്രവുമായി ബന്ധപ്പെടുത്തി നോവലില്‍ പരാമര്‍ശിക്കുന്ന കഥാപാത്രങ്ങളാണ് യോഗീശ്വരനമ്മാവനും, ഹസ്സന്‍ കോയ തങ്ങളും. ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവരുടെ ആത്മാക്കള്‍ സജീവമായി വളരുന്നു എന്നത് തെളിയിച്ചു കൊണ്ട് യോഗീശ്വരനമ്മാവന്റെ ചരിത്രം ഭാവനയെ വിടാതെ പിന്തുടരുന്നു. പൂര്‍വ്വികരുടെ അദൃശ്യ സാന്നിധ്യമാണ് ഭാവനയുടെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും കാരണമാവുന്നത്. തങ്ങളുടെ പൂര്‍വ്വികരുടെ കഥയും യോഗീശ്വരനമ്മാവന്റെ കഥയും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. മക്കത്തുപോയി ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചുവന്നയാളാണ് യോഗീശ്വരനമ്മാവന്‍ എന്ന സത്യം കഥാന്ത്യത്തിലാണ് ഭാവനയ്ക്ക് വ്യക്തമാവുന്നത്. ആ ഖബര്‍ സംരക്ഷിക്കാനാണ് തങ്ങള്‍ കോടതിയെ സമീപിച്ചത് എന്നും കഥയുടെ അവസാനം വെളിവാകുന്നു.

മതിഭ്രമം എന്ന പ്രയോഗത്തിന് ഖബറിന്റെ ആഖ്യാനത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഭാവന എന്ന ജില്ലാജഡ്ജിയെ ബാധിക്കുന്ന മതിഭ്രമം കഥാന്തരീക്ഷത്തെ മാത്രമല്ല, ഒരു കാലഘട്ടത്തെയാകെയാണ് ബാധിക്കുന്നത്. ''ഇരുപതാം നൂറ്റാണ്ടിനെ ഉത്കണ്ഠയുടെ യുഗം എന്നാണ് പറഞ്ഞുപോന്നതെങ്കില്‍ 21-ാം നൂറ്റാണ്ടിനെ മതിഭ്രമത്തിന്റെ യുഗം എന്നാണ് പറയേണ്ടത് ´´എന്ന് എം. കെ. സാനു അവതാരികയില്‍ അഭിപ്രായപ്പെടുന്നു. യുക്തിബോധത്തെയും ശാസ്ത്രത്തെയും മറികടന്നു കൊണ്ട് വിശ്വാസം പ്രാകൃതമായ കരുത്തോടുകൂടി മനുഷ്യ മനസ്സിനെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. വിശ്വാസം എന്നത് മനുഷ്യരെ ശുദ്ധീകരിക്കുന്നതാണ്, അങ്ങനെയല്ലാത്ത വിശ്വാസത്തെ പ്രാകൃതം എന്നേ വിളിക്കാന്‍ കഴിയൂ. ആ വിശ്വാസം മനസ്സുകളിലെ സ്പര്‍ദ്ധ കലുഷമാക്കുകയും ഹിംസാത്മകമാക്കുകയും ചെയ്യുന്ന ഒന്നുകൂടിയാണ്. ഇത്തരം ഒരു കാലഘട്ടത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ സമത്വത്തിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം വിശുദ്ധമായ അനുരാഗത്തിന്റെ രംഗവും നോവലില്‍ മീര ആവിഷ്‌കരിക്കുന്നു. ഒരേ മതത്തില്‍പെട്ട ഭാവനയുടെയും പ്രമോദിന്റെയും പ്രണയം ചിത്രീകരിച്ചതുപോലെയല്ല തങ്ങളും ഭാവനയും തമ്മിലുള്ള പ്രണയത്തെ കെ. ആര്‍. മീര ചിത്രീകരിക്കുന്നത്. മതങ്ങളായി മനുഷ്യരെ വിഭജിക്കുന്നതിന്റെ നിരര്‍ത്ഥകതയെ എഴുത്തുകാരി ചോദ്യം ചെയ്യുന്നു. ഏകാധിപത്യപരമായ ശാഠ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് തങ്ങളും ഭാവനയും തമ്മിലുള്ള പ്രണയത്തിലൂടെ എഴുത്തുകാരി കാഴ്ചവെച്ചത്.

ചരിത്രത്തില്‍ വൈയക്തികാനുഭൂതികള്‍ക്കും സത്യത്തിനും ചെറിയ സ്ഥാനമാണുള്ളത് എന്ന് നോവലില്‍ നിന്ന് വ്യക്തമാവുന്നു. പരമ്പരയായി ആരാധിച്ചു വന്ന പൂര്‍വ്വിക സ്ഥാനത്തിന്റെ നഷ്ടം, സ്വന്തം മണ്ണില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന നവസാമൂഹിക പ്രതിസന്ധികളിലൊന്നാണ്. ഹസ്സന്‍ കോയ തങ്ങളും യോഗീശ്വരനമ്മാവനും ഒരാളാണെന്ന സത്യം, ആത്മാനന്ദമാണ് അത്യന്തിക ലക്ഷ്യം എന്നും പല വഴികളിലൂടെ നാം അന്വേഷിക്കുന്നത് ഒന്നിനെയാണെന്നുമുള്ള ദര്‍ശനത്തിലാണ് എത്തിക്കുക.

സുദീര്‍ഘമായ ഏകത്വമെന്ന ബോധത്തെ നിയമം കൊണ്ട് കുഴിവെട്ടിമൂടുന്ന പ്രത്യക്ഷ രാഷ്ട്രീയ സാഹചര്യത്തെ ഓര്‍മിപ്പിക്കുന്ന നോവലാണ് ഖബര്‍. മാനവിക സമത്വ ദര്‍ശനമാണ് ഖബറിന്റെ കാതല്‍. കുടുംബം, പ്രണയം, സ്‌നേഹത്തിന്റെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും, ഇന്ദ്രജാലത്തിന്റെ മായികഭാവവും എല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് മുഖ്യമായ ഒരു സാമൂഹിക പ്രശ്‌നത്തിലേക്ക് ഖബര്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഖബര്‍ എന്ന പദത്തെ അനീതിക്കെതിരെയുള്ള ആയുധമാക്കി കെ.ആര്‍ മീര ഉപയോഗിക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി നേരിടുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഖബര്‍ ഉയര്‍ത്തിപിടിക്കുന്നു.

മതവും, രാഷ്ട്രീയവും, പ്രണയവും, നീതിയും, അനീതിയും സ്വപ്നവും, മരണവും, ഒക്കെ കൂടിച്ചേര്‍ന്ന ഒന്നാണ് ഖബര്‍. ആത്യന്തികമായി ഇന്ത്യ നേരിടുന്ന ഒരു സവിശേഷമായ രാഷ്ട്രീയ പ്രതിഭാസത്തോടുള്ള പ്രത്യക്ഷപ്രസ്താവനയായിരിക്കെ തന്നെ, കലാകൃതി എന്ന നിലയില്‍ ഖബര്‍ മറ്റുചില മാനങ്ങള്‍ കൂടി പങ്കിടുന്നു എന്നു സാരം

പുസ്തകം വാങ്ങാം

Content highlights : sruthi k sajeevan reviews the novel qubar by k r meera