'രാത്രി 10മണിയോടെ ഒമാന്‍- യു.എ.ഇ. അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ നടന്നു തുടങ്ങി. എട്ടുപേരായിരുന്നു സംഘത്തില്‍. ഇന്ത്യാക്കാരന്‍ ഞാന്‍ മാത്രമായിരുന്നു. മലനിരകള്‍ക്കിടയിലൂടെ ആറ് മണിക്കൂര്‍ നടക്കണമെന്നാണ് റാബിയുള്‍ പറഞ്ഞത്. അതിര്‍ത്തി കടക്കാനുള്ള തീരുമാനം ഞാന്‍ സഖാവ് ജോണിനെയും ബാബുവിനെയും വിളിച്ച് അറിയിച്ചു. മസ്‌ക്കറ്റിലേക്ക് തിരിച്ചുവരാന്‍ ജോണ്‍ പറഞ്ഞപ്പോള്‍, ഭാഗ്യം പരീക്ഷിക്കാനാണ് ബാബു പറഞ്ഞത്.

അത് ശരിക്കും നിലാവുള്ള രാത്രിയായിരുന്നതിനാല്‍ കാര്യമായ ഇരുട്ടുണ്ടായിരുന്നില്ല. താഴ്വരത്തിലൂടെ ഞങ്ങള്‍ നടക്കുമ്പോള്‍ അവിടെ പാമ്പും കാട്ടുനായയും ഉണ്ടാകുമോയെന്ന് കൂട്ടത്തിലൊരാള്‍ ചോദിച്ചു. അരമണിക്കൂര്‍ നടന്നുകഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തയാള്‍ ചോദിച്ചു 'നമ്മള്‍ മൂന്ന് മണിക്കൂര്‍ താഴ്വാരത്തിലൂടെ നടന്നു കഴിഞ്ഞ് കുന്ന് കയറാന്‍ തുടങ്ങിയാല്‍ പിന്നെയും മൂന്ന് മണിക്കൂര്‍...' ഈ ഘട്ടത്തില്‍ അത് ഞങ്ങള്‍ക്ക് കഴിയുമോ എന്ന ഒരു ആശങ്ക എന്നെയും ഭരിക്കാന്‍ തുടങ്ങി.

പാക് ഡ്രൈവര്‍ക്ക് മാത്രമേ റൂട്ട് അറിയുമായിരുന്നുള്ളൂ. അയാളായിരുന്നു ഏറ്റവും മുമ്പില്‍. ഞാന്‍ പതിയെയായിരുന്നു താഴേയ്ക്ക് ഇറങ്ങിയത്. താഴ്വാരത്ത് കൂടി നടന്നപ്പോള്‍ എന്റെ വലതുകാലിന്റെ ഉള്‍പാദത്തില്‍ മുറിവുണ്ടായി.' ഒരു പൊട്ടിയ കുപ്പിയില്‍ ചവിട്ടി, ചെരിപ്പ് തുളച്ച് കുപ്പിച്ചില്ല് കാലില്‍ ഉണ്ടാക്കിയത് ആഴത്തിലുള്ള ഒരു മുറിവ്.

കടുത്ത വേദനയില്‍ അലറിക്കരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു. എല്ലാവരും എന്റെ അടുത്തേക്ക് ഓടിവന്നു. കൂട്ടത്തിലൊരാള്‍ എന്നെ താങ്ങിയിരുത്തി. മറ്റൊരാള്‍ മൊബൈലിലെ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ ഞാന്‍ ചവിട്ടിയ ചില്ല് കാലില്‍ തറഞ്ഞിരിക്കുന്നു.

പാദത്തില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു കുപ്പി വെള്ളം ആരോ എന്റെ കയ്യില്‍ നിന്നും വാങ്ങി, അതിന്റെ അടപ്പ് തുറന്നു, മുറിവിലേക്ക് വെള്ളമൊഴിച്ചു. മുറിവ് കഴുകിക്കഴിഞ്ഞപ്പോള്‍ കാലില്‍ ഒരു ചീള തറഞ്ഞിരിക്കുന്നു. വലിച്ചെടുത്തപ്പോള്‍ നിലവിളിക്കണമെന്നാണ് തോന്നിയത്. എന്നാല്‍ അത് താഴ്വാരത്തൂടെ  പോകുന്ന  നായ്ക്കളുടെ ശ്രദ്ധവിളിച്ചു വരുത്തുമെന്നു പറഞ്ഞതിനാല്‍ പണിപ്പെട്ട് അടക്കി.  

ഒമാന്‍ താഴ്വാരത്തെ നായ്ക്കള്‍ ക്രൂരമായി ആരേയും ഉപദ്രവിക്കാന്‍ പോന്നതാണ്. അതുകൊണ്ട് തന്നെ കരയാതെ വേദന കടിച്ചമര്‍ത്താന്‍ കൂട്ടത്തിലുള്ളവര്‍ പറഞ്ഞു. അത് ഏറെ ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും മുറിവിലെ വലിയ ചില്ലുകഷണങ്ങള്‍ ഞങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ ടോര്‍ച്ച് വെട്ടത്തില്‍ കണ്ടെത്താന്‍ അസാധ്യമായ ചെറിയ ചീളുകള്‍ മുറിവില്‍ ഇനിയുമുണ്ടായിരുന്നു. അവ മുറിവിനുള്ളിലിരുന്ന് എനിയ്ക്ക് വേദനയുണ്ടാക്കിക്കൊണ്ടിരുന്നു.

മുറിവ് വലിച്ചുമുറുക്കി കെട്ടണമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അതിന് പോലും തുണിയില്ലായിരുന്നു. ഞാന്‍ ധരിച്ചിരുന്നത് പോലും ഒരു കയ്യില്ലാത്ത മുറിയുടുപ്പായിരുന്നു. ഞാന്‍ എന്റെ ഷര്‍ട്ട് ഊരി. കയ്യില്ലാത്ത കുപ്പായം ഊരിയെടുത്ത് അതില്‍ നിന്നും ഒരു കഷ്ണം തുണി നീളത്തില്‍ കീറിയെടുത്തു.

അതുകൊണ്ട് മുറിവ് മൂടിക്കെട്ടുകയും മറ്റൊന്നെടുത്ത് ഉപ്പൂറ്റി ഉള്‍പ്പെടെ കൂട്ടിക്കെട്ടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാനും കൂട്ടത്തിലുള്ളവര്‍ സഹായിച്ചു. അത് വളരെ പ്രയാസമായിരുന്നു. എന്റെ മുറിവേറ്റ കാലുകള്‍ വിറ കൊള്ളാന്‍ തുടങ്ങി. നടക്കാന്‍ കഴിയുമോ ? മലനിരയിലേക്ക് കയറാനാകുമോ? എനിയ്ക്ക് സംശയമായി.

ഇനി മടങ്ങാനാകുമായിരുന്നില്ല. ഇപ്പോള്‍ തന്നെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. ഇനി തിരിച്ചു പോകാമെന്ന് കരുതിയാല്‍ അത് ഒറ്റയ്ക്ക് നടക്കാത്ത കാര്യവുമാണ്. ഞാന്‍ ഇരുളിനെ ഭയന്നുതുടങ്ങിയിരുന്നു. പാത അറിയാത്തതും പ്രശ്നമായി. ആര് എന്റെ കൂടെ വരും? എല്ലാവരും അതിര്‍ത്തി കടക്കാന്‍ പോകുന്നവരാണ്. ഒന്നുകില്‍ പകല്‍ വരാന്‍ കാത്തിരുന്ന ശേഷം തിരിച്ചുനടക്കാം. അല്ലെങ്കില്‍ യാത്ര തുടരാം. ഞാന്‍ മുമ്പോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അതൊരു ശരിയായ തീരുമാനവുമായിരുന്നു.

പകല്‍വെളിച്ചം വീഴുന്നതിന് മുമ്പേ അതിര്‍ത്തി കടന്നാലേ പോലീസ് പിടിക്കുന്നത് ഒഴിവാക്കാനാകൂ. അപ്പോള്‍ പുലര്‍ച്ചെ 4 മണിയായിരുന്നു സമയം. ഇനിയും കിട്ടാവുന്ന പരമാവധി സമയം മൂന്ന് മണിക്കൂര്‍ മാത്രമാണ്. എന്നാല്‍ പകലിന് ഞങ്ങളെ തോല്‍പ്പിക്കാനായില്ല. അന്നേ ദിവസത്തെ രാവിന് ദൈര്‍ഘ്യം കൂടുതലായിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതിസന്ധികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നു' - ഇത് മജീദിന്റെ കഥയാണ്, മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ഒമാനില്‍ വര്‍ഷങ്ങളായി അകപ്പെട്ടുപോയ ഇന്ത്യക്കാരന്‍. 

പൊതുമാപ്പ് സമ്പ്രദായമൊന്നും ഇല്ലാതിരുന്ന കാലത്ത് ഒമാന്‍- യു.എ.ഇ. അതിര്‍ത്തിയിലൂടെ ഒളിച്ചുകടക്കുകയെന്ന സാഹസത്തിന് അയാള്‍ തയാറായി. സാഹസികമായ യാത്രക്കൊടുവില്‍ അയാള്‍  യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി. രേഖകളില്ലാതെ യു.എ.ഇയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ അവിടെ പൊതുമാപ്പു പ്രഖ്യാപിച്ചിരുന്നു. 

ഇത്തരത്തിലുള്ള നിരവധി അനുഭവക്കുറിപ്പുകളുടെ ആകെത്തുകയാണ്  റെജിമോന്‍ കുട്ടപ്പന്റെ 'അണ്‍ഡോക്യുമെന്റഡ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്‌സ് ഇന്‍ അറബ് ഗള്‍ഫ്' എന്ന പുസ്തകത്തില്‍ പറയുന്നത്. അറബ് ഗള്‍ഫില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിപ്പോയവരെക്കുറിച്ചും അവര്‍ എങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ റജിമോന്‍ വിവരിക്കുന്നു.  മനുഷ്യന്‍ സ്വന്തം കുലത്തില്‍ നിന്ന് നേരിടുന്ന ക്രൂരത, അനുഭവിക്കുന്ന ദുരിതം എന്നിവയെല്ലാം പുസ്തകം പ്രതിപാദിക്കുന്നു

കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രധാനമായും ഒമാനിലേക്കും യുഎഇയിലേക്കും നടന്ന അറബ് ഗള്‍ഫ് തൊഴിലാളി കുടിയേറ്റത്തിന്റെ 60 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളിച്ചതാണ് 'അണ്‍ഡോക്യുമെന്റഡ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ ദ അറബ് ഗള്‍ഫ്' എന്ന് റെജിമോന്‍ കുട്ടപ്പന്‍ പറയുന്നു. ഓരോന്നും പലരുടേയും കഥകളാണ്. ഓരോ കഥകളും ഓരോ മഞ്ഞുമലയുടെ അറ്റം മാത്രം. ഓരോന്നും അനേകരുടെ ഉദാഹരണവുമാണ്. എല്ലാവരും ഒരുപോലെയാണെങ്കിലും വിവിധ ജീവിതങ്ങളാണ് പറയുന്നത്. അവയിലെല്ലാം വൈവിധ്യം ഒളിഞ്ഞുകിടപ്പുണ്ട്. സന്തോഷവും ദു:ഖവും ഭയവും അത്ഭുതവും ദേഷ്യവും ഉത്കണ്ഠയും നിറഞ്ഞ യഥാര്‍ത്ഥ ജീവിതങ്ങളുണ്ട്. തൊഴില്‍ കുടിയേറ്റം, മനുഷ്യക്കടത്ത്, ആധുനിക അടിമത്തം, ഒറ്റപ്പെടല്‍, ചൂഷണം എന്നിവയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നതെന്നും റെജിമോന്‍ കുട്ടപ്പന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാം ഉള്‍പ്പെടുത്തി റെജിമോന്‍ കുട്ടപ്പന്‍ എഴുതിയ പുസ്തകം നവംബര്‍ 16 ന് പുറത്തിറങ്ങി.  ഇംഗ്ലീഷിലുള്ള ഈ പുസ്തകം ലോകത്തെ മുന്‍നിര പ്രസാധകരായ പെന്‍ഗ്വിന്‍ ആണ് പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി ബുക്ക് ഷോപ്പുകളിലും പുസ്തകം ലഭ്യമാണ്. റെജിമോന്‍ കുട്ടപ്പന്റെ രണ്ടാമത്തെ പുസ്തകമാണിത്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് പേരുടെ രക്ഷകരായി മാറിയ അനേകം മത്സ്യബന്ധന തൊഴിലാളികളുടെ അനുഭവങ്ങളുടെ സമാഹാരമായ 'റോവിംഗ് ബിറ്റ്‌വീന്‍ റൂഫ്‌ടോപ്‌സ്: ദി ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് കേരളാ ഫ്‌ളഡ്‌സ്' ആണ് റെജിമോന്‍ കുട്ടപ്പന്റെ ആദ്യ രചന. ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന റെജിമോന്‍ കുട്ടപ്പന്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ (ടിആര്‍എഫ്) എഎഫ്പി, മിഡില്‍ ഈസ്റ്റ് ഐ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദി കാരവാന്‍, വയര്‍ തുടങ്ങി വിവിധ മാധ്യമങ്ങള്‍ക്കുവേണ്ടി ലേഖനങ്ങള്‍ എഴുതുന്നുണ്ട്. തൊഴിലാളി കുടിയേറ്റം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന, റോയിട്ടേഴ്‌സ്, എന്‍എഫ്‌ഐ എന്നിവയുടെയെല്ലാം ഫെല്ലോഷിപും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം നവംബര്‍ 16ന് പുറത്തിറങ്ങി. 23ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം ശശി തരൂര്‍ എം.പി. ഔദ്യോഗികമായി പ്രകാശനം ചെയ്യും.

Content Highlights: Rejimon Kuttappan's new Book Undocumented stories of Indian migrants in the Arab Gulf