ന്തോഷ് ആവത്താന്‍ പുതിയൊരു അന്വേഷണവഴിയിലൂടെ യാത്ര തിരിച്ചപ്പോള്‍ മലയാളികള്‍ക്ക് 'മേഹുല്‍' എന്ന നോവല്‍ കൂടി ലഭ്യമായിരിക്കുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍, പുതിയ കാലത്തിന്റെ മാധ്യമരംഗത്തേയ്‌ക്കൊരു ചൂണ്ടുപലക കൂടിയായിത്തീരുന്നു. വീണ്ടുവിചാരത്തിനൊരവസരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് 'മേഹുല്‍' എന്ന മീഡിയാപ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥതയുടെ വഴികള്‍. സ്വന്തം ജീവനേക്കാളും ഏറ്റെടുത്ത ദൗത്യത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഓരോ നിമിഷവും ജീവിക്കുന്ന ഒരാള്‍. ദുരന്തമുഖത്ത് ആത്മധൈര്യം കെടാതെ മറ്റുള്ളവരെക്കൂടി ചേര്‍ത്തുപിടിക്കുകയെന്നതാണ് ജീവിതത്തിന്റെ ലാവണ്യമെന്ന് തിരിച്ചറിയുന്ന മനുഷ്യര്‍ ഈ ഭൂമിയുടെ വേരുകളാണെന്ന് നോവലിസ്റ്റ് പറയാന്‍ ശ്രമിക്കുന്നു.

കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍, വായനക്കാരനോട് വിളിച്ചുപറയുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്. ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം പ്രൊഫഷണല്‍ എത്തിക്‌സ് പരമപ്രധാനമാണ്. ക്യാമറയുടേതായി പരിണമിക്കുന്ന രണ്ട് കണ്ണുകളാണ് അയാളുടേത്, എന്നാലതിനപ്പുറം തന്റെ ചിന്തകള്‍ക്ക്, തീരുമാനങ്ങള്‍ക്ക് വില കല്പിക്കുന്ന മേഹുല്‍, അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍പ്പെടുന്ന ഒരാളാണ്.  പത്രപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സിനിമകളും നോവലുകളുമെല്ലാം ഈ അടുത്തകാലത്തായി മലയാളത്തില്‍ വലിയ പ്രാധാന്യം നല്‍കിയവതരിക്കപ്പെടുന്നു . വളച്ചൊടിക്കപ്പെട്ട്, മത്സരങ്ങളും കുത്തകയും നിറഞ്ഞ അതിസങ്കീര്‍ണ്ണായ പതിവ് പരിസരങ്ങളില്‍നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ മേഹുല്‍ അവതരിപ്പിക്കുന്നു. ലളിതമായ പ്രമേയപരിസരത്ത് നിന്നുകൊണ്ട് മാധ്യമലോകത്തിന്റെ നന്മയും സംഘര്‍ഷവും എഴുത്തുകാരന്‍ വ്യക്തമാക്കുന്നുണ്ട്.

'തേമ്പിച്ചേരി' എന്ന സാങ്കല്പികഗ്രാമം പ്രളയദുരന്തത്തില്‍ മുങ്ങിത്താഴുന്നതും, അവിടെയുള്ള അതിജീവനത്തിന്റെ സൂക്ഷ്മയും പകര്‍ത്തുകയെന്നത് 'മേഹുല്‍' എന്ന സമര്‍ത്ഥനായ മാധ്യമപ്രവര്‍ത്തകനില്‍ ഉണ്ടാക്കുന്ന ഔത്സുക്യം ശ്രദ്ധേയമാണ്. കേരളം പ്രളയജലധിയില്‍ താഴ്ന്നുപോയ കാലം, ഓരോ മലയാളിയുടെ ഉള്ളിലും ഭയപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളുണ്ട്. ഈ നോവലിന്റെ പശ്ചാത്തലം പലരുടേയും അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. അതുകൊണ്ട് തന്നെ വായനക്കാര്‍ക്ക് ഭീകരമായ ഓര്‍മ്മയിലേയ്ക്കുള്ള മടക്കയാത്രയും കൂടിയാണിത്.

'ജെന്നിഫര്‍ ജില്‍ ഷാവിര്‍സെര്‍' എന്ന വിദേശത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ശിഷ്യനെന്ന നിലയില്‍ മേഹുല്‍ കരുത്തനാണ്. വിദേശത്തെ വന്‍കിട തൊഴില്‍ മേഖലയിലെ ശമ്പളവും ജോലിയുമെല്ലാം ഉപേക്ഷിച്ച് സ്വന്തം നാടിനുവേണ്ടി, ഏറ്റവും സത്യസന്ധമായ, ജനാധിപത്യപരമായ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന മോഹത്താല്‍ കേരളത്തിലെത്തിയ മേഹുലിന്, ആദ്യത്തെ കാല്‍വെയ്പുതന്നെ അതിസാഹസികമായ അനുഭവങ്ങളോടൊപ്പമായിരുന്നു. താല്ക്കാലികമായി പൊതുസമൂഹത്തെ ഹരം കൊള്ളിയ്ക്കുന്ന നിമിഷങ്ങള്‍ പകര്‍ത്തുകയെന്നതിനേക്കാള്‍ സാമൂഹിക-സാംസ്‌കാരിക അപചയങ്ങളെ തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ ധര്‍മ്മത്തിലേക്കാണ് നോവലിസ്റ്റ് ശ്രദ്ധയൂന്നുന്നത്. മുക്കാല്‍ഭാഗവും മുങ്ങിപ്പോയ തേമ്പിച്ചേരി ഗ്രാമത്തില്‍ റോഡ് ഗാര്‍ഡനിലെ രണ്ടാംനിലയില്‍ ഒറ്റപ്പെട്ടുപോയ റിഥിനാഥ് എന്ന ഡോക്ടറായ യുവതിയും അവളുടെ മരണാസന്നയായ മുത്തശ്ശിയുടെയും അതിസാഹസികമായ പ്രളയദിനങ്ങള്‍ വായനക്കാരെ ആകാംക്ഷയിലാഴ്ത്തും. റിഥിയോട് പ്രണയത്തിലായിപ്പോകുന്ന മേഹുല്‍ എന്ന ചെറുപ്പക്കാരനും, തൊഴിലും ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നതിലെ ആശയക്കുഴപ്പങ്ങളും നോവലിന്റെ മറ്റൊരു വശമാണ്. 

book cover
പുസ്തകം വാങ്ങാം

അതിവൈകാരികമായൊരു പ്രണയപശ്ചാത്തലം ഈ നോവല്‍ മുന്നോട്ട് വയ്ക്കുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ഉദ്യോഗജനകമായ ജീവിതഘട്ടങ്ങളില്‍ വ്യക്തിജീവിതത്തിന്റെ മൃദുലഭാവങ്ങളെ ഏച്ചുകെട്ടലില്ലാതെ ഇണക്കിച്ചേര്‍ക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. വായനക്കാരന്റെ ഉദ്വേഗള്‍ക്കപ്പുറം മേഹുലിന്റെയും റിഥിയുടെയും ജീവിതം അവരുടെതന്നെ ചില ചോദ്യങ്ങളിലുടക്കി നില്ക്കുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലെ സത്യവും നീതിയുമെല്ലാം വലിയ ചര്‍ച്ചകളാകുന്ന കാലത്ത് 'മേഹുല്‍' പാരായണക്ഷമമായ ചിന്തനീയമായ നോവല്‍തന്നെ. സന്തോഷ് ആവത്താന്റെ ലളിതമായ രചനാശൈലിയും ഒതുക്കവും നോവലിന് കൂടുതല്‍ മിഴിവുണ്ടാക്കുന്നു.

Content Highlights : praseetha manoj reviews the novel mehul by santhosh avathan