book coverരസ്പരബന്ധമില്ലാത്ത ഒരു പക്ഷിയും മൃഗവുമാണ് കഴുകനും ആനയും. അവയെ തമ്മില്‍ ബന്ധപ്പടുത്തുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും കണ്‍സര്‍വേഷനിസ്റ്റുമായ ബൈജു എച്ച്  തന്റെ പുസ്തകങ്ങള്‍ക്ക് ഇവയെ വിഷയമാക്കി എന്നതിനാലാണ്.

കര്‍ണാടക സംസ്ഥാനത്തെ മൊയാര്‍ താഴ്‌വര കഴുകന്മാരുടെ വലിയ ഒരു ആവാസകേന്ദ്രമാണ്. 'വാലി ഓഫ് ഹോപ്: മൊയാര്‍ ആന്റ് വള്‍ച്ചേഴ്‌സ് 'എന്ന പുസ്തകം ബൈജു പ്രസിദ്ധീകരിച്ചത് 2020 മെയ് മാസത്തിലാണ്. ലോക്ക്ഡൗണ്‍ കാലം.

മൊയാര്‍ താഴ്‌വാരത്തിലെ ജൈവ വൈവിദ്ധ്യത്തെ നിലനിറുത്തുന്നതില്‍ കഴുകന്മാര്‍ക്കുള്ള പങ്ക് എടുത്തുകാണിക്കുന്ന ഈ പുസ്തകം സാമ്പ്രദായികമായ രീതിയില്‍ എഴുതപ്പെട്ടതല്ല. പ്രാഥമികമായി, അത്, വന്യപ്രകൃതിയുമായി ഗാഢാനുരാഗത്തിലുള്ള ഒരു സഞ്ചാരിയുടെ കുറിപ്പുകളാണ്. 

ബൈജുവിന്റെ പുതിയ പുസ്തകം ജനവരി 1ന് കേരള സാഹിത്യ അക്കാദമിയില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. ആനയാണ് ഈ പുസ്തകത്തിന്റെ വിഷയം. മാട്രിയാര്‍ക്ക്: ഓട്ടോബയോഗ്രഫി ഓഫ് എന്‍ എലഫെന്റ് എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം.

ആനകളെക്കുറിച്ച് നിരവധി പഠനങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിട്ടുണ്ട്. അവയില്‍ പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ആനക്കൂട്ടത്തിലെ പെണ്ണാണ് ഈ പുസ്തകത്തിന്റെ ശ്രദ്ധാകേന്ദ്രം. ആനകള്‍ മാതൃകേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന മൃഗങ്ങളാണ് എന്നതിനാല്‍ ഒരു പിടിയാനയുടെ ആത്മകഥയായി ഈ പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നു.

വന്യമൃഗങ്ങള്‍ റോഡുകളില്‍ കൊല്ലപ്പെടുന്നതിനെതിരേ ദേശീയതലത്തില്‍ നടന്ന പാത്ത് എന്ന ചുരുക്കപ്പേരിലുള്ള പ്രൊവൈഡ് ആനിമല്‍സ് സേഫ് ട്രാന്‍സിറ്റ് ഓണ്‍ ഹൈവേസ് എന്ന ബോധവത്കരണപരിപാടി ആസൂത്രണം ചെയ്യുകയും അതിന്റെ കോഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത ബൈജു 43 ദിവസംകൊണ്ട് 23,000 കിലോമീറ്റര്‍ സഞ്ചരിക്കുകയും സ്‌കൂളുകളിലും കോളേജുകളിലും പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. തന്റെ പഠനവും യാത്രകളും സന്നദ്ധപ്രവര്‍ത്തനങ്ങളും പ്രചാരണപരിപാടികളും നല്കിയ അനുഭവസമ്പത്തിന്റെ സഫലമായ ആവിഷ്‌കാരങ്ങളാണ് ബൈജുവിന്റെ എഴുത്തുകള്‍ ഓരോന്നും.

പ്രസാധനം: നെയ്തല്‍ പതിപ്പകം, തലശ്ശേരി, കണ്‍സെര്‍വെറയുടെ സഹകരണത്തോടെ.

 

Content Highlights: Matriarch, autobiography of an elephant